കേരളത്തിലെ കര്‍ഷകരില്‍നിന്ന് 2022-23 സീസണിൽ സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നു. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്ന് പി.ആർ.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുന്നത്. വായ്പയുടെ ഗ്യാരണ്ടിയും പലിശയും സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം വരുന്നമുറയ്ക്ക് കര്ഷകന് അതുമാത്രം തിരിച്ചടച്ചാല്‍മതി. 2070.71 കോടി രൂപയിൽ 1810.48 കോടി രൂപ ഓണത്തിന് മുൻപ് തന്നെ കൊടുത്തു തീർത്തിരുന്നു. 50,000 രൂപ വരെ നൽകാനുള്ള കർഷകർക്ക് തുക പൂർണമായും ശേഷിച്ചവർക്ക് നൽകാനുള്ള തുകയുടെ 28 ശതമാനവും നൽകി കഴിഞ്ഞതാണ്. അവശേഷിച്ച തുകയാണ് ഇപ്പോൾ വായ്പയായി വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എസ്.ബി.ഐ 1884 കർഷകർക്കായി 20.61 കോടി രൂപയും ഇതുവരെ ആകെ 4717 കർഷകർക്കായി 34.79 കോടി രൂപയും വിതരണം ചെയ്തു. കാനറാ ബാങ്ക് തിങ്കളാഴ്ച 982 കർഷകർക്കായി 11 കോടി രൂപയും ഇതുവരെ ആകെ 8167 കർഷകർക്കായി 68.32 കോടി രൂപയും വിതരണം ചെയ്തു. മുഴുവൻ തുക വിതരണവും ഈ ആഴ്ചയോടെ പൂർത്തിയാകും.