Menu Close

ഈ കാലം മധുരക്കിഴങ്ങ് വയ്ക്കാന്‍ പറ്റിയത്

മധുരക്കിഴങ്ങ് നടാന്‍ പറ്റിയ കാലമാണിത്. വിരിപ്പിനുശേഷം ഒരു പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലും ഇതുനടാം. ശ്രീവര്‍ദ്ധിനി, ശ്രീനന്ദിനി, ശ്രീരത്ന, ശ്രീകനക എന്നിവ നല്ലയിനങ്ങളാണ്. തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങുവിളഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാല്‍ പുതിയ ഇനങ്ങളുടെ നടീല്‍വസ്തുക്കള്‍ കിട്ടും. നിലം ഉഴുതുനിരപ്പാക്കിയ ശേഷം രണ്ടടി അകലത്തില്‍, ഒരടി ഉയരത്തില്‍ വാരങ്ങള്‍ എടുക്കുക. ഈ വാരങ്ങളില്‍ 15 മുതല്‍ 20 സെ.മീ വരെ അകലത്തില്‍ വള്ളിത്തലപ്പുകള്‍ നടാം. അടിവളമായി ഏക്കറിന് നാല് ടണ്‍ കാലിവളവും 33 കി.ഗ്രാം യൂറിയയും 100 കി.ഗ്രാം മസ്സൂറിഫോസും 50 കി.ഗ്രാം മ്യൂറേറ്റ്ഓഫ് പൊട്ടാഷും ചേര്‍ക്കണം. നാലോ അഞ്ചോ ആഴ്ചകള്‍ക്കുശേഷം 33 കി.ഗ്രാം യൂറിയ മേല്‍വളമായി നല്‍കണം. മഴയെ ആശ്രയിച്ച് കൃഷിചെയ്യുമ്പോള്‍, മഴ തീരെ കുറവാണെങ്കില്‍ ആദ്യത്തെ പത്തുദിവസം രണ്ടുദിവസത്തിലൊരിക്കല്‍ നനച്ചു കൊടുക്കേണ്ടതാണ്.
തുരപ്പൻ, ചെല്ലി എന്നിവയാണ് മധുരക്കിഴങിന്റെ പ്രധാന ശത്രുക്കൾ. എലിക്കെണി ഉപയോഗിച്ചു തുരപ്പനെ തുരത്താം. ചെല്ലി കായ്കളിൽതുളച്ച് കിഴങ്ങു തിന്നുനശിപ്പിക്കും രൂക്ഷഗന്ധമുള്ള ഫിഷ് അമിനോആസിഡ്, കമ്യൂണിസ്റ് പച്ച പുതയിടൽ, ഫെറമോണ്‍ കെണി എന്നിവയുപയോഗിച്ച് ചെല്ലിയെ ഒരു പരിധി വരെ തുരത്താവുന്നതാണ്.
സാധാരണയായി കൃഷിചെയ്ത് മൂന്നരമുതല്‍ നാലു മാസത്തിനുള്ളില്‍ വിളവെടുക്കാവുന്നതാണ്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ വ്യത്യാസം വരാവുന്നതാണ്. ഇലകള്‍ മഞ്ഞളിക്കുന്നത് വിളവെടുപ്പിനു പാകമായതിന്റെ സൂചനയായി കണക്കാക്കാം. കൂടാതെ കിഴങ്ങുകള്‍ മുറിച്ചു നോക്കിയും വിളവെടുപ്പിനു പാകമായോ എന്നറിയാനാകും. മൂപ്പ് കുറവാണെങ്കില്‍ മുറിപ്പാടില്‍ പച്ചനിറം കാണാവുന്നതാണ്. വിളവെടുക്കുന്നതിന് രണ്ടുദിവസം മുന്‍പ് നനയ്ക്കുന്നത് കിഴങ്ങുകള്‍ എളുപ്പത്തില്‍ വിളവെടുക്കുന്നതിന് സഹായകരമാകും.