ജലലഭ്യത കുറവുള്ള പാടശേഖരങ്ങളിൽ പാടത്തെപ്പോഴും വെള്ളം കെട്ടിനിർത്തുന്ന ജലസേചനരീതി ഒഴിവാക്കുന്നതാണ് അഭികാമ്യം. നട്ട് ഒരാഴ്ച കഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിർത്തുകയും പിന്നീട് തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നൽകുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം. എന്നാൽ മണ്ണ് വരണ്ടുണങ്ങുവാൻ അനുവദിക്കരുത്.
നെല്ലിൽ കതിർനിരക്കുന്ന സമയത്തുണ്ടാകുന്ന വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും. സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1ലിറ്റർ വെള്ളം), ബോറോൺ (2 ഗ്രാം/1 ലിറ്റർ വെള്ളം), സാലിസിലിക് അസിഡ് (50 മില്ലിഗ്രാം/1ലിറ്റർ വെള്ളം) എന്നിവയിൽ ഏതെങ്കിലുമൊന്നു തളിച്ചുകൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമാണ്
മൂന്നാംവിളയായി നെല്ല് കൃഷിചെയ്യുമ്പോൾ കഴിയുന്നതും ഹ്രസ്വകാല ഇനങ്ങൾ മാത്രം ഉപയോഗിക്കുക. രാസവളം നൽകുമ്പോൾ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ വളം അടിവളമായി നൽകുക. വരൾച്ചയെ പ്രതിരോധിക്കാനായി നെൽച്ചെടിയിൽ ഒരു ശതമാനം PPFM ലായനി ചിനപ്പുപൊട്ടുന്ന സമയത്തും തളിച്ചു കൊടുക്കണം.
തമിഴ്നാട് കാർഷിക സർവ്വകലാശാലയുടെ പരിചരണ മുറയാണ് PPFM (പിങ്ക് പിഗ്മെന്റ് ഫാക്കുൽറ്റേറ്റീവ് മേത്തിലൊട്രാപ്) എന്ന മിത്ര ബാക്ടീരിയ ഉപയോഗിച്ചുള്ള രീതി. വരൾച്ചയുടെ ആഘാതം കുറക്കുന്നതിന് ഇതുസഹായകമാണ്. നെല്ല്, പച്ചക്കറികൾ എന്നിവക്കാണ് ഇതു പ്രധാനമായും ഉപയോഗിക്കുക. ചെടികളുടെ ഇലകളിൽ കാണുന്ന മേത്തിലൊബാക്ടീരിയം വേർതിരിച്ചെടുത്താണ് PPFM ഉണ്ടാക്കുന്നത്. നെല്ലിൽ ഏക്കറിന് ഒരു ലിറ്റർ PPFM 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചുതളിക്കുന്നത് വരൾച്ചയെ അതിജീവിക്കാൻ സഹായിക്കും. അതിരാവിലെയോ വൈകുന്നേരമോ മാത്രമേ ഇതു തളിക്കാൻ പാടുള്ളൂ. ഇതിനോടൊപ്പം കീട-കളനാശിനികൾ ചേർക്കാൻ പാടില്ല.
മുഞ്ഞ
നെല്ലിൽ മുഞ്ഞബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിളക്കുകെണികൾ ഉപയോഗിക്കാം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളിൽ നടീൽ അകലം/വിതയ്ക്കാനുള്ള വിത്തിന്റെ അളവ് കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാൽ ബുപ്രൊഫെസിൽ (2മില്ലി/ലി), ഇമിഡാക്ലോപ്രിഡ് (3 മില്ലി/10ലി), തൈയാമീതോക്സാം (2 ഗ്രാം/10ലി) എന്നിവയിലേതെങ്കിലും തളിക്കാം.
ബാക്റ്റീരിയൽ ഇലകരിച്ചിൽ
ബാക്റ്റീരിയൽ ഇലകരിച്ചിലിനെയും മറ്റു കുമിൾരോഗങ്ങളെയും ചെറുക്കാനായി 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം പച്ചചാണകം കലക്കി അതിന്റെ തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണാസ് ചേർത്തുതളിക്കുക.