Menu Close

2024 ല്‍ ആലങ്ങാടന്‍ ശര്‍ക്കര വിപണിയിലെത്തും

ആലങ്ങാടൻ ശർക്കര നിർമ്മാണ പ്രോജക്ടിന്റെ ഭാഗമായിയുള്ള യുണിറ്റിന്റെ ശിലാസ്ഥാപനം ബാങ്ക് പ്രസിഡന്റ്‌ സി എസ് ദിലീപ്കുമാർ നിർവഹിക്കുന്നു

എറണാകുളം ജില്ലയിലെ ആലങ്ങാടിന്റെ മണ്ണില്‍ കരിമ്പ്കൃഷി തുടങ്ങിയതോടെ ആലങ്ങാടൻ ശർക്കരയും പുനര്‍ജ്ജനിക്കുകയാണ്. കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെയും ‘കൃഷിക്കൊപ്പം കളമശ്ശേരി’ പദ്ധതിയുടെയും ഭാഗമായാണ് ആലങ്ങാട്ടെ കരിമ്പുകൃഷി വീണ്ടും കരുത്താർജ്ജിക്കുന്നത്.
ആലങ്ങാടിന്റെ പെരുമ ഉണർത്താന്‍ മുന്‍കൈയെടുക്കുന്നത് ആലങ്ങാട് സഹകരണ ബാങ്കാണ്. അവരുടെ ശർക്കര നിർമ്മാണ യുണിറ്റിന്റെ ശിലാസ്ഥാപനം കഴിഞ്ഞദിവസം ബാങ്ക് പ്രസിഡന്റ്‌ സി എസ് ദിലീപ്കുമാർ നിർവഹിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണബാങ്കുകൾക്ക് ലഭിക്കുന്ന ഫണ്ട് വിനിയോഗിച്ചാണ് ശർക്കരനിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാക്കുന്നത്. അടുത്ത വര്‍ഷത്തോടെ ആലങ്ങാടൻ ശർക്കര വിപണിയിൽ സജീവമാകുമെന്നാണ് കണക്കുകൂട്ടല്‍.
ഒരു കാലത്ത് കരിമ്പുകൃഷിക്ക് ഏറെ പേരുകേട്ട ഒരു സ്ഥലമായിരുന്നു ആലങ്ങാട്. അവിടുത്തെ പരമ്പരാഗത കാർഷികവിളയാണ് കരിമ്പ്. വീട്ടുമുറ്റങ്ങളിൽ ഐശ്വര്യത്തിനായി നടാറുള്ളത് കരിമ്പായിരുന്നു. ആലങ്ങാട് എന്ന പേരു പോലും ആലം എന്ന വാക്കിൽ നിന്നുണ്ടായതാണ്. ആലം എന്നാൽ ആലകളിലുണ്ടാക്കുന്ന ശർക്കരയാണ്. അത്തരം ധാരാളം ആലകള്‍ ഇവിടെയുണ്ടായിരുന്നു. ആലങ്ങാടിലെ കരിമ്പുപാടങ്ങളിൽ നിന്ന് കളിമണ്ണ് ഘനനം ചെയ്ത് ഇഷ്ടികനിർമ്മാണത്തിനായി എടുത്തു മാറ്റാന്‍ തുടങ്ങിയതോടെ ഹരിതശോഭയാർന്ന കരിമ്പുപാടങ്ങൾ നാശോന്മുഖമായി മാറി. ആലങ്ങാട് ശർക്കര ഉൽപ്പാദിപ്പിച്ചിരുന്ന ആലകൾ അടച്ചു പൂട്ടപ്പെട്ടു. ഇന്ന് കരിമ്പുകൃഷി ചെയ്യുവാൻ പോലും കഴിയാത്ത രീതിയിൽ കൃഷിയിടങ്ങൾ മാറിക്കഴിഞ്ഞു. കരിമ്പു കൃഷിയുടെ വീണ്ടെടുപ്പ് എന്ന ലക്ഷ്യത്തോടെ കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് 20 ഏക്കർ സ്ഥലത്ത് പുതുതായി കരിമ്പ് കൃഷിയാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആലങ്ങാടൻ ശർക്കര കേരളത്തിൽ അറിയപ്പെടുന്ന ഒരു കാർഷികോൽപ്പന്നമായിരുന്നു. ആലങ്ങാടിലെ വീടുകളുടെ പിന്നാമ്പുറങ്ങൾ പരിശോധിച്ചാൽ ശർക്കര ഉൽപ്പാദിപ്പിച്ചിരുന്ന ചക്കുകളും പഴയ വെങ്കലപ്പാത്രങ്ങളുമൊക്കെ കാണുവാൻ കഴിയും.
ശബരിമലയിലെ പ്രസാദമായ അരവണ നിർമ്മാണത്തിനും ചരിത്രപ്രസിദ്ധമായ ആറൻമുള വള്ളസദ്യക്കും ആലങ്ങാടൻ ശർക്കര ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. ആറൻമുള വള്ളസദ്യക്കായി ആലങ്ങാടിൽ നിന്ന് ചെറുവഞ്ചികളിൽ ശർക്കര കൊണ്ടുപോകുന്ന ആഘോഷപരിപാടികള്‍ നടന്നിരുന്നതായി പഴയകാല കർഷകര്‍ പറയാറുണ്ട്. ആലങ്ങാടൻ ശർക്കര ചരിത്ര പ്രാധാന്യമുള്ള ഭൗമസൂചകമായ ഒരു കാർഷികോൽപ്പന്നമാകാന്‍ സാധ്യതയേറെയാണ്. ആലങ്ങാട് ശർക്കര വിപണിയിലെത്തുന്നതോടെ ഭൗമ സൂചികാ പദവി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.
തിരുവല്ല കരിമ്പു ഗവേഷണകേന്ദ്രത്തിലെ കൃഷിവിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരമാണ് ബാങ്ക് കരിമ്പ് കൃഷിയുമായി മുന്നോട്ടുപോകുന്നത്. കരിമ്പുകൃഷിയെക്കുറിച്ച് കൂടുതൽ അറിയുവാനായി തമിഴ്നാട്ടിലെ കോയമ്പത്തൂരുള്ള കരിമ്പ് ഗവേഷണകേന്ദ്രം സന്ദർശിക്കുവാനായി കർഷകരും ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പോയിരുന്നു. കോയമ്പത്തൂരിലെ കരിമ്പുകൃഷി നേരിൽക്കണ്ടുപഠിച്ചാണ് കൃഷി തുടങ്ങിയത്.
ആലങ്ങാട്ടെ നീറിക്കോട്, കൊങ്ങോർപ്പിള്ളി, തിരുവാലൂർ എന്നിവിടങ്ങളിൽ നിലവിൽ ആറ് ഏക്കറിലാണ് കരിമ്പുകൃഷി ചെയ്യുന്നത്. കൊടുവഴങ്ങയിൽ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, ആലങ്ങാട് സഹകരണ ബാങ്ക്, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര, കൃഷി വകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്.