Menu Close

ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം?ഭാഗം 2

കര്‍ഷകരെ ആത്മഹത്യയിലേക്കു നയിക്കുന്ന പ്രധാനകാരണങ്ങള്‍ സാമ്പത്തിക കാരണങ്ങള്‍, വിളനാശമുണ്ടാക്കുന്ന ആഘാതം, വിപണിയിലെ ചൂഷണം, സാമൂഹ്യമായ സങ്കീര്‍ണതകള്‍, മാനസികമായ അരക്ഷിതാവസ്ഥ, അറിവില്ലായ്മ എന്നിവയാണ്. ഇനി അവയെ എങ്ങനെ പ്രതിരോധിക്കാം എന്നുനോക്കാം.

 1. സാമ്പത്തികപിന്തുണ
  കടക്കെണിയിലാകുന്ന കര്‍ഷകരെ സാമ്പത്തികമായി രക്ഷിച്ചെടുക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ ആവശ്യമാണ്. അവ ഉപയോഗപ്പെടുത്താന്‍ കര്‍ഷകര്‍ക്കും കഴിയണം.
  പണം കടംകൊടുത്ത സ്ഥാപനങ്ങള്‍ അതു തിരിച്ചുപിടിക്കാന്‍ കുറേക്കൂടി മനുഷ്യത്വപൂര്‍ണമായ സമീപനം സ്വീകരിക്കേണ്ടത് അവര്‍ക്കും ഗുണമേ ചെയ്യൂ. കടം വാങ്ങിയ ആള്‍ ജീവിച്ചിരിക്കുന്നതാണ് പണം തിരിച്ചുകിട്ടാന്‍ കുറേക്കൂടി എളുപ്പമെന്ന കാര്യം അവര്‍ മനസിലാക്കേണ്ടതുണ്ട്.
  കുറഞ്ഞ പലിശയില്‍ കൃഷിയില്‍ മുടക്കാന്‍ വായ്പ ലഭ്യമാകുന്ന സ്ഥിതി ഉണ്ടാകണം. സുസ്ഥിരമായ കൃഷിക്ക് ഇത് അത്യാന്താപേക്ഷിതമാണ്.
  സാമ്പത്തികപ്രതിസന്ധിയാണ് നല്ലൊരു ശതമാനം ആത്മഹത്യയുടെയും പിന്നില്‍. ദുരഭിമാനം മാറ്റിവച്ച് അല്പനേരം ചിന്തിച്ചാല്‍ ഒഴിവാക്കാവുന്ന വിപത്താണ് ഇതിലെ പല ദുരന്തങ്ങളും.
 2. വിളനാശം മൂലമുണ്ടാകുന്ന പ്രതിസന്ധിക്കു പരിഹാരം
  വിളയ്ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ സാമ്പത്തികാഘാതത്തിന് ഒരുപരിധിവരെ പരിഹാരമാകും. പരമ്പരാഗതവിളകളില്‍നിന്നു മാറിച്ചിന്തിക്കാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞാല്‍ നഷ്ടസാധ്യത ഗണ്യമായിക്കുറയും. കീടങ്ങളുടെ പെരുക്കം തടയാനും മണ്ണിന്റെ ഗുണം നിലനിര്‍ത്താനും കഴിയുന്ന തരത്തില്‍ കൃഷിയില്‍ മാറ്റമുണ്ടാകണം. കാലാവസ്ഥാവ്യതിയാനത്തെ മറികടക്കാന്‍ കഴിയുന്ന വൈവിധ്യമുള്ള വിളകളെ ഉപയോഗപ്പെടുത്താനാകണം. പുതിയ സാങ്കേതികവിദ്യകള്‍ വശപ്പെടുത്തിയാല്‍ കാലാവസ്ഥാമാറ്റത്തെയും മണ്ണിന്റെ ഗുണത്തെയും കീടങ്ങളുടെ വരവിനെയും നേരത്തേ മനസ്സിലാക്കാന്‍ കഴിയും. വിളവെടുപ്പ് വരെ കൃഷി സുരക്ഷിതമായി കൊണ്ടുപോകാന്‍ ഇന്ന് ഒരുപാട് മാര്‍ഗങ്ങളുണ്ട്. അവ സ്വായത്തമാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം. അതിന് സര്‍ക്കാരും സംഘടനകളും മുന്‍കൈയെടുക്കണം.
 3. വിപണിയിലെ ഇടപടല്‍
  ഒറ്റപ്പെടുന്ന നില്‍ക്കുന്ന കര്‍ഷകരാണ് ചൂഷണത്തിന് ഏറ്റവും കൂടുതല്‍ വിധേയരാകുന്നത്. കര്‍ഷകക്കൂട്ടായ്മകളും കാര്‍ഷികസംഘടനകളും സൃഷ്ടിച്ച് വിലപേശാന്‍ കഴിയണം. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ രൂപീകരിക്കുന്നത് വിപണിയിലുള്ള കര്‍ഷരുടെ വിലപേശല്‍ കഴിവ് നല്ലമടങ്ങ് കൂട്ടും. എന്റെകൃഷി.കോം പോലുള്ള സൗജന്യ ഓണ്‍ലൈന്‍ വിപണികള്‍ ഉപയോഗപ്പെടുത്തിയാലും മികച്ചവില നേടാന്‍ കഴിയും. വിളകളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി വരുമാനം കൂട്ടാനും ശ്രമിക്കാവുന്നതാണ്.
