കളിയായി പറഞ്ഞുപോകാവുന്ന പേരല്ല കളകള്‍ (weeds) എന്നത്. ഭൂമധ്യരേഖയോടുചേര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയിൽ (Tropical Climate) കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇവയുടെ ശല്യം. അധ്വാനവും കൃഷിച്ചെലവും കൂട്ടുന്ന ഏടാകൂടമാണ് കളനിയന്ത്രണം.
കൃഷിയിലും പരിസ്ഥിതിയിലും കളകളുണ്ടാക്കുന്ന ഗുണ-ദോഷങ്ങൾ എന്തൊക്കെയാണെന്നുനോക്കാം.
കള എന്ന ഊള
ഒരുതരത്തില്‍ നോക്കിയാല്‍ കീട-രോഗങ്ങളെക്കാൾ കൃഷിയിൽ കർഷകന് ശല്യമാകുന്നത് കളകളാണെന്ന് പറയാം. കളകൾ വളം വലിച്ചെടുത്ത് ചെടികളുടെ വളർച്ചയെ മുരടിപ്പിക്കുന്നതിലൂടെ 20-25 ശതമാനം വിളനഷ്ടമുണ്ടാകുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. നെൽകൃഷിയിൽ ആദ്യത്തെ 42 ദിവസം കള നിയന്ത്രിക്കാന്‍ കഴിഞ്ഞാൽ രക്ഷപ്പെട്ടെന്നുപറയാം. അതിനുശേഷം കളകളെ കാര്യമായി വളരാൻ നെല്ല് സമ്മതിക്കില്ല.
എവിടെയൊക്കെ വെയിലും വെള്ളവും വളവുമുണ്ടോ അവിടെയൊക്കെ ചെടികൾ താനേ വളർന്നുവരും. അതാണ് പ്രകൃതിനിയമം. കാരണം, മണ്ണിന്റെ കവചമായാണ് ചെടികൾ വളരുന്നത്. അല്ലെങ്കില്‍ മണ്ണിലേക്കു വെയിൽ നേരിട്ടുപതിക്കുകയും അതുമൂലം ജലാംശം നഷ്ടപെട്ട് മണ്ണിലെ സൂക്ഷ്മജീവികൾ മരിക്കുകയും ചെയ്യും. പ്രകൃതിയായ അമ്മ അതാഗ്രഹിക്കുന്നില്ല.
കൃഷിക്കളം ഒരു യുദ്ധക്കളമാണ്. അവിടെ കയ്യൂക്കുള്ളവനാണ് കാര്യക്കാരൻ. ഒന്നുകിൽ കള അല്ലെങ്കിൽ വിള. പ്രകൃതിക്ക് രണ്ടായാലും ഒരുപോലെയാണ്. പക്ഷേ, നമുക്ക് അങ്ങനെയല്ല. വിള ജയിച്ചേ മതിയാകൂ.
എന്താണ് കളകള്‍?
Weeds are unwanted, persistent, harmful plants that impede the growth of other crop plants and negatively impact human activities, agricultural production and the national economy.
അതായാത്, അസ്ഥാനത്ത് വളരുന്ന ഏതു ചെടിയും കളയായി കണക്കാക്കാം. അവ പറിച്ചു മറ്റേണ്ടതാണ്. ഉദാഹരണത്തിന്, വീട്ടിലെ ചെടിച്ചട്ടിയിൽ വളർത്തുന്ന കയ്യുന്നി ഒരു ഔഷധച്ചെടിയാണ്. പക്ഷെ നെൽപ്പാടത്ത് അതു വെറും കള മാത്രമാണ്. പാമ്പിനെ സർപ്പക്കാവില്ക്കണ്ടാൽ ആൾക്കാർ വണങ്ങും. പക്ഷെ അതേ പാമ്പിനെ വഴിയിൽ കണ്ടാൽ തല്ലിക്കൊന്നെന്നിരിക്കും. അതാണ് വ്യത്യാസം. ഇരിക്കേണ്ടിടത്തിരുന്നാൽ വിള. വേണ്ടാത്തിടത്ത് കണ്ടാല്‍ കള. കൃഷിയാണ്. നമ്മുടെ അന്നമാണ്. അതാണു കാര്യം.
