Menu Close

തിച്ചൂരിലെ തരിശുഭൂമിയില്‍ കുറുന്തോട്ടികൃഷി

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് തിച്ചൂരിലെ ഏഴേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ കുറുന്തോട്ടി കൃഷി വിളവെടുത്തു. തരിശുഭൂമിയില്‍ വ്യത്യസ്ഥമായ കുറുന്തോട്ടി കൃഷിയിറക്കി നൂറ്മേനി വിളവ് ലഭിച്ച സന്തോഷത്തിലാണ് തൃപ്തി കുടുംബശ്രീ അംഗങ്ങള്‍. വരവൂരിലെ തൃപ്തി അയല്‍ക്കൂട്ടം നവര ജെ.എല്‍.ജി യുടെ നേതൃത്വത്തിലാണ് ആഗസ്റ്റില്‍ കൃഷിയിറക്കിയത്. വിളവെടുപ്പ് പൂര്‍ണ്ണമാകുന്നതോടെ ഏകദേശം ആറ് ടണ്‍ കുറുന്തോട്ടി ലഭിക്കുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. കിലോക്ക് 75 രൂപ നിരക്കില്‍ മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി വഴി വിപണനം സാധ്യമാക്കും. വിളവെടുപ്പ് കഴിഞ്ഞ കൃഷിയിടത്തുനിന്ന് മുളക്കുന്ന കുറുന്തോട്ടി തൈകളും വിപണിയിലെത്തിച്ച് വരുമാനം ഉറപ്പാക്കുകയാണ് കുടുംബശ്രീ. ജലസേചന സൗകര്യമില്ലാത്ത തരിശ് ഭൂമികള്‍ പ്രയോജനപ്പെടുത്തിയുള്ള കുറുന്തോട്ടി കൃഷി പഠിക്കാന്‍ ലാന്‍ഡ് ഇഷ്യൂസില്‍ പഠനം നടത്തുന്ന ഓഗസ് ബെര്‍ഗ് സര്‍വ്വകലാശാലയിലെ അമേരിക്കന്‍ ഗവേഷണ വിദ്യാര്‍ത്ഥി ഇര്‍മ ഗ്വാട്ടിമാല ഇവിടെ സന്ദര്‍ശിച്ചിരുന്നു.