വ്യത്യസ്ത കാര്‍ഷികമേഖലകളില്‍ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെ നവകേരളനിര്‍മ്മിതിക്കായുള്ള കര്‍ഷകസംഗമത്തില്‍ നടത്തിയ വിശദീകരണത്തിന്റെ പ്രസക്തഭാഗങ്ങള്‍.
മത്സ്യം വളര്‍ത്തല്‍
കേരളീയരുടെ ഒഴിവാക്കാനാവാത്ത ഭക്ഷ്യവിഭവമായ മത്സ്യത്തിന്റെ ഉല്പാദനത്തില്‍ വലിയ മുന്നേറ്റം കേരളം കൈവരിച്ചു. രാജ്യത്ത് ആളുകള്‍ ശരാശരി കഴിക്കുന്നതിനെക്കാൾ മൂന്നിരട്ടിയാണ് മലയാളിയുടെ മത്സ്യോപഭോഗം. ഉൾനാടൻ മത്സ്യകൃഷിയിൽ എയറേഷൻ, ജൈവസുരക്ഷ, പ്രോബയോട്ടിക്കുകളുടെ ഉപയോഗം എന്നിവ ഉറപ്പുവരുത്തി കൂടുതൽ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കാൻ നമുക്കുകഴിഞ്ഞു. അതിലൂടെ ഉല്പാദനക്ഷമത 0.5-3 മെട്രിക് ടൺ ആയിരുന്നത് 1.5-4 മെട്രിക് ടൺ ആയി ഉയർത്താൻ സാധിച്ചു.
ജനകീയമത്സ്യകൃഷിയുടെ ഭാഗമായി 4,951 ഹെക്ടർ പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷിയും 4,319 ഹെക്ടർ കുളങ്ങളിൽ മറ്റു മത്സ്യക്കൃഷിരീതികളും വ്യാപിപ്പിച്ചു. കൂടാതെ 2,083 കൂട് കൃഷി യൂണിറ്റുകളും 240 റീ സർക്കുലേറ്ററി അക്വാകൾച്ചർ യൂണിറ്റുകളും 3,475 പടുതക്കുളങ്ങളിലെ മത്സ്യകൃഷിയൂണിറ്റുകളും 1,610 കല്ലുമ്മക്കായ കൃഷിയൂണിറ്റുകളും സ്ഥാപിച്ച് മത്സ്യകൃഷി നടപ്പാക്കിവരുന്നു. ഇത്തരത്തിൽ മത്സ്യകൃഷി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ കർഷകർക്ക് തീറ്റയ്ക്ക് 40 ശതമാനവും മത്സ്യവിത്തിന് 70-100 ശതമാനവും സർക്കാർ ഗ്രാന്റായി നൽകിവരുന്നുണ്ട്.
തദ്ദേശീയമത്സ്യവിത്ത് കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയമത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 വർഷം മുതൽ പിന്നാമ്പുറ മത്സ്യവിത്തുൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് 9 കോടി രൂപ വകയിരുത്തിയിരുന്നു. നാടൻ മത്സ്യങ്ങളായ കരിമീൻ, വരാൽ, മഞ്ഞക്കൂരി, കല്ലേമുട്ടി, കാരി തുടങ്ങിയ മത്സ്യങ്ങളുടെ വിത്തുകളാണ് ഉൽപ്പാദിപ്പിക്കുന്നതിന് ലക്ഷ്യമിട്ടത്. നാളിതുവരെ 522 യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. 40 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
പാലുല്പാദനം
പാലുല്പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാർ നടത്തിയ ഇടപെടലുകൾ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുകയും ക്ഷീരകർഷകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.
പാൽ ഉത്പാദനക്ഷമത, സങ്കരയിനം കന്നുകാലികളുടെ എണ്ണം എന്നിവയിൽ ഇന്ത്യയിൽ മികച്ച സ്ഥാനം നിലനിർത്താൻ നമ്മുടെ സംസ്ഥാനത്തിനായി. കന്നുകാലികളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോഴും ഉൽപ്പാദനക്ഷമതയില്‍ വർദ്ധനവ് രേഖപ്പെടുത്തി.
പച്ചക്കറി
ഈ സർക്കാർ അധികാരമേറ്റതിനു ശേഷം നാളിതുവരെ 11,082 ഏക്കർ തരിശുനിലങ്ങൾ കൃഷിയോഗ്യമായി. പച്ചക്കറിവികസനത്തിനായി ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. അതിലേറ്റവും പ്രധാനമാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി. ഈ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്ട് 55,277 ഹെക്ടർ സ്ഥലത്ത് പച്ചക്കറിക്കൃഷി വ്യപിപ്പിക്കാനായി. 5.57 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഇതുവഴി ഉൽപ്പാദിപ്പിച്ചു. ഈ സാമ്പത്തിക വർഷത്തിൽ മാത്രം 1.21 ലക്ഷം ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും അതിലൂടെ 17.23 ലക്ഷം മെട്രിക് പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ശീതകാലപച്ചക്കറി
സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൃഷി ചെയ്യപ്പെടുന്ന ശീതകാല പച്ചക്കറിയിനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. വട്ടവട കാന്തല്ലൂർ പ്രദേശങ്ങളെ ശീതകാല പച്ചക്കറിവിളകളുടെ ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് മറയൂർ ശർക്കര, കാന്തല്ലൂർ വെളുത്തുള്ളി എന്നിവയ്ക്ക് ഭൗമസൂചക പദവി നേടിയെടുക്കാൻ കഴിഞ്ഞത്. ഹോർട്ടികോർപ്പ് മുഖാന്തരം പച്ചക്കറികളുടെ സംഭരണം, സ്റ്റോറേജ് എന്നിവയും നല്ല രീതിയിൽ നടന്നുവരുന്നു.
