മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് പഴയീച്ചയുടെ ആക്രമണമുണ്ടാകുന്നത്. ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയ ഈ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ കുഞ്ഞുദ്വാരങ്ങളുണ്ടാക്കി അതില്‍ കൂട്ടമായി മുട്ട ഇട്ടുവയ്ക്കുന്നു. മാങ്ങ പഴുക്കുന്ന പരുവമാകുമ്പോൾ ഈ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നുതിന്നുകയും ചെയ്യും. അതോടെ ഉൾഭാഗം നശിച്ച് പെട്ടെന്നു പഴുക്കുകയും മാങ്ങ ഞെട്ടറ്റ് മണ്ണിൽവീഴുകയും ചെയ്യും. ഇതിലുള്ള പുഴുക്കൾ വീണ്ടും മണ്ണിലെത്തി 8–10 ദിവസത്തിനുള്ളിൽ സമാധിദശയിലാകുന്നു. രണ്ടുമാസത്തിനകം ഈച്ചകളായി രൂപാന്തരപ്പെടുന്ന ഇവയിലെ പെണ്ണീച്ചകൾ വീണ്ടും മാങ്ങകളിൽ മുട്ട നിക്ഷേപിക്കുന്നു.
പഴയീച്ചകളുടെ വംശവർധന തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ പറയാം. ഏറ്റവും പ്രധാനം ചീഞ്ഞ മാങ്ങകള്‍ മുഴുവന്‍ കുഴിയിലാക്കി മണ്ണിട്ടുമൂടുകയാണ്. മീതൈൽ യുജിനോൾ അടങ്ങിയ ഫിറമോൺകെണികൾ ഇന്നു ലഭ്യമാണ്. ഇവ മാങ്ങ മൂപ്പെത്തുന്നതിനുമുമ്പ് മാവിന്റെ ശിഖരത്തിൽ തൂക്കിയിടുകയാണ് മറ്റൊരു മാര്‍ഗം. ആൺകായീച്ചകൾ കൂട്ടത്തോടെ ഈ കെണിയിൽ അകപ്പെടും. ഇത്തരത്തില്‍ നശിപ്പിച്ച് ഇവയുടെ വംശവർധന തടയാം. കേരളത്തിൽ മാർച്ച്– ഏപ്രിൽ മാസത്തിലാണ് മാമ്പഴ ഈച്ചകളുടെ വംശവർധന ഏറ്റവും കൂടുതലായി കാണുന്നത്.
ഇനി മൂപ്പെത്തിയ മാങ്ങകളെ എങ്ങനെ പുഴുക്കളില്‍നിന്നു രക്ഷിക്കാമെന്നു നോക്കാം. അതിനായി ഒരുപായമുണ്ട്. 10 ലിറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലിറ്റർ തിളച്ച വെള്ളവും നാലു ലിറ്റർ തണുത്ത വെള്ളവും ചേർക്കുക. ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേർത്തിളക്കുക. മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10–15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക. മാങ്ങകൾ പൂർണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്. ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ട് നന്നായിത്തുടച്ച് പഴുപ്പിക്കുക. നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും.
മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം. ഈ മിശ്രിതത്തിൽ മാങ്ങയിടുമ്പോൾ പഴയീച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും അതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയുംചെയ്യും. ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും.