Menu Close

മഞ്ഞള്‍ നടാം

മഞ്ഞള്‍ നടാനായി നിലമൊരുക്കേണ്ടത് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ്. ഒന്നോ രണ്ടോ നല്ല മഴ ലഭിച്ചശേഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മഞ്ഞള്‍ നടാം. അമ്ലത കൂടുതലുള്ള മണ്ണില്‍ കുമ്മായം അഥവാ ഡോളോമൈറ്റ് ഒരു ഹെക്ടറിന് 1000 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുവുന്നത് നല്ലതാണ്. 3×1.2 മീറ്റര്‍ അളവില്‍ 25 സെ.മീ പൊക്കത്തില്‍ 40 സെ.മീ അകലത്തില്‍ തയ്യാറാക്കിയിട്ടുള്ള വാരങ്ങളില്‍ 25×25 സെ.മീ അകലത്തില്‍ ചെറിയ കുഴികളെടുക്കുക. 25 ഗ്രാം വീതമുള്ള പ്രകന്ദങ്ങള്‍ മുകളിലേക്ക് മുളവരത്തക്കവിധം നടണം. മാതൃപ്രകന്ദങ്ങലും ലഘുപ്രകന്ദങ്ങളും ഏകമുകുള പ്രജനനരീതി വഴി പ്രോട്രേയില്‍ വളര്‍ത്തിയ തൈകളും നടാന്‍ ഉപയോഗിക്കാം.
നട്ടയുടന്‍തന്നെ പച്ചിലകൊണ്ട് നല്ലവണ്ണം പുതയിടണം. ഒരു ഹെക്ടറിന് 15 ടണ്‍ പച്ചില വേണ്ടി വരും. 50 ദിവസത്തിനുശേഷം വീണ്ടും, ഒരിക്കല്‍കൂടി 15 ടണ്‍ പച്ചിലകൊണ്ട് പുതയിടണം. നട്ടശേഷം 2, 4, 5 മാസങ്ങളില്‍ കളയെടുപ്പ് നടത്തണം. 2 മാസം കഴിഞ്ഞ് കളയെടുത്തതിനുശേഷം നിര്‍ബ്ബന്ധമായും മണ്ണ് കൂട്ടിക്കൊടുക്കേണ്ടതുണ്ട്. ഹെക്ടറൊന്നിന് 40 ടണ്‍ എന്ന തോതില്‍ കന്നുകാലിവളമോ കമ്പോസ്റ്റോ നിലമൊരുക്കുന്ന സമയത്ത് അടിവളമായി ചേര്‍ക്കണം. നട്ടതിനുശേഷം വിതറി കൊടുക്കുകയുമാവാം.