തേങ്ങയുല്പാദനം
കേരകൃഷിയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. 232 കേരഗ്രാമങ്ങൾ സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ചു. നാളികേരവികസന കൗൺസിലിന്റ ഭാഗമായി 36.9 ലക്ഷം തെങ്ങിൻതൈകൾ 50 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്തു.
നാളികേര സംഭരണത്തിന് ഒരു തെങ്ങിന്റെ വാർഷിക ഉത്പാദനം 50 നാളികേരമെന്നത് 70 ആക്കി ഉയർത്തി. മാത്രമല്ല ഭൂമിയുടെ പരിധി 5 ഏക്കറിൽ നിന്ന് 15 ഏക്കർ ആയി വർദ്ധിപ്പിക്കുകയും ചെയ്തു.
റബ്ബര്‍
സംസ്ഥാനത്തെ റബ്ബർകർഷകർക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവർത്തനകൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കിൽ ധനസഹായം നൽകുന്നു. അതുകൂടാതെ ഉത്പാദനക്ഷമതാവർദ്ധനവിനുവേണ്ടി വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നൽകിവരുന്നുണ്ട്. ഇതിനുപുറമെ റബ്ബർ ഉത്പാദനസംഘങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി സംസ്‌കരണശാലയുടെ പ്രവർത്തനങ്ങൾക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നു.
റബ്ബർമേഖലയിൽ സർക്കാരിന്റെ പ്രധാനപ്പെട്ട ഒരു ഇടപെടലാണ് 1,050 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് കമ്പനി. ഇതിനായി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ് ക്യാമ്പസിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ200കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന കമ്പനി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ റബ്ബർമേഖലയില്‍ വന്‍മുന്നേറ്റമുണ്ടാകും.
സ്വാഭാവികറബ്ബറിന്റെ തീരുവയില്ലാതെയുള്ള ഇറക്കുമതി അവസാനിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്കറബ്ബറിന്റെ ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക് ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ റബ്ബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ കേന്ദ്രസര്‍ക്കരിനുമുമ്പില്‍ ഉയർത്തിയത് കേരള സർക്കാരാണ്.
നെല്ല്
നെൽക്കൃഷിയുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് സർക്കാർ ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ 2,34,573 കർഷകരിൽ നിന്നായി 1.47 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണ വിലയായി 65,535 കർഷകർക്കായി 335.10 കോടി രൂപ വിതരണം ചെയ്തു. ഇക്കഴിഞ്ഞ ദിവസം നെല്ലുസംരംഭണത്തിനായി സിവിൽ സപ്ലൈസ് കോർപ്പറേഷന് 203.9 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള താങ്ങുവിലസഹായം കേന്ദ്രസർക്കാർ ഏറെ നാളായി കുടിശികയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. താങ്ങുവില സഹായയിനത്തിൽ കേന്ദ്രസർക്കാർ മൂന്നുവർഷമായി വരുത്തിയ കുടിശ്ശിക 763 കോടി രൂപയാണ്. ഈ വർഷത്തെ കുടിശ്ശിക മാത്രം 388.81 കോടി രുപയുണ്ട്.
കേന്ദ്രസർക്കാർ വിഹിതത്തിനായി കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്നതു കേരളത്തിൽ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. കേരളത്തിൽ പി ആർ എസ് വായ്പാപദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് അപ്പോൾത്തന്നെ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാതിരിച്ചടവുബാധ്യത സംസ്ഥാനസർക്കാരാണ് വഹിക്കുന്നത്. ഉൽപാദനബോണസിന്റെയും വായ്പാപലിശയുടെയും ബാധ്യത തീർക്കുന്നതും സംസ്ഥാനസർക്കാരാണ്.
കാർഷികമേഖലയിലെ ഇടപെടൽമൂലം നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 2,547 കിലോയിൽ നിന്ന് 4,560 കിലോയിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. 2016 ൽ 1,71,398 ഹെക്ടറിലാണ് നെൽക്കൃഷി നടന്നിരുന്നത്. ഇന്നത് 2,05,040 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെൽവയലുടമകൾക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം റോയൽറ്റി അനുവദിച്ചിട്ടുണ്ട്.
കേരളാഗ്രോ
‘കേരളാഗ്രോ’ എന്ന ഒറ്റ ബ്രാൻഡിൽ കേരളത്തിലെ 23 സർക്കാർ ഫാമുകളിലെ 193 ഉല്പന്നങ്ങളും ഇനി മുതൽ ആമസോൺ, ഫ്ളിപ്പ്കാർട്ട് പ്ലാറ്റ്ഫോമുകളിലൂടെ ലഭ്യമാകും. മൂല്യവർദ്ധിതോത്പന്നങ്ങൾ, നടീൽവസ്തുക്കൾ, വിത്തുകൾ, അലങ്കാരസസ്യങ്ങൾ, ജൈവവളങ്ങൾ എന്നിവയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കൃഷി വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
കര്‍ഷകക്ഷേമം
2021 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ 2,06,743 ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ ഇനത്തിൽ 1,108.47 കോടി രൂപ വിതരണം ചെയ്തു. കാർഷിക കടാശ്വാസ പദ്ധതിയുടെ ഒമ്പതാം ഘട്ടമാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഇതുപ്രകാരം നാളിതുവരെ 720.53 കോടി രൂപയുടെ ആശ്വാസം കർഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയില്‍ പുതിയതായി രജിസ്റ്റർ ചെയ്യുവാൻ കർഷകർക്ക് മൂന്നു മാസം കൂടി അവസരം നൽകിയിട്ടുണ്ട്.