പ്രളയദുരന്തങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ എറിയാട് പഞ്ചായത്തിൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA)യും കേരള കാർഷികസർവകലാശാലയിലെ (KAU) കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജിലുള്ള (CCCES) 2021 ബാച്ച് വിദ്യാർത്ഥികളും സംയുക്തമായി നടപ്പാക്കുന്ന സുനാമിറെഡി പ്രോഗ്രാമിന്റെ ഭാഗമായി “ഒരുക്കം” എന്ന പേരില്‍ ഗ്രാമീണപങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു. 2024 ഡിസംബർ 19 മുതൽ 23 വരെയും 2025 ജനുവരി 3 മുതൽ 8 വരെയും രണ്ട് ഘട്ടമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പ്രദേശത്തെ ജനങ്ങളെയും ദുരന്തനിവാരണ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ദുരന്തങ്ങൾ നേരുന്നതിനുള്ള സാമൂഹികമുന്നൊരുക്കം വർദ്ധിപ്പിക്കുക, പ്രാദേശിക ഇടപെടലുകൾ വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ, പ്രാദേശികനേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചു പ്രദേശത്തെ വിഭവങ്ങൾ മാപ്പുചെയ്യൽ, ദുരന്തസാഹചര്യം തിരിച്ചറിയൽ, ദുരന്തപ്രതിരോധം, ഒഴിപ്പിക്കൽപദ്ധതി തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പരിപാടിയിൽ നിന്നുമുള്ള കണ്ടെത്തലുകൾ ആധാരമാക്കി “ഒരുക്കം” എന്ന പേരിൽ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജിന്റെ ഡീൻ ഡോ. പി. ഒ. നമീറിന് കൈമാറി. കാലാവസ്ഥാവ്യതിയാന പരിസ്ഥിതിശാസ്ത്ര കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആൽഫ്രഡ് ജോണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ തീരപ്രദേശങ്ങളുടെ ദുരന്തപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഈ പദ്ധതി നിർണായകമായൊരു ചുവടുവെപ്പാണ്.
സുനാമിറെഡി പ്രോഗ്രാം: എറിയാട് പഞ്ചായത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു
