Menu Close

വരാന്‍പോകുന്നത് കര്‍ഷകര്‍ക്ക് നിലയും വിലയുമുള്ള കാലം : മമ്മൂട്ടി

മറ്റുള്ള ഏത് തൊഴിലിനേക്കാളും ബഹുമാന്യത ഭക്ഷണം ഉല്പാദിപ്പിക്കുന്നതിനാണെന്ന് സിനിമാതാരം മമ്മൂട്ടി. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഏറ്റവും ബഹുമാന്യര്‍ കര്‍ഷകര്‍ തന്നെയാണ്. കർഷകന് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനവും നിലയും വിലയും ഉണ്ടാകുന്ന കാലമാണ് വരാൻ പോകുന്നതെന്നും മമ്മൂട്ടി പറഞ്ഞു. വിവരസാങ്കേതികവിദ്യയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ എത്ര വളര്‍ന്നാലും ആത്യന്തികമായി ബഹുമാനമുള്ളവരായി വരുംകാലത്ത് കർഷകര്‍ മാറും.
വായു, വെള്ളം എന്നിവ കഴിഞ്ഞാൽ ഏറ്റവും പ്രാധാനം ഭക്ഷണമാണ്. എന്നാൽ നമുക്ക് സ്ഥലപരിമിതിയുണ്ട്. ശ്രമിച്ചാല്‍ ലഭ്യമായ സ്ഥലത്ത് നമുക്കുള്ളതു മുഴുവന്‍ ഉത്പാദിപ്പിക്കാൻ സാധിക്കും. ഓരോരുത്തരിലുമുള്ള കർഷകനെ പുനരുജ്ജീവിപ്പിക്കണം. കാർഷിക താൽപര്യങ്ങളെ പരിപോഷിപ്പിക്കണം.

ഭക്ഷണസാധനങ്ങൾക്ക് വില കൂടുന്നു എന്നത് പൊതുവേ കേൾക്കുന്ന പരാതിയാണ്. എന്നാൽ ഈ ഉൽപ്പന്നങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് ആവശ്യമായ വില ലഭിക്കുന്നുമില്ല. കർഷകർക്കും ഉപഭോക്താവിനും ഗുണകരമായ രീതിയിൽ സാധനങ്ങളുടെ വില നിശ്ചയിച്ച് വിതരണം ചെയ്യുവാന്‍ സഹകരണ സംഘങ്ങൾ മുന്നോട്ടുവരണമെന്നും മമ്മൂട്ടി പറഞ്ഞു.

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയിലൂടെ കാർഷിക മേഖലയിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി എന്നത് പുറത്ത് വ്യവസായ മേഖലയായിട്ടാണ് അറിയപ്പെടുന്നത്. അതേസമയം,കാർഷിക മേഖലയ്ക്കും ഉചിതമായ അന്തരീക്ഷമാണ് മണ്ഡലത്തിലുള്ളത്. കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്നത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതിന്റെ ഭാഗമായി മണ്ഡലത്തിൽ ആദ്യം ഇറിഗേഷന് വേണ്ടിയാണ് പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി പെരിയാറിന്റെ കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കി. പെരിയാർ കൈവഴികളിൽ അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്തു. അടുത്തഘട്ടം കർഷകർക്ക് കുറഞ്ഞ പലിശയളവിൽ വായ്പ ലഭ്യമാക്കുകയാണ്. സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇതിന് പരിഹാരമായി. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ വില ലഭിക്കുന്നതിന് സഹകരണ സംഘങ്ങൾ വഴി സാധിച്ചു. 17 സഹകരണ ബാങ്കുകളുടെ പിൻബലത്തോടെ 159 സഹകരണ സംഘങ്ങൾ രൂപപ്പെട്ടു. കൃഷിക്കായി ചെറിയ പലിശയിൽ വായ്പയും വിപണിയും സഹകരണ സംഘങ്ങൾ വഴി ഉറപ്പാക്കുന്നുണ്ട്. വിവിധ കാർഷിക വിളകളിലായി 4500 അധികം കർഷകരാണ് ഇതിന് കീഴിൽ വരുന്നത്. ആയിരത്തിലധികം ഏക്കർ തരിശുഭൂമി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചു.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹകരണ ബാങ്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാർഷിക മേഖലയ്ക്കായി ഒന്നിച്ചുനിന്നു. കലാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി.

ഒരുകാലത്ത് ഏറെ പ്രസിദ്ധമായിരുന്ന ആലങ്ങാടൻ ശർക്കര പിന്നീട് നിലച്ചുപോയി. എന്നാൽ 2024 ൽ ആലങ്ങാടൻ ശർക്കര വിപണിയിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 850 ലാണ് കടുങ്ങല്ലൂരിൽ നെൽകൃഷി ആരംഭിച്ചത്. ഇവിടെ നിന്നുള്ള അരി ഇന്ന് വിപണിയിൽ ലഭ്യമാണ്. തോട്ടത്തിൽ നിന്ന് നേരിട്ട് വിഷരഹിതമായ ഭക്ഷണപദാർത്ഥങ്ങൾ ഉപഭോക്താവിലേക്ക് ലഭിക്കുന്ന അന്തരീക്ഷമാണ് ഇന്ന് നിലനിൽക്കുന്നതനെന്നും മന്ത്രി പറഞ്ഞു.

കാർഷികോത്സവം പദ്ധതിയുടെ ഭാഗമായി കളമശ്ശേരി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ വിളവെടുപ്പിൽ മികച്ച രീതിയിലുള്ള വിളവെടുപ്പാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. 17 സഹകരണ സംഘങ്ങളുടെ സ്റ്റാളുകളാണ് കാർഷികോത്സവം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഒപ്പം മണ്ഡലത്തിൽ ഉത്പാദിപ്പിച്ച പൊക്കാളി അരി പായസവും കാളാഞ്ചി കൊണ്ടുള്ള പ്രത്യേക വിഭവവും പാചക വിദഗ്ധനായ ഷെഫ് പിള്ളയുടെ നേതൃത്വത്തിൽ കേരളോത്സവം പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

സൗത്ത് കളമശ്ശേരി ടിവിഎസ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, പാചക വിദഗ്ധൻ ഷെഫ്‌ പിള്ള എന്നിവർ മുഖ്യാതിഥികളായി.