വിളകളുമായി താരതമ്യംചെയ്യുമ്പോൾ കളകൾക്ക് ഒരുപാട് അതിജീവനശേഷി (survival ability /adaptations ) യുണ്ട്. മുളശേഷി നഷ്ടമാകാതെ ദീർഘനാൾ മണ്ണിനടിയിൽ കിടക്കാൻ അവയുടെ വിത്തുകൾക്കുകഴിയും. വെള്ളക്കെട്ടിനേയും വരൾച്ചയെയും ചെറുക്കാനുള്ള മിടുക്കും അവയ്ക്കു കൂടും. കളകൾക്ക് കീടബാധയും രോഗബാധയും വളരെ കുറവാണ്. മാത്രമല്ല അപകടകാരികളായ കീടങ്ങളുടെയും രോഗകാരികളുടെയും വാഹകരായും (Carrier) അവ വർത്തിക്കും. (Alternate and Collateral host plants). കളകളുടെ വേരുപടലം സുശക്തമായതിനാൽ കൂടുതൽ വെള്ളവും വളവും വലിച്ചെടുത്ത് വിളയെക്കാൾ മുൻപേ അവ മണ്ണിൽ നിലയുറപ്പിക്കും.
ആയിരക്കണക്കിനു വിത്തുകൾ ഉൽപ്പാദിപ്പിക്കാൻ കളകള്‍ക്കു കഴിയും. അവ കാറ്റിലൂടെയും വെള്ളത്തിലൂടെയും മാത്രമല്ല ചാണകം പോലുള്ള ജൈവ വളങ്ങളിലൂടെയും കൃഷിയിടങ്ങളിൽ എത്തും.വേരിന്റെയോ തണ്ടിന്റെയോ ഒരല്പഭാഗം മണ്ണിൽ കിടന്നാൽത്തന്നെ അതിൽനിന്നു വളർന്നുകയറാനുള്ള കഴിവ് കളകള്ക്കുണ്ട്. എങ്ങനെ നോക്കിയാലും കളയാണ് പ്രബലന്‍. ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തുമെന്നാണല്ലോ.
വിദേശിക്കളകളുടെ ക്രൂരത
കഴകം മൂത്ത് ശാന്തിക്കാരനായി എന്നുപറയുമ്പോലെയാണ് കുറേ കളസസ്യങ്ങളുടെ കഥ. ഗവേഷണാവശ്യങ്ങൾക്കോ അലങ്കാരത്തിനോ ഒക്കെയായി മറ്റൊരു പ്രദേശത്തേയ്ക്ക് കൊണ്ടുവന്ന ചില ചെടികൾ പിന്നീട് അധിനിവേശ സ്വഭാവം (Invasive nature) കാണിച്ചു തുടങ്ങുകയും സ്വാഭാവിക ആവാസവ്യവസ്ഥകളെ വെല്ലുവിളിക്കുകയും ചെയ്ത ചരിത്രവുമുണ്ട്. അവയെ 'ആക്രാമക/അധിനിവേശ സസ്യങ്ങൾ' (Invasive Species ) എന്നാണ് വിളിക്കുക.
ആഫ്രിക്കൻ പായൽ, കുളവാഴ, നാഗപ്പോള, പാർത്തീനിയം, ലന്റാന, വെഡീലിയ (കമ്മൽച്ചെടി), ധൃതരാഷ്ട്രപ്പച്ച (Mikana micrantha), കാട്ടുകൊന്ന (Senna spectabilis) തുടങ്ങി ഒരുപിടി ഉദാഹരണങ്ങൾ നമ്മുടെ മണ്ണിനും പറയാനുണ്ട്.
ഏത് വിധേനെയും തഴച്ചു വളരാൻ പ്രകൃതി കയറൂരി വീട്ടിരിക്കുന്ന അധിനിവേശ സസ്യങ്ങൾ.
തണ്ടിന്റെ ഒരു കഷ്ണം മണ്ണിൽ കിടന്നാൽ മതി, അതിൽപിടിച്ച് വളർന്നുപെരുകാന്‍ കഴിവുള്ളവയാണിവ. ധൃതരാഷ്ട്രപ്പച്ചയൊക്കെ ഒരു ദിവസം കൊണ്ടുമാത്രം 10 സെന്റി മീറ്റർ വരെ നീളം വയ്ക്കും. ഈ ഒരു ചെടിയുടെ വളർച്ചകൊണ്ടു മാത്രം നേപ്പാളിലെ ചിറ്റയ്ൻ നാഷണൽ പാർക്കിന്റെ ഏതാണ്ട് അഞ്ചിലൊന്ന് സ്ഥലത്തെ ജൈവവൈവിധ്യം ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു. ഒട്ടകത്തിന് കൂടാരത്തിൽ കാലുവയ്ക്കാൻ സ്ഥലം കൊടുത്തത് മൂലം ഉണ്ടായ പ്രശ്നം.
