അന്താരാഷ്ട്ര ചെറുധാന്യവര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീമിഷന് നയിക്കുന്ന സംസ്ഥാനതല ചെറുധാന്യഉല്‍പ്പന്ന-പ്രദര്‍ശന-വിപണന ബോധവത്കരണ ക്യാംപയിന് സെപ്തംബര്‍ 18ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കും. അയ്യങ്കാളി ഹാളിൽ ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്ളാഗ്ഓഫ് ചെയ്യും.
നമത്ത് തീവനഗ എന്ന പേരില്‍ ഒക്ടോബര്‍ ആറുവരെയാണ് ക്യാംപയിന്. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും യാത്ര കടന്നുപോകും.
ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയിലെ കാര്‍ഷികസംരംഭകര്‍ക്ക് ചെറുധാന്യങ്ങള്‍ക്ക് വിപണി കണ്ടെത്തുക, ജീവിതശൈലീരോഗങ്ങള്‍ തടയുന്നതിന് ചെറുധാന്യകൃഷിയുടെ ഉപഭോഗം, പാചകരീതി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാംപയിന്റെ ലക്ഷ്യങ്ങള്‍.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ രാവിലെ 10 മണി മുതല്‍ അഞ്ചുവരെ ക്യാംപയിന്റെ അനുബന്ധ പരിപാടികളും അരങ്ങേറും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അടക്കം പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെ പ്രദര്‍ശനം, വിത്തുകള്‍, പോഷകഗുണങ്ങള്‍ അടങ്ങിയ ചാര്‍ട്ട്, ചെറുധാന്യങ്ങളുടെ ഭക്ഷ്യമേള, വിപണനമേള, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും ക്യാംപയിന്റെ ഭാഗമായി സംഘടിപ്പിക്കും.
ചെറുധാന്യങ്ങളുടെ ഉല്‍പ്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനും അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.