Menu Close

നിലമൊരുക്കി കൃഷി നമ്മെ കാത്തിരിക്കുന്നു

കൃഷി ജീവിതമാര്‍ഗമായി തിരഞ്ഞെടുക്കാന്‍ ആഗ്രഹമുണ്ടോ?

ഉണ്ടെങ്കില്‍ അത് എന്തുകൊണ്ടും നന്നായി. കാരണം, കൃഷിയിലേക്കിറങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്.
എന്തുകൊണ്ടാണ് ഇതു നല്ല സമയം എന്നുപറയുന്നത്?
കൃഷിചെയ്യാൻ മുന്നോട്ടുവരുന്നവർക്ക് ഏറ്റവും പറ്റിയ ഒരു രാഷ്ട്രീയ -സാമൂഹ്യ -സാങ്കേതിക കാലാവസ്ഥ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, പലരും വരച്ചുവച്ചിരിക്കുന്നതുപോലെ ഇവിടെ ഒരു യാചകന്റെയോ അഭയാർഥിയുടെയോ വേഷംകെട്ടി നില്‍ക്കരുതെന്നുമാത്രം. ആത്മാഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി മണ്ണിലേക്കിറങ്ങുക. സ്വന്തം ശക്തി -ദൗർബല്യങ്ങൾ അറിഞ്ഞ്, അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ച കർഷകന്‍/ കര്‍ഷക ആയിത്തീര്‍ന്നിരിക്കും.
എന്തൊക്കെയാണ് ആ അവസരങ്ങൾ?
നാം ജീവിക്കുന്ന ഈ കാലം കൃഷിക്ക് വലിയ സാധ്യതകള്‍ തുറന്നുതന്നിരിക്കുന്നു.

  1. കഴിക്കാൻ സുരക്ഷിതമായ നാടൻ കാർഷികോത്പന്നങ്ങൾക്കുള്ള ആവശ്യകതയിലും (demand ) സ്വീകര്യതയിലും (Acceptance ) ഉണ്ടായിട്ടുള്ള വര്‍ദ്ധനവ്.
  2. മറുനാടൻ പഴം / പച്ചക്കറികളോടുള്ള ഭയം തദ്ദേശകൃഷിക്കു നല്‍കിയിരിക്കുന്ന സാധ്യത.
  3. നാട്ടിലെമ്പാടും ഉള്ള തരിശുനിലങ്ങളും പറമ്പുകളും തരുന്ന സ്ഥലലഭ്യത.
  4. സാക്ഷരതയുള്ള ജനസമൂഹം.
  5. സജീവമായ വാണിജ്യ -സഹകരണ ധനകാര്യ സ്ഥാപനങ്ങൾ വഴി കേരളത്തിലെവിടെയുമുള്ള മൂലധന ലഭ്യത.
  6. എല്ലാ പഞ്ചായത്തുകളിലും ബ്ലോക്കുകളിലുമുള്ള കൃഷിഭവനുകൾ, മൃഗാശുപത്രികൾ, ക്ഷീരവികസന ഓഫീസുകൾ എന്നിവയുടെ പ്രവർത്തനം.
  7. കാർഷിക സർവ്വകലാശാല, വെറ്റിനറി സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ICAR ഗവേഷണ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ മുതലായവയുടെ പ്രവർത്തനങ്ങൾ.
  8. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ജൈവവ്യവസ്ഥ. (Start up Ecosystem)
  9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനതാല്പര്യമുള്ള നേതൃത്വം.
  10. VFPCK, Horticorp, Value Added Agriculture Mission (VAAM ), പുതുതായി ആരംഭിച്ച KABCO (Kerala Agro Business Company ), ഗവേഷണ സ്ഥാപനങ്ങളുടെ Technology Incubation Centre എന്നിവയുടെ ഏകോപിച്ചുള്ള പ്രവർത്തനം സാധ്യമായത്.
    ഇവയൊക്കെയാണ് കൃഷിയില്‍ പ്രതീക്ഷവയ്ക്കാന്‍ ഉണ്ടായിട്ടുള്ള അനുകൂല ഘടകങ്ങൾ. ഇതിനെയൊക്കെ ഭാവനാപൂർണമായി ഉപയോഗപ്പെടുത്തിയാല്‍ ഇന്നുള്ളതിനേക്കാൾ വലിയ മാറ്റം നമുക്ക് കൊണ്ട് വരാൻ കഴിയും.

ഇതിനായി എന്തൊക്കെ ചെയ്യാന്‍ കഴിയും?