ഇതൊക്കെ മുന്നില്‍ക്കണ്ട് "കള പറിച്ചാൽ കളം നിറയും " "ഉഴവിൽ തന്നെ കള തീർക്കണം" എന്നൊക്കെ ഉപദേശിച്ച് കളകളെ മെരുക്കേണ്ടതെങ്ങയെന്ന് അപ്പൂപ്പന്മാര് പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്.
കളകളെ കണ്ടംവഴിയോടിക്കാന് എന്തുവേണം?
- നിലം /പുരയിടം നന്നായി കിളച്ചുമറിച്ച് കളകൾ ഇടഞ്ഞുമാറ്റി കത്തിച്ചു ചാരമാക്കാം. അല്ലെങ്കിൽ കമ്പോസ്റ്റാക്കി മാറ്റാം.
- ഇടയിളക്കൽ/ചിക്കൽ (Inter cultural operations) കൃത്യമായി ചെയ്യുന്നത് കളകളെ നിയന്ത്രിക്കും.
- ഇടവിളകൾ ചെയ്യുന്നതിലൂടെ കളകൾ കുറയും.
- കളകൾ പൂത്ത് വിത്തുകൾ പാകമാകുന്നതിനുമുമ്പുതന്നെ പറിച്ചുമാറ്റുന്നതാണ് ബുദ്ധിപരം. “പാഥസാം നിചയം വാർന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗമെന്തെടോ?” എന്നാണല്ലോ. വിത്തുകൾ മൂപ്പായിക്കഴിഞ്ഞതിനുശേഷം അവ പറിച്ചുകളഞ്ഞിട്ട് ഒരുകാര്യവുമില്ല. അപ്പോഴേക്കും അടുത്ത തലമുറയെ ജനിപ്പിക്കാനുള്ള വിത്തുകൾ മണ്ണിൽ വീണിരിക്കും.
- മണ്ണിൽ ജൈവവളങ്ങൾ ചേർത്ത് നന്നായിക്കൂട്ടികലർത്തി പ്രകാശംകടക്കുന്ന പോളിത്തീൻകവർ കൊണ്ട് രണ്ടാഴ്ച മൂടിയിടുന്ന രീതി ചെറുകിടക്കാർക്ക് പരീക്ഷിക്കാം. ഇതിനെ സൂര്യതാപീകരണം (Solarization )എന്നു പറയും.
- മിതമായ നന, അതും കഴിയുമെങ്കിൽ തുള്ളിനന രീതി അനുവർത്തിക്കണം. (സ്പ്രിംക്ലെർ നന കള വളർച്ച കൂട്ടുകയേ ഉള്ളൂ.)
- പുതയിടുന്നത് കളവളർച്ച തടയും. പ്രത്യേകിച്ചും പ്ലാസ്റ്റിക് പുതയിടീൽ. അത് മണ്ണിലെ ജലാംശം നഷ്ടമാകുന്നതും മണ്ണ് തറഞ്ഞുപോകുന്നതും (Soil Compaction) തടയും. പ്ലാസ്റ്റിക്കിനോട് അതൃപ്തി ഉണ്ടെങ്കിൽ വൈക്കോൽ, കരിയിലകൾ, പാഴ്പേപ്പർ എന്നിവ ഉപയോഗിച്ചും പുതയിടാവുന്നതാണ്.
- കളവെട്ടുയന്ത്രം (Brush cutter) ഉപയോഗിച്ച് ഇടയ്ക്കിടെ കളകൾവെട്ടി മണ്ണിലേക്കു ചേർത്തുകൊടുക്കുന്നത് നല്ലതാണ്. (പക്ഷെ ഇരട്ടി വീര്യത്തോടെ അവ തിരിച്ച് വരും ).
