Menu Close

കണ്ണൂരിലെ മാപ്പിളബേയില്‍ ഇനി വനാമിക്കുഞ്ഞുങ്ങള്‍ പിറക്കും

മത്സ്യകർഷകർക്ക് ഉന്നത നിലവാരത്തിലുള്ള ചെമ്മീൻ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 1990ൽ മത്സ്യഫെഡ് കണ്ണൂരിൽ ആരംഭിച്ച മാപ്പിളബേ ചെമ്മീൻ വിത്തുല്പാദന കേന്ദ്രം നവീകരിച്ച് വനാമി ചെമ്മീൻ വിത്തുകളുടെ ഉത്പാദനം ആരംഭിച്ചു. കേരളത്തിലെ സർക്കാർമേഖലയിലെ ആദ്യത്തെ വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രമാണിത്. ഇതിനായുള്ള നവീകരണപ്രവൃത്തികൾ പൂർത്തീകരിക്കുകയും സെപ്റ്റംബറിൽ വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രമായി മാറ്റി ചെന്നൈയിലുള്ള കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

       കേരളത്തിലെ ചെമ്മീൻകർഷകർ വനാമി ചെമ്മീൻകൃഷിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ ഗുണനിലവാരമുള്ള വനാമി ചെമ്മീൻവിത്തുകൾ കർഷകർക്ക് മിതമായ നിരക്കിൽ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മാപ്പിളബേ യിൽ വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. പി.സി.ആർ ടെസ്റ്റുകൾ കഴിഞ്ഞതും രോഗാണുവിമുക്തമായതും ഗുണനിലവാരമുള്ളതുമായ ചെമ്മീൻ വിത്തുകൾ ഡിസംബർ ഏഴോടെ വിൽപ്പനയ്ക്ക് തയ്യാറാകും. ആവശ്യമുള്ളവർ മാനേജർ, മത്സ്യഫെഡ് വനാമി ചെമ്മീൻ വിത്തുല്പാദന കേന്ദ്രം, ഫിഷറീസ് കോപ്ലക്സ്, മാപ്പിള ബേ, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോൺ: 9526041127, 9567250558

ലാഭകരമെന്നു കണ്ടതോടെ അടുത്തിടെ കേരളത്തില്‍ വ്യാപകമായതാണ് വനാമി ചെമ്മീന്‍കൃഷി. വെള്ളക്കാലൻകൊഞ്ച് (Pacific whiteleg shrimp) എന്നു പേരായ വനാമിയുടെ ശാസ്ത്രീയനാമം ലിറ്റോപിനയസ് വനാമി (Litopenaeus vannamei) എന്നാണ്. വളര്‍ന്ന വനാമിക്ക് കിലോയ്ക്ക് 400 രൂപയോളം കര്‍ഷകര്‍ക്കു കിട്ടുന്നുണ്ട്.