Menu Close

ജൈവവൈവിധ്യ രജിസ്റ്റർ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാകാൻ ആലപ്പുഴ

ജൈവവൈവിധ്യ ജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി ആലപ്പുഴ മാറുമെന്ന് ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി ചെയർപേഴ്സണായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. പി.ബി.ആറിന്റെ (പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ) രണ്ടാം ഭാഗം തയ്യാറാക്കലുമായി ബന്ധപ്പെട്ടുള്ള ജില്ലാതലപരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

ഒരു പ്രദേശത്തെ ജൈവവിഭവങ്ങളെക്കുറിച്ച് അവിടുത്തെ ജനങ്ങൾക്കുള്ള അറിവുകളും നൂറ്റാണ്ടുകളായി പ്രകൃതിയുമായുള്ള നിരന്തര ഇടപെടലിലൂടെ ആർജിച്ച നാട്ടറിവുകളും ശാസ്ത്രീയമായി രേഖപ്പെടുത്തുക എന്നതാണ് ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ പ്രഥമോദ്ദേശം. കാലാവസ്ഥാവ്യതിയാനമെന്ന ആഗോളപ്രതിഭാസത്തിന്റെ പരിണിതഫലമായുള്ള പ്രളയം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലം ജൈവ ആവാസവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.

ബി.എം.സി. (ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി) കൾക്കാണ് പരിശീലനം നൽകിയത്. സംസ്ഥാനത്ത് ആദ്യമായി പ്രോജക്ട് വയ്ക്കുന്ന കാര്യത്തിലും പദ്ധതി നിർവഹണം, എക്സ്പെൻഡിച്ചർ തുടങ്ങിയ കാര്യങ്ങളിലും ആലപ്പുഴ ഒന്നാം സ്ഥാനത്താണെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കെ.എസ്.ബി.ബി. അംഗം കെ.വി. ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി കൺവീനറായ ജില്ല പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, കെ.എസ്.ബി.ബി. മെമ്പർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ, കെ.എസ്.ബി.ബി. അംഗം ഡോ. കെ. സതീഷ് കുമാർ, ടി.എസ്.ജി. അംഗം ഡോ.എ.പി. ശ്രീകുമാർ, കെ.എസ്.ബി.ബി ജില്ല കോ-ഒർഡിനേറ്റർ ശ്രുതി ജോസ്, ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ബി.എം.സി. അംഗങ്ങൾ, സാങ്കേതിക സഹായ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.