പുരാതന ഭാരത സംസ്കാരത്തിന്റെ ഏടുകളില്‍ പഴമ കൊണ്ടും, പെരുമ കൊണ്ടും, സംസ്കാരിക തനിമ കൊണ്ടും, അനുഷ്ഠാനരീതി കൊണ്ടും ആദിദ്രാവിഡ ആഘോഷങ്ങളില്‍ എക്കാലവും മികച്ചു നില്ക്കുന്ന കാര്‍ഷിക സംസ്കൃതിയുടെ മഹോത്സവമാണ് “വിഷു”. മണ്ണും മനുഷ്യനും പ്രകൃതിയും ഇതര ജീവജാലങ്ങളും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ അടയാളപ്പെടുത്തലുകൂടിയാണ് വിഷു.”വിഷു” എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാകുന്നത്. [രാവും പകലും തുല്യമായത് എന്ന് അര്‍ത്ഥമാകുന്നു]. ഞായര്‍ എന്ന് പറഞ്ഞാല്‍ ‘സൂര്യന്’ എന്നും ‘വേള’ എന്ന് പറഞ്ഞാല്‍ സമയം എന്നുമാണ്. സൂര്യന്റെ വേളയില്‍ നിന്ന് ‘ഞാറ്റുവേളയും’ ക്രമേണ ലോപിച്ച് ‘ഞാറ്റുവേല’ എന്നുമായിത്തീർന്നു. ശാസ്ത്രപുരോഗതി കൈവരിക്കുന്നതിന് മുൻപ് തന്നെ കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള കൃഷി രീതികൾ അവലംബിച്ചു പോന്നിരുന്നു നമ്മുടെ കര്‍ഷകര്‍. നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാറ്റുവേല കലണ്ടര്‍ തയ്യാറാക്കിയിരുന്നത്. “സൂര്യന്ഒരു നക്ഷത്രത്തില്‍ നിന്നും അടുത്ത നക്ഷത്രത്തിലേയ്ക്ക് കടക്കുവാന്‍ എടുക്കുന്ന സമയമാണ് ഞാറ്റുവേല”. ഒരു ഞാറ്റുവേല എന്നത് 13.5 ദിവസമാകുന്നു.”അശ്വതി ഞാറ്റുവേല സമയത്ത് വിതച്ച -വിത്തും ഭരണിയിലെ മാമ്പഴവും അഴുകില്ല”എന്ന പഴഞ്ചൊല്ല് വളരെ പ്രസിദ്ധമാണ്.അശ്വതി ഞാറ്റുവേലയാണ് കൃഷിയുടെ തുടക്കമായ ഞാറ്റുവേല .ആദ്യ ഞാറ്റുവേല അശ്വതിയും, അവസാനഞാറ്റുവേല രേവതിയും, ഞാറ്റുവേലകളുടെ രാജാവായി തിരുവാതിര ഞാറ്റുവേലയും(കുരുമുളക് കൃഷി തുടങ്ങുന്നതിനു പ്രസിദ്ധം )അറിയപ്പെടുന്നു. അശ്വതി ഞാറ്റുവേല എന്നത് മലയാള മാസം മേടം – 1 വിഷുവായി കണക്കാക്കുന്നു.ഫലമൂലാദികളും പച്ചക്കറികളും വിളവെടുക്കുന്ന വിഷു ഓണത്തോളം പ്രാധാന്യമുള്ള ഒരാഘോഷം കൂടിയാണ്. കേവലം ഒരു ആഘോഷം എന്നതിലുപരി കാര്‍ഷിക സംസ്കൃതിയുടെ മഹോത്സവം കൂടിയാണ്.ഭാരതത്തിലുടനീളം കാര്‍ഷിക പുതുവര്‍ഷ പിറവി വിവിധ പേരുകളില്‍ ആഘോഷിക്കുന്നു. ബീഹാറില്‍ ബൈഹാഗ്, ഒറിസ്സയില്‍ വിഷ്ണു സംക്രാന്തി, പഞ്ചാബില്‍ ബൈസാഖി, ആസാമില്‍ ബിഹു, തമിഴ്നാട്ടില്‍ പുത്താണ്ടം , കര്‍ണ്ണാടക – ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഉഗാദി/യുഗ – ആദി എന്നീ പേരുകളില്‍ വിഷു മഹോത്സവം അറിയപ്പെടുന്നു. വിഷു മഹോത്സവത്തിന്റെ പ്രധാന ആചാരങ്ങളായിരുന്നു കൃഷിഭൂമി പൂജ, കൃഷി ആയുധ പൂജ, ഗോ പൂജ, ചക്ക മുറിക്കല്‍, കൈ കോട്ടു ചാലിടിൽ, ചാലിടിൽ , പത്താമുദയം മുതലായവ.
ഫലമൂലാധികളുടെയും പച്ചക്കറികളുടെയും വിളവെടുപ്പിന്റെ ഉത്സവമായ വിഷു മണ്ണും മനുഷ്യനും തമ്മിലുള്ള നാടി നാഭി ബന്ധത്തിന്റെ മഹത്വമാണ് തെളിയിക്കുന്നത്.കൃഷിയും വിളവെടുപ്പും കാർഷിക പെരുമയും സംസ്കാരവും പ്രകൃതിയെയും, പ്രകൃതി വിഭവങ്ങളേയും അടുത്തറിഞ്ഞു പ്രകൃതിയോടൊപ്പം ഇഴുകി ചേർന്ന് കാർഷിക സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന സമ്പൽ-സമൃദ്ധിയുടെയും സ്നേഹത്തിന്റെയും മഹോത്സവമായ “വിഷു” കാലങ്ങളോളം നന്മയും, ഐശ്വര്യവും ഈ ഭൂമിയിലും, മണ്ണിലും ജനഹൃദയങ്ങളിലും പ്രധാനം ചെയ്യട്ടെയെന്നു ആശംസിക്കുന്നു..
എല്ലാവർക്കുംഎന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ……
വിജീഷ് വിശ്വംഭരൻ (AGRI EXPERT, ABTEC BIOSCIENCES)