Menu Close

ജൈവ പച്ചക്കറികൃഷിയുടെ പ്രസക്തി

പച്ചക്കറി ഉല്പാദനത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനം ഭാരതത്തിനാണ്. നമ്മുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും നിലനിർത്തുന്നതിനും പോഷകദായകമായ ഭക്ഷണം അത്യന്താപേക്ഷിതമാണ്. “നാം കഴിക്കുന്ന ഭക്ഷണം ആയിരിക്കണം നമ്മുടെ മരുന്ന്” എന്നതാകണം നമ്മുടെ ഭക്ഷണരീതിയുടെ തത്വം. എന്നാൽ നമ്മുടെ സമൂഹത്തിൽ മരുന്ന് ഭക്ഷണമായി മാറുന്ന ദയനീയ കാഴ്ചയാണ് ഇന്നുള്ളത്. ഇത്തരം സാഹചര്യമാണെന്നുണ്ടെങ്കിൽ ആരോഗ്യ സംരക്ഷണത്തിനുതകുന്ന പോഷകദായകമായ ഭക്ഷ്യവസ്തുക്കൾ വിഷവിമുക്തമായി ഉല്പാദിപ്പിച്ച് ഭക്ഷിക്കേണ്ടത് അനിവാര്യമാണ്.

നമ്മുടെ ശരീര വളർച്ചയ്ക്കും, രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും ആവശ്യമായ വിറ്റാമിനുകളും, ധാതുലവണങ്ങളും പച്ചക്കറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും വിവിധ ജീവിതശൈലീ രോഗങ്ങൾ, ക്യാൻസർ മുതലായവയെ പ്രതിരോധിക്കുവാനുള്ള കഴിവ് ശരീരത്തിനു നൽകുന്നതിൽ പോഷകദായകമായ പച്ചക്കറികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും “13” (പതിമൂന്ന്) വിറ്റാമിനുകൾ ആവശ്യമാണ്. ഇതിൽ വിറ്റാമിൻ A, തയാമിൻ, റൈബോഫ്ലോവിൻ, വിറ്റാമിൻ C എന്നിവ വളരെ പ്രധാനമാണ്.

പച്ചക്കറിവിളകൾ കേവലമായ ഭക്ഷ്യവസ്തു മാത്രമല്ല, ഒരു ഔഷധം കൂടിയാണ്. പാവൽ, പടവലം മുതലായ വിളകൾ വിവിധ ജീവിതശൈലീ രോഗങ്ങൾ, പ്രമേഹം മുതലായവ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പച്ചക്കറിവിളകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

പച്ചക്കറിവിളകളിൽ പെട്ട മറ്റൊരു വിഭാഗമാണ് കിഴങ്ങുവർഗ്ഗങ്ങൾ. അവയിൽ പ്രധാനപ്പെട്ടവയാണ് ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, മരച്ചീനി മുതലായവ. ഇലക്കറിവിളകളിൽ വിറ്റാമിൻ A ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിന്റെ 1 kg തൂക്കത്തിന് 100 മില്ലിഗ്രാം നാര് ലഭിച്ചിരിക്കത്തക്ക വിധത്തിൽ പച്ചക്കറിവിളകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ അവ അരിയുന്നതിനുമുമ്പ് കഴുകുകയും, വലുതായി അരിയുകയും ചെയ്യുക. അരിഞ്ഞ് ഒത്തിരിനേരം വെക്കാതെ വേഗം പാകം ചെയ്ത് കഴിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതുമൂലം പോഷകനഷ്ടം ഉണ്ടാകാതെ ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പച്ചക്കറികൃഷി നീതി വികസിപ്പിക്കുന്ന വഴി “ഹോർട്ടി ഹോർട്ടികൾച്ചർ തെറാപ്പി” (Horticulture therapy) എന്ന ചികിത്സാരീതി വരെ നമ്മുടെ ലോകത്ത് വികസിച്ചു വരുന്നു എന്നത് പച്ചക്കറിവിളകളുടെ പരിപാലനത്തിന്റെ പ്രസക്തി നമ്മെ ബോധ്യപ്പെടുത്തുന്നു.

പാവലിലും, മുളകിലും അടങ്ങിയിരിക്കുന്ന വിറ്റാമിൻ C, പയർ വർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും, വെണ്ടയിലും, ബീൻസിലും അടങ്ങിയിരിക്കുന്ന നാരുകൾ, വെള്ളരിവർഗ്ഗത്തിൽപ്പെട്ട മധുരപാവയ്ക്ക (Kerala Sweet gourd Momordica dioica) യിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും സ്റ്റാർച്ചും, തണ്ണിമത്തൻ, പീച്ചിൽ, മധുരപാവയ്ക്ക ഇവയിൽ അടങ്ങിയിരിക്കുന്ന കരോട്ടിൻ, വെള്ളരിവർഗ്ഗവിളകളിൽ കൂടുതലായി കാണുന്ന തയാമിൻ, റൈബോഫ്ലേവിൻ, ഉള്ളിയിൽ കാണുന്ന കാൽസ്യം, ഫോസ്ഫറസ്, തയാമിൻ കൂടാതെ വാഴക്കൂമ്പ്, വാഴപ്പിണ്ടി, മുരിങ്ങയില, മത്തനില, പയറില, മധുരക്കിഴങ്ങില, ചുരയ്ക്കയില, മുളകിചീര etc തുടങ്ങിവയിലെല്ലാം ആരോഗ്യദായകങ്ങളായ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

ചേനയിൽ വിറ്റാമിൻ A യും B യും ധാരാളം അന്നജവും അടങ്ങിയിരിക്കുന്നു. ചേമ്പിൽ അന്നജം, പ്രോട്ടീൻ, ധാതുലവണങ്ങൾ, വിറ്റാമിൻ A, B ഇവകൂടാതെ ധാരാളം ഇരുമ്പും, കാൽസ്യവും അടങ്ങിയിരിക്കുന്നു. ചേമ്പിന്റെ ഇലയും, തണ്ടും ചെറുകാര്യത്തിൽ കറിവെക്കുവാൻ ഉപയോഗിക്കുന്നു. കൂർക്കയിൽ വിറ്റാമിൻ A യും C യും ഇരുമ്പും, കാൽസ്യവും അടങ്ങിയിരിക്കുന്നു. കാച്ചിലിലും ചെറുകിഴങ്ങുകളിലും അന്നജം ധാരാളമായി കാണുന്നു. കൂടാതെ പ്രോട്ടീൻ, കൊഴുപ്പ്, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് ധാതുലവണങ്ങൾ ഇവ അടങ്ങിയിരിക്കുന്നു. ഇതുകൊണ്ടുതന്നെയാണ് പച്ചക്കറികൾ സംരക്ഷിത ആഹാരമായി അറിയപ്പെടുന്നത്.

വിജീഷ് വിശ്വംഭരൻ

Agri Expert

ABTEC Bio-Sciences..