Menu Close

തേങ്ങ പൊതിക്കുന്ന യന്ത്രം – കാർഷികസർവ്വകലാശാലയ്ക്ക് പേറ്റന്റ്

തേങ്ങ പൊതിക്കുന്ന യന്ത്രം നിര്‍മ്മിച്ച് കേരള കാർഷികസർവ്വകലാശാല പേറ്റന്റ് നേടി. കാര്യക്ഷമമായി തേങ്ങ സംസ്കരിക്കുവാന്‍ ഇത് ഉപകാരപ്പെടും. ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. ഒരു പൈപ്പിലൂടെ അകത്തുകടക്കുന്ന തേങ്ങയുടെ ചകിരി റോട്ടറിലുള്ള കത്തിപോലുള്ള ഭാഗങ്ങൾ ചിരട്ടയിൽനിന്ന് വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കാതെയാണ് തേങ്ങ പൊതിച്ചെടുക്കുന്നത്.
ഉണങ്ങിയതോ പച്ചയോ ആയ തേങ്ങകളും പല വലിപ്പത്തിലുള്ള തേങ്ങകളും ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്. ഇതിൽനിന്നു പുറത്തുവരുന്ന ചകിരി കയർ നിർമ്മാണത്തിന് നേരിട്ടുതന്നെ ഉപയോഗിക്കാനാവുന്നത് യന്ത്രത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും തേങ്ങയുടെ കുറഞ്ഞ പൊട്ടൽനിരക്കും സംസ്കരണ രംഗത്ത് മുന്നേറ്റത്തിനു കാരണമാകും. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി യന്ത്രത്തിന്റെ സാങ്കേതികവിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡിനു കൈമാറിയിട്ടുണ്ട്. ഏകദേശം 50000 രൂപയാണ് ഒരു യൂണിറ്റിന്റെ വിലയായി പ്രതീക്ഷിക്കുന്നത്.
സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ.ജയൻ പി.ആർ, ഡോ.സി.പി.മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ ശ്രീമതി അനു ശരത്ചന്ദ്രൻ, റിസേർച് അസിസ്റ്റന്റ് ആയ കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് യന്ത്രത്തിനു പിന്നിൽ പ്രവ‍‍ര്‍ത്തിച്ചത്.