 4. സാമൂഹ്യപിന്തുണ
  കര്‍ഷക ആത്മഹത്യ ഒഴിവാക്കാന്‍ സാമൂഹ്യമായ ഇടപെടലുകള്‍ക്കു വലിയ അളവില്‍ കഴിയും. കൃഷിയില്‍ പരാജയപ്പെട്ട കര്‍ഷകനെ കുറ്റപ്പെടുത്തുന്ന പ്രവണത നാട്ടുമ്പുറങ്ങളില്‍ വ്യാപകമായുണ്ട്. അത് അയാളെ മാനസികമായി തകര്‍ക്കുമെന്നു മനസിലാക്കണം. വിള നഷ്ടമായ കര്‍കഷകന് ആത്മവിശ്വാസവും പുതിയ കൃഷിക്കുള്ള ഊര്‍ജ്ജവുമാണ് സമൂഹത്തില്‍നിന്നു കിട്ടേണ്ടത്. കര്‍ഷക ആത്മഹത്യ നടക്കുമ്പോള്‍ പ്രതിഷേധിക്കാനും ഉപയോഗപ്പെടുത്താനുമിറങ്ങുന്ന വിവിധ സംഘടനകളും വ്യക്തികളും തളര്‍ച്ചയിലായ ജീവിച്ചിരിക്കുന്ന കര്‍ഷകരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അത് മഹത്തായ പ്രവൃത്തിയാകും. കടത്തിലാകുന്ന മനുഷ്യര്‍ നേരിടുന്ന സാമൂഹ്യദുര്‍മുഖമാണ് ഇന്നുനടക്കുന്ന നല്ല ശതമാനം ആത്മഹത്യയ്ക്ക് കാരണം. അതായത്, കുറ്റവാളികളെത്തിരഞ്ഞിറങ്ങിയാല്‍ ജീവിച്ചിരിക്കുന്ന നമ്മളിലേക്കാണ് ഓരോ ആത്മഹത്യയും വിരല്‍ ചൂണ്ടുക.
  മനശാസ്ത്രജ്‍ഞരെ കാണുന്നത് വലിയ കളങ്കമായി കാണുന്ന നമ്മുടെ സാമൂഹ്യ അന്ധവിശ്വാസം മാറണം. തങ്ങളുടെ മാനസികപ്രശ്നങ്ങള്‍ക്കും ജീവിതപ്രതിസന്ധിക്കും യഥേഷ്ടം ചികിത്സകരെ കാണാന്‍ ആളുകള്‍ക്കു കഴിയുന്ന സ്ഥിതി വരണം.
  കര്‍ഷകരില്‍നിന്നു നേരിട്ടു ഉല്പന്നം വാങ്ങുന്ന ഒരു സംസ്കാരം സമൂഹം വളര്‍ത്തിയെടുക്കണം.
 5. മാനസികപിന്തുണ
  നാമമാത്രമായ തുക മാത്രമാണ് ഇപ്പോള്‍ മാനസികാരോഗ്യത്തിനായി ബഡ്ജറ്റിലുള്ളത് . ഇതുമാറണം. പ്രൊഫഷണലുകളുടെ ലഭ്യതക്കുറവ് പരിഹരിക്കണം. അരക്ഷിതാസ്ഥയിലായ കര്‍ഷകര്‍ക്കുവേണ്ടി വ്യാപകമായി കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളും ഹെല്‍പ് ലൈന്‍ സംവിധാനങ്ങളും ആരംഭിക്കണം.
  മാനസികമായ അരക്ഷിതാവസ്ഥയിലുള്ളവര്‍ വിഷയങ്ങളെ വൈകാരികമായി പെരുപ്പിച്ചുകാണിക്കുന്ന നമ്മുടെ വാര്‍ത്താചാനലുകളും വാട്സാപ് ഗ്രൂപ്പുകളും ഒഴിവാക്കുന്നതാണ് നല്ലത്. അതുണ്ടാക്കുന്ന മാനസികസംഘര്‍ഷം ഒഴിവാക്കിയാല്‍ പൂര്‍ണമായി മാറും.
  കര്‍ഷകസമൂഹത്തില്‍നിന്നുള്ള ഒറ്റപ്പെട്ട ആത്മഹത്യകളെ ആഘോഷിക്കുന്ന രീതി ഒട്ടും അഭികാമ്യമല്ല. എല്ലാ കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത് കാര്‍ഷിക കാരണങ്ങളാലല്ല എന്ന സത്യം മനസ്സിലാക്കണം. കടക്കെണിയിലായി കര്‍ഷകര്‍ തുടരെത്തുടരെ ആത്മഹത്യ ചെയ്ത സാഹചര്യങ്ങളില്‍പ്പോലും അവിടുത്തെ ആത്മഹത്യാനിരക്ക് കൂട്ടിയതില്‍ ഉത്തരവാദിത്തമില്ലാത്ത മാധ്യമറിപ്പോര്‍ട്ട് നല്ലൊരു കാരണമായിട്ടുണ്ട്.
