Menu Close

പാടത്തിറങ്ങുന്നവര്‍ക്ക് നെല്‍ക്കൃഷി നഷ്ടമാവില്ല : കൈനിറയെ ആനുകൂല്യങ്ങളുമായി കൃഷിവകുപ്പ്

കർഷകരുടെ ഉന്നമനവും കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷികവികസന കർഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികൾക്ക് വളർച്ചോപാധികൾ വാങ്ങുന്നതിനായി കൃഷിഭൂമിയുടെ വിസ്തൃതി അനുസരിച്ച് ഹെക്ടർ ഒന്നിന് 5500 രൂപ വീതം സബ്സിഡി നൽകുന്നു.
തരിശുനിലങ്ങളിൽ കൃഷി ചെയ്യുന്നതിന് ഹെക്ടർ ഒന്നിന് 40000 രൂപ വീതം നൽകുന്ന പദ്ധതിയാണ് തരിശുനില കൃഷി. പാട്ടക്കൃഷി ആണെങ്കിൽ പദ്ധതി പ്രകാരം 35,000 രൂപ കർഷകനും 5000 രൂപ സ്ഥലമുടമയ്ക്കും ലഭിക്കും.
സ്പെഷ്യാലിറ്റി റൈസ് പദ്ധതിയിലൂടെ പൊക്കാളി കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുന്നതിനായി കൃഷിഭവൻ മുഖേന ഹെക്ടർ ഒന്നിന് 10000 രൂപ സബ്സിഡി നൽകുന്നു.
പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതി പ്രകാരം നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉൽപാദക ഇൻസെന്റീവായി കർഷകർക്ക് ഹെക്ടറിന് ആയിരം രൂപ വീതം ആനുകൂല്യം നൽകുന്നു.
പാടശേഖരസമിതിക്ക് പാടശേഖരങ്ങളിൽ വരുന്ന അനുബന്ധ ചെലവുകൾ വഹിക്കുന്നതിനായി ഓപ്പറേഷൻ സപ്പോർട്ട് പദ്ധതിവഴി ഹെക്ടർ ഒന്നിന് 360 രൂപ വീതം നൽകുന്നു.
സോയിൽ ലാൻഡ് റൂട്ട് ഹെൽത്ത് മാനേജ്മെന്റ് പദ്ധതിയിലൂടെ മണ്ണിന്റെ അമ്ലത പരിഹരിക്കുന്നതിനും മികച്ച വിളവ് ലഭിക്കുന്നതിനുമായി കുമ്മായ വസ്തുക്കൾ ലഭ്യമാക്കുന്നതിന് ഹെക്ടറിന് 5400 രൂപ വീതം ധനസഹായം നൽകുന്നു.
ഇങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ നെൽകൃഷിയുമായി ബന്ധപ്പെട്ട് നെൽക്കർഷകരെ കാത്തരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവന്‍ സന്ദര്‍ശിക്കുക.