നവകേരളനിർമിതിക്ക് കർഷകരുമായുള്ള മുഖാമുഖം ആലപ്പുഴയിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്:
അടുത്ത 25 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങളുടെ നിലയിലേക്ക് ഉയർത്തും. അതിനുതകുന്നവിധത്തിൽ കാർഷികമേഖലയിൽ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കും
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. അതിനായി പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തും. സഹകരണ മേഖലയുമായി ബന്ധപ്പെടുത്തി കാർഷിക മേഖലയ്ക്കു വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കും.
കാർഷികോത്പാദനങ്ങളുടെ മൂല്യവർദ്ധനയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിതരണ-സംഭരണമടക്കമുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തും.
കാര്ഷികകോർപ്പറേറ്റുകളുടെ സ്വാധീനത്തിൽ നിന്ന് കേരളത്തിലെ കാർഷികമേഖലയെയും കർഷകരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച കൂടാതെ നടത്തുന്നു.
കാര്ഷികകോർപ്പറേറ്റുകളുടെ താത്പര്യങ്ങൾക്കു വഴങ്ങി ജലസേചനവും ഊർജ്ജലഭ്യതയും ഉറപ്പുവരുത്തുന്നതിൽ നിന്ന് പിന്മാറുകയോ കൃഷിക്കുള്ള സബ്സിഡികൾ ഇല്ലാതാക്കുകയോ വളങ്ങളുടെ വില കൂട്ടുകയോ ചെയ്യാതെ ഇന്ത്യയിലെ പൊതുസ്ഥിതിയിൽനിന്നു മാറിസഞ്ചരിക്കുകയാണ് കേരള സർക്കാർ.
കാർഷികമേഖല ആകർഷകമായ, അന്തസ്സുറ്റ ഒന്നായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും കാണുന്ന ഒരു നില ഉണ്ടാക്കിയെടുക്കാന് സര്ക്കാന് യത്നിക്കുന്നു. കൃഷിയെ മുഖ്യതൊഴിലായി ആശ്രയിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാക്കും.
കൃഷിയും കർഷകരും വലിയ വെല്ലുവിളികൾ നേരിടുമ്പോൾ കാർഷികവിളകളുടെ വിലസ്ഥിരത ഉറപ്പുവരുത്താനോ ഭക്ഷ്യധാന്യങ്ങളുടെ സംഭരണം കാര്യക്ഷമമായി നടത്താനോ തയ്യാറാവാത്ത പൊതുദേശീയസാഹചര്യത്തിനു പകരമായി കൃഷിക്കുള്ള വിഹിതവും കർഷകർക്കുള്ള സഹായങ്ങളും വർദ്ധിപ്പിച്ചും വിപണിയിൽ ഇടപെട്ടും സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നു. ഇത് ഒരു ബദൽ വഴിയാണ്.
കാലാവസ്ഥാവ്യതിയാനവും വന്യമൃഗാക്രമണങ്ങളും ഉയർന്ന ജനസാന്ദ്രതമൂലം കൃഷിഭൂമിയിലുണ്ടായിട്ടുള്ള കുറവും കേരളത്തിന്റെ കാർഷികമേഖലയിൽ സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. ഇതിനെയൊക്കെ മറികടക്കാൻ ഉതകുന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
കർഷകരുടെ വരുമാനം നിലവിലുള്ളതിനേക്കാൾ 50 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നുമുള്ള കാഴ്ചപ്പാടോടെയാണ് സംസ്ഥാനസർക്കാർ പ്രവർത്തിച്ചു പോരുന്നത്.
റബ്ബറിന്റെ താങ്ങുവില നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് 180 രൂപയായി വർദ്ധിപ്പിച്ചു.