  സമൂഹത്തിലെ വൈറ്റ്കോളര്‍ ജോലിചെയ്യുന്നവരുടെയത്ര ലോകപരിചയം കര്‍ഷകര്‍ക്ക് പലപ്പോഴും ഉണ്ടാകണമെന്നില്ല. അവര്‍ക്ക് തങ്ങളുടെ പ്രശ്നം സംസാരിക്കാനും വളരെക്കുറച്ച് ആളുകളേ ഉണ്ടാകൂ. അവിടെനിന്നു ലഭിക്കുന്നത് ശരിയായ ഉപദേശമാകാനും വഴിയില്ല. ഈ സമയത്ത് കടത്തില്‍മുങ്ങി ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു എന്നറിയുമ്പോള്‍ തനിക്കും അതുമാത്രമേ മാര്‍ഗമുള്ളൂ എന്ന് അദ്ദേഹം ഉറപ്പിക്കുന്നു. ഇത്തരം ആത്മഹത്യാപ്പകര്‍പ്പുകള്‍ കുറയ്ക്കാന്‍ മാധ്യമപ്രവര്‍ത്തകരും സമൂഹവും ജാഗ്രത പാലിക്കണം. ആത്മഹത്യാവാര്‍ത്തകളെ പരമാവധി ഷെയര്‍ ചെയ്ത് സമാനമനസ്കരില്‍ അരക്ഷിതാവസ്ഥ വളര്‍ത്താതെ നോക്കണം.
 6. പരിശീലനത്തിന്റെയും ബോധവത്കരണത്തിന്റെയും പ്രസക്തി.
  സുസ്ഥിരമായ കൃഷിരീതികളെക്കുറിച്ചുള്ള അറിവില്ലാത്തത് കൃഷിയിലെ നഷ്ടത്തിന് ഇന്ന് വലിയൊരു കാരണമാണ്. പുതിയ കൃഷിരീതികളെക്കുറിച്ചും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും അറിവ് നേടണം. ശാസ്ത്രീയമായ കൃഷി സമ്പ്രദായങ്ങള്‍ പരിചയപ്പടുന്നതോടെ നഷ്ടസാധ്യത വളരെ വലിയ അളവില്‍ കുറയ്ക്കാനും ആദായം വര്‍ദ്ധിപ്പിക്കാനും കഴിയും. വിവിധ വകുപ്പുകളും സര്‍വ്വകലാശാലകളും നടത്തുന്ന പഠന പരിശീലന പദ്ധതികള്‍ പ്രയോജനപ്പെടുത്തണം. ആ അറിവ് ബലമാകും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
  പല സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുമുള്ള അറിവ് മിക്ക കര്‍ഷകര്‍ക്കുമില്ല. അവ ഉപയോഗപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് ബോധവത്കരണം വേണം.
  നല്ല വിള കിട്ടുന്ന സമയത്തു ലഭിക്കുന്ന വരുമാനം യാഥാര്‍ത്ഥ്യബോധത്തോടെ ചെലഴിക്കാനും നഷ്ടം വരുന്ന സമയത്ത് അതിനനുസരിച്ച് ഉപഭോഗം നിയന്ത്രിക്കാനും സാമ്പത്തിക മാനേജ്മെന്റ് കര്‍ഷകരെ പഠിപ്പിക്കേണ്ടതാണ്.
  ഫലപ്രദമായ വിള ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മിക്ക കര്‍ഷകരുടെയും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. വിവിധ ഇന്‍ഷുറന്‍സ് രീതികളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ ശമമുണ്ടാകണം. കർഷക ആത്മഹത്യകളുടെ പ്രശ്നം പരിഹരിക്കുന്നതിന് സമഗ്രവും ബഹുമുഖവുമായ സമീപനം ആവശ്യമാണ്. കര്‍ഷകനെ അലട്ടുന്ന കാരണം കണ്ടെത്തി അവയ്ക്ക് പ്രതിവിധികൾ നടപ്പിലാക്കുവാന്‍ സർക്കാരുകൾക്കും സംഘടനകൾക്കും സമൂഹത്തിനും ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ കഴിയും. കാർഷികലോകത്തിന് അതു പ്രതീക്ഷയും പിന്തുണയും നൽകും. നമ്മെ തീറ്റിപ്പോറ്റുന്നതിൽ സുപ്രധാനപങ്കുവഹിക്കുന്ന കര്‍ഷകര്‍ സുരക്ഷിതവും സമൃദ്ധവും അഭിമാനകരവുമായ ജീവിതം അർഹിക്കുന്നു. അത് നല്‍കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്.