- അത്യാവശ്യഘട്ടങ്ങളിൽ സുരക്ഷിതമായ കളനാശിനികൾ നിയന്ത്രിതയളവിൽ ശരിയായ സ്പ്രേയറും നോസിലും ഉപയോഗിച്ച് തളിച്ചുകൊടുക്കാം. (കൂലിച്ചെലവ് കുറയ്ക്കണം എന്നുണ്ടെങ്കിൽ മാത്രം. ) എന്നിരുന്നാലും കുറച്ചുകഴിയുമ്പോൾ കളകൾ വളർന്നുവരും. “വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, പൂക്കാതിരിക്കാൻ എനിയ്ക്കാവതില്ലേ” എന്നു പറയുമ്പോലെ.
ഇത്രയും കളകളുടെ ഒരുവശം.
ഇനി മറുവശം നോക്കാം. ആ വശത്തുനിന്നുനോക്കിയാല് കള നല്ലതാണ്. കളയേ, കരളിന്റെ കരളേ… എന്നു വിളിക്കേണ്ടിവരും.
എങ്ങനെയൊക്കെയാണ് കള നല്ലതാകുന്നത്?
- കളകൾ മണ്ണൊലിപ്പ് തടയുന്നു.
- കൃഷിയില്ലാത്ത സമയത്ത് മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ അതിലെ സൂക്ഷ്മജീവികളെ (Plant Growth Promoting Rhizobacteria & Fungi ) സംരക്ഷിക്കുന്നത് കളകളാണ്.
- കളകളുടെ വേരുപടലങ്ങളില്‍ സൂഷ്മജീവികളെ (Rhizosphere Micro-organisms) കാക്കുന്നു.
- മണ്ണിലെ പല പാളികളിലും അലേയ (Insoluble/ Fixed) മായിക്കിടക്കുന്ന വിലപിടിപ്പുള്ള മൂലകങ്ങളെ, കളകളുടെ വേരുകള്‍ പോയി മൂലകഖനനം (Nutrient mining) ചെയ്തു തപ്പിയെടുത്ത് തങ്ങളുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അവ ജീർണിക്കുമ്പോൾ മണ്ണിലേക്കു മൂലകങ്ങള്‍ തിരികെയെത്തുന്നതിലൂടെ മൂലകചംക്രമണം (Nutrient recycling) നടക്കാന്‍ സഹായിക്കുന്നു.
- ജൈവപിണ്ഡ(Bio mass)ഉല്പാദനത്തിനും മറ്റും കളകൾ ഉപയോഗിക്കുന്നു. അത് മണ്ണിലെ ജൈവകാർബണിന്റെ (Soil Organic Carbon) ന്റെ അളവ് കൂട്ടുന്നു.
- പല കളകളും നല്ല ഔഷധങ്ങളോ ആഹാരമായി ഉപയോഗിക്കാവുന്നയോ ആണ്.
ഉദാഹരണം: കല്ലുരുക്കി, കീഴാർനെല്ലി, കയ്യുന്നി, തഴുതാമ, കുടങ്ങൽ മുതലായവ - ചില കളകൾ നല്ല അലങ്കാരച്ചെടികളായി ഉപയോഗിക്കാം.
ഉദാഹരണം: Lantana, Antigonon, Alternanthera etc. - പല കളകളും തേനീച്ചകൾക്ക് നല്ല പൂന്തേൻ നൽകുന്നവയാണ്.
ഉദാഹരണം: ആന്റിഗോണൊൻ, ക്വിസ്കാലിസ് (കിഴുക്കുത്തി മുല്ല ) മുതലായവ. - ചിലന്തികൾ, കടന്നലുകൾ, ലേഡിബേഡ് വണ്ടുകൾ തുടങ്ങി പല മിത്രകീടങ്ങളും അധിവസിക്കുന്നത് കളകളിലാണ്. സ്വാഭാവിക കീടനിയന്ത്രണത്തെ ഇതു സഹായിക്കുന്നു.
അതായത് കളകള്‍ നമ്മെ ഒരേസമയം ദ്രോഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. ഒഴിവാക്കാനുമാവില്ല, കൊണ്ടുനടക്കാനും പറ്റില്ല. 'അത്യാവശ്യമായ തിന്മ' (Necessary evil) എന്നൊക്കെവിളിക്കാം. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ 'ഉപകാരിയായ ദുഷ്ടന്’. എന്നുവച്ച് കരുണ തോന്നിയാല്‍ അവ കരിച്ചുകളയുന്നത് നമ്മുടെ അന്നമാണ്. അതുകൊണ്ട് കഴിയുന്നത്രവേഗം തുരത്തുക. അത്രതന്നെ.