കാർഷികമേഖലയ്ക്ക് ഈ സർക്കാർ നൽകിവരുന്ന പ്രാധാന്യം ബജറ്റ് പരിശോധിച്ചാൽ വ്യക്തമാകും. വിളപരിപാലനത്തിന് 535.9 കോടി രൂപയും വിളാരോഗ്യപരിപാലന പദ്ധതികൾക്ക് 13 കോടി രൂപയുമാണ് ഇത്തവണ മാറ്റിവെച്ചിട്ടുള്ളത്. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി രൂപയും കുട്ടനാട് മേഖലയിലെ കാർഷികവികസനത്തിന് 36 കോടി രൂപയും മാറ്റിവച്ചു. നെല്ലുൽപ്പാദക കാർഷികാവാസ യൂണിറ്റുകൾക്ക് 93.60 കോടി രൂപയും നാളികേര കൃഷിവികസനത്തിന് 65 കോടി രൂപയും ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളിൽ 25 ശതമാനം സ്ത്രീകളാണ് എന്നതും കാണണം. കാർഷികോൽപ്പന്ന വിപണന പദ്ധതിക്ക് 43.90 കോടി രൂപയും മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി രൂപയും മൃഗസംരക്ഷണത്തിന് 277.14 കോടി രൂപയും ക്ഷീരവികസനത്തിന് 109.25 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. ഇതിൻറെ ഭാഗമായി 23,245 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 20 ശതമാനത്തോളം വിവിധ ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്. കൃഷിക്കൂട്ടങ്ങളുടെ രൂപീകരണത്തോടെ മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു.
നൂതന കാർഷികസാങ്കേതികവിദ്യകളായ പോളിഹൗസുകൾ, മഴമറകൾ, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിവയിൽ താൽപ്പര്യമുള്ള ധാരാളം യുവജനങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരെ ഈ രംഗത്ത് പിടിച്ചുനിർത്തുവാനും പ്രോത്സാഹനം നൽകാനുമുള്ള പദ്ധതികളും നടപ്പാക്കിവരുന്നു.
കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂല്യവർധിതോൽപ്പന്നങ്ങളുടെ വ്യാപനത്തിനായി കാർഷികക്കമ്മീഷൻ തന്നെ സർക്കാർ ആരംഭിച്ചിച്ച കാര്യം മന്ത്രി എടുത്തുപറഞ്ഞു. സിയാൽ മോഡലിൽ കാപ്കോ കമ്പനി ആരംഭിച്ച് നവീനപദ്ധതികൾക്ക് തുടക്കമിടാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. 2375 കോടി രൂപയുടെ കേരപദ്ധതിക്കും തുടക്കമായതായി മന്ത്രി പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എം.പി., എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ദിലീമ ജോജോ, കാർഷികോത്പാദന കമ്മീഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി. അശോക്, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ സീറാം സാംബശിവറാവു, ജില്ല കളക്ടർ ജോൺ വി. സാമുവൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കർഷികവിദഗ്ധരായ വിത്ത് സംരക്ഷകൻ പത്മശ്രീ സത്യനാരായണ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ഡോ. മധുര സ്വാമിനാഥൻ, സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ കെ.എ. റോയി മോൻ, എം. ശ്രീവിദ്യ, പരമ്പരാഗത കർഷക പി. ഭുവനേശ്വരി, സംസ്ഥാന കർഷക അവാർഡ് ജേതാവ് എസ്.പി. സുജിത്ത്, കേര മേഖലയിലെ സംസ്ഥാന അവാർഡ് ജേതാവ് ജെ. ജ്ഞാനശരവണൻ, നെൽക്കർഷകൻ ജോസ് ജോൺ, പച്ചക്കറികൃഷി സംസ്ഥാന അവാർഡ് ജേതാവ് എസ്.വി. സുജിത്ത്, ക്ഷീരകർഷകൻ ബൈജു നമ്പിക്കൊല്ലി, മത്സ്യകർഷകൻ ടി. പുരുഷോത്തമൻ, ഹൈടെക് കർഷക രശ്മി മാത്യു, കൃഷിവിദഗ്ധൻ ഡോ.സി. ഭാസ്കരൻ, ആർ.സി.സി. അഡീഷണൽ ഡയറക്ടർ ഡോ.എ. സജീദ്, അഗ്രിസ്റ്റാർട്ടപ് സംരംഭകൻ ദേവൻ ചന്ദ്രശേഖരൻ, മൃഗസംരക്ഷണമേഖലാ വിദഗ്ധൻ ഡോ. ആർ. വേണുഗോപാൽ, മത്സ്യമേഖലാ വിദഗ്ധൻ ഡോ.കെ.കെ.വിജയൻ, കാർഷിക മേഖല വിദഗ്ധൻ ജോർജ് അലക്സാണ്ടർ തുടങ്ങിയവർ സംവാദത്തിന് നേതൃത്വം നൽകി. ഡോ. ശ്രീവത്സൻ ജെ. മേനോൻ മോഡറേറ്ററായി.