Menu Close

പ്രാദേശിക നെല്ലുത്പാദനത്തിൽ സ്വയംപര്യാപ്ത നേടാനൊരുരുങ്ങി മറ്റത്തൂർ

കേരളകര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്പിന്റെ പ്രതീകമാവുകയാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍. നെല്ലുൽപാദനരംഗത്ത് സ്വയംപര്യാപ്തതയുടെ മാതൃകയായി മറ്റത്തൂർ മട്ട വിപണിയിലെത്തിച്ചിരിക്കുകയാണ് ഇവര്‍. സമഗ്ര നെൽകൃഷി വികസനപദ്ധതിയുടെ ഭാഗമായി മറ്റത്തൂർ കൃഷിഭവന്റെയും ത്രിതലപഞ്ചായത്തിന്റെയും സഹായത്തോടെ‌ സൗജന്യമായി വിത്തും വളവും കൂലിച്ചെലവും നൽകി ഉൽപ്പാദിപ്പിച്ചതാണ്‌ മറ്റത്തൂർ മട്ട.
18 പാടശേഖരങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 250 ഹെക്ടറോളം നെൽകൃഷി ഉണ്ട്. ഇവിടെ ഉല്പാദിപ്പിക്കുന്ന നെല്ല് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഭരിച്ച് കുത്തി അരിയാക്കി പ്രാദേശികമായി വിറ്റഴിക്കുക എന്നതാണ് മറ്റത്തൂർ മട്ട പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പാലക്കാടൻ മട്ടയോട് സ്വാദിൽ കിടപിടിക്കുന്ന മട്ടയരിയാണ് കൃഷി ചെയ്തത്. ആദ്യഘട്ടത്തിൽ മനുരത്ന (ഉണ്ടമട്ട) ഇനങ്ങളിൽപെട്ടവയാണ് കൃഷി ഇറക്കിയത്. 3453 കിലോഗ്രാം നെല്ലാണ് ഇത്തരത്തിൽ സംഭരിച്ചത്. ശേഖരിച്ച നെല്ല് സ്വയംതൊഴിൽ സംരംഭകരുടെ സഹായത്തോടെ പുഴുങ്ങിക്കുത്തിയപ്പോള്‍ ലഭിച്ചത് 1850 കിലോ അരി. 10 കിലോ വീതം 150ലേറെ ചാക്കുകൾ ആക്കി ഗ്രാമപഞ്ചായത്ത് മുഖേനയാണ് ഇവ വിറ്റഴിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഈ മുന്നേറ്റത്തിൽ ഗ്രാമപഞ്ചായത്തിന് ലാഭമായി 60,000 രൂപ ലഭിച്ചു. കിലോയ്ക്ക് 55 രൂപ നിരക്കിലാണ് അരി വിറ്റഴിച്ചത്.

മികച്ച പ്രതികരണങ്ങളും വരുമാനവും ഗ്രാമപഞ്ചായത്തിന് തുടർന്നും വിജയ പ്രതീക്ഷയാണ് നൽകുന്നത്. വടി മട്ട വിഭാഗത്തിൽപ്പെട്ട ഇനമാണ് രണ്ടാംഘട്ടത്തിൽ കൃഷി ഇറക്കിയിരിക്കുന്നത്. ഇതിൽനിന്ന് പതിനായിരം കിലോ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഉപോൽപ്പന്നങ്ങളായ തവിട്, പൊടിയരി എന്നിവയും ഗുണമേന്മ കൂടിയ ഇനത്തിൽപ്പെട്ട തവിടുള്ള അരി തുടങ്ങിയവയും വിറ്റഴിക്കാൻ ലക്ഷ്യമിടുന്നുണ്ട്.

സമഗ്ര നെൽകൃഷി വികസനത്തിനായി മറ്റത്തൂർ ഗ്രാമപഞ്ചായത്ത് അമ്പതുലക്ഷം രൂപയാണ് വകയിരുത്തിയത്. സൗജന്യ വിത്ത്, 50 ശതമാനം സബ്സിഡിയിൽ വളം, 75 ശതമാനം സബ്സിഡിയിൽ കുമ്മായം, കൂലി ചെലവിൽ സബ്സിഡി എന്നിങ്ങനെ ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുന്നുണ്ട്. കൂലി ചെലവിലേക്കായി ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും 15 ലക്ഷം രൂപ വീതവും നൽകുന്നുണ്ട്.

ഭൂപ്രകൃതി പരമായ സാധ്യതകളും ഗുണമേന്മയും സ്വാദുമാണ് മറ്റത്തൂർ മട്ടയെ വേറിട്ടതാക്കുന്നത്. രണ്ടാം ഘട്ട കൊയ്ത്ത് നവംബറിൽ പൂർത്തിയാക്കും.