കേരളത്തിലെ പല കടല്‍ത്തീരങ്ങളിലും നാശനഷ്ടമുണ്ടാക്കുന്നതായി വാര്‍ത്തകളില്‍ കടന്നുവരുന്ന പേരാണ് കള്ളക്കടല്‍ പ്രതിഭാസം (Swell Surge). എന്താണിത്?
ശക്തിയായ കടലാക്രമണത്തിന് കാരണമായി മാറുന്നതാണ് ‘കള്ളക്കടല്‍’ പ്രതിഭാസം. അതെന്തെന്നറിയാന്‍ ആദ്യം തിരമാലകളെക്കുറിച്ചറിയണം. തീരപ്രദേശത്തു നാം സാധാരണയായി കാണുന്ന തിരമാലകളെല്ലാം കടലിലെ സമീപപ്രദേശങ്ങളിലുള്ള കാറ്റിന്റെ ഗതിവിഗതിക്കൾക്കനുസരിച്ചുണ്ടാകുന്നവയാണ്. കാറ്റിന്റെ വേഗത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾക്കനുസരിച്ച് ഈ തിരമാലകളുടെ ഉയരം കൂടുകയും കുറയുകയും ചെയ്യും. വർഷകാലത്തു ഉയർന്ന തിരമാലകൾ ഉണ്ടാകുന്നത് ഇങ്ങിനെയാണ്.
കള്ളക്കടലിലെ തിരമാലകളെ swells എന്നാണ് വിളിക്കുന്നത്. ഈ തിരമാലകൾ സമുദ്രത്തില്‍ ആയിരക്കണക്കിനു കിലോമീറ്ററുകൾക്കപ്പുറം വിദൂരത്തിലാണ് രൂപപ്പെടുന്നത്. ആഴ്ചകളും മാസങ്ങളും പിന്നിട്ട് തീരത്തെത്തി ഇതു വൻതിരകളുണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതാണ് കള്ളക്കടല്‍ എന്ന പ്രതിഭാസം. തരംഗദൈർഘ്യം വളരെക്കൂടുതലായതിനാൽ വളരെ വലിയ തിരമാലകളാണ് ശക്തിയോടെ തീരത്തെത്തുന്നത്. പലപ്പോഴും 300 മീ. മുതല്‍ 400 മീ. വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാം. വിദൂരങ്ങളിലെ സമുദ്രഭാഗത്ത് അതിശക്തമായി കൊടുങ്കാറ്റ് രൂപപ്പെടുമ്പോൾ/വീശുമ്പോൾ തിരമാലകൾക്കിടയിലുള്ള ദൂരം ദൈർഘ്യമേറിയതായിത്തീരുകയും തിരമാലകളെ നയിക്കുന്ന ഊർജ്ജം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് തിരമാലകളെ കൂടുതൽ ദൂരം മറികടക്കാൻ സഹായിക്കുന്നു.
മഴയോ കാറ്റോ ഒന്നുമില്ലാതെയാകും അപ്രതീക്ഷിതമായി തിരകൾ തീരത്ത് ഉയര്‍ന്നുപൊങ്ങുന്നത്. നിനച്ചിരിക്കാതെ തിരകളടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികള്‍ ഈ പ്രതിഭാസത്തെ കള്ളക്കടല്‍ എന്നുവിളിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നമ്മുടെ തീരദേശത്ത് കള്ളക്കടൽ പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തെ പ്രവചിക്കുവാനുള്ള ശേഷി ഇപ്പോള്‍ നമ്മുടെ ഗവേഷണസംവിധാനത്തിനുണ്ട്. കള്ളക്കടലിന്റെ പ്രഭാവം എത്രദിവസം നീണ്ടു നിൽക്കും പറയാനാകും.