കുട്ടികള്‍ക്ക് കൃഷിയിൽ താത്പര്യം വളര്‍ത്താനായി കുഞ്ഞാവക്കൊരു ഹരിതവാടി പദ്ധതിക്കു കൊയിലാണ്ടിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവഹിച്ചു. കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം വളർത്തുക, പച്ചക്കറികൾ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു ഭക്ഷണസംസ്കാരം കുട്ടികളിലുണ്ടാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേന നഗരസഭയിലെ മുഴുവൻ അങ്കണവാടി കേന്ദ്രങ്ങൾക്കും ചട്ടി, വളം, പച്ചക്കറിത്തൈകൾ എന്നിവ വിതരണം ചെയ്തു. നഗരസഭ 2023-24 വാർഷികപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ വിദ്യ പദ്ധതി വിശദീകരിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.ഇ ഇന്ദിര, ഐ സി ഡി എസ് ഓഫീസർ സബിത എന്നിവർ സംസാരിച്ചു.