  1. തരിശുഭൂമി ശേഖരം
    ബസിലോ തീവണ്ടിയിലോ യാത്രചെയ്യുമ്പോള്‍ ഒന്നു നിരീക്ഷിച്ചാല്‍ മതി, കൃഷി ചെയ്യാതെ കാടുകയറിക്കിടക്കുന്ന ധാരാളം പറമ്പുകളും പാടങ്ങളും കാണാനാകും. ഇത്തരം സ്ഥലങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകി, അവർ കൃഷി ചെയ്യുന്നില്ലായെങ്കിൽ ആ ഭൂമി തല്പരരായ മറ്റാളുകൾക്ക് കൃഷി ചെയ്യാൻ നൽകണമെന്നു പറയേണ്ടത് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതിനാവശ്യമായ ചട്ടങ്ങൾ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്.
    ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരത്തിൽ വാർഡുതലത്തിൽ തരിശുഭൂമി ശേഖരം (Fallow Land Bank) ഉണ്ടാക്കണം. അതോടെ, ‘പട്ടി തിന്നുകയുമില്ല പശുവിനെക്കൊണ്ട് തീറ്റിയ്ക്കുകയുമില്ല’ എന്ന മനോഭാവത്തോടെ പുരയിടം /നിലം തരിശ്ശിട്ടവരുടെ സമീപനത്തിന് അറുതി വരും. എന്നാല്‍, ഇങ്ങനെ ഇടപെടുന്ന പ്രാദേശിക ഗവൺമെന്റുകൾ ഇപ്പോള്‍ തുലോം വിരളമാണ്. പ്രസംഗങ്ങളും വാചകമടിയും നിര്‍ത്തി പ്രവര്‍ത്തിച്ചുതുടങ്ങണമെന്നര്‍ത്ഥം.
  2. കാര്‍ഷിക നിക്ഷേപക സംഗമം
    മേല്‍പ്പറഞ്ഞതരത്തില്‍ തരിശുഭൂമിശേഖരം രൂപീകരിച്ചശേഷം പ്രാദേശികതലത്തിൽ ഒരു കാർഷിക നിക്ഷേപകസംഗമം ( Agricultural Investment Meet -AIM ) നടത്തണം. അതില്‍, തരിശുഭൂമിയില്‍ കൃഷിയിറക്കാൻ താല്പര്യമുള്ള വ്യക്തികൾ, സംഘങ്ങൾ, സ്ഥാപനങ്ങൾ എന്നിവരുമായി ഗ്രാമപഞ്ചായത്ത് ധാരണാപത്രം ഒപ്പിടണം. ഭൂവുടമസ്ഥന് നാട്ടുനടപ്പനുസരിച്ച് കിട്ടാനുള്ള പാട്ടവും മറ്റ് ആനുകൂല്യങ്ങളും വ്യവസ്ഥ ചെയ്യണം. കൃഷി ചെയ്യാനുള്ള ഭൂമി കുറഞ്ഞത് മൂന്ന് വർഷത്തെക്കെങ്കിലും പാട്ടത്തിനു കിട്ടണം. എങ്കിൽ മാത്രമേ കാര്യമായ നിക്ഷേപത്തിന് ആളുകള്‍ തയ്യാറാവൂ.
  3. പ്രൊജക്റ്റ്‌ ക്ലിനിക്കുകൾ
    ഇങ്ങനെ മുന്നോട്ടുവരുന്നവർക്ക് കേന്ദ്ര-സംസ്ഥാന-പ്രാദേശിക സർക്കാരുകളുടെ വിവിധ പദ്ധതികൾ വിശദീകരിക്കാൻ പ്രൊജക്റ്റ്‌ ക്ലിനിക്കുകൾ (PC ) സംഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അതിന് മുൻകയ്യെടുക്കേണ്ടത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മണ്ണുസംരക്ഷണം, മണ്ണുപര്യവേഷണം, VFPCK Horticorp, സഹകരണബാങ്കുകൾ, വാണിജ്യബാങ്കുകൾ, സ്മാൾപേയ്‌മെന്റ് ബാങ്കുകൾ, പോസ്റ്റോഫീസ് ബാങ്കുകൾ, KSEB, KAICO, RAIDCO, കാർഷിക സർവ്വകലാശാല, ICAR സ്ഥാപനങ്ങൾ, വ്യവസായവകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികൾ അതിൽ പങ്കെടുത്ത്, അവർക്ക് എന്തൊക്കെ സേവനങ്ങൾ കർഷകർക്കുവേണ്ടി ചെയ്യാൻ കഴിയും എന്നു വിശദീകരിക്കണം.
  4. ആസൂത്രണവും ഏകോപനവും
    ഓരോ കൃഷിയിടങ്ങൾക്കും അനുയോജ്യമായ Farm Plan തയ്യാറാക്കണം. അതിനെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കാൻ കഴിയുന്ന ഒരു നോഡൽ ഓഫീസർ കൃത്യമായി follow up ചെയ്യണം. വേണമെങ്കിൽ ഒരു സർക്കാർ ഉത്തരവിലൂടെ ഒരു നോഡൽ ഓഫീസറെ കളക്റ്റർ ചുമതലപ്പെടുത്തണം.
  5. പ്രവര്‍ത്തനമൂലധനം
    മുന്നോട്ടു വരുന്ന കർഷകർക്ക് ആവശ്യമായ Credit Plan തയ്യറാക്കണം. കിസാൻ ക്രെഡിറ്റ്‌ കാർഡുകൾ ലഭ്യമാക്കുന്നതിന്റെ സാദ്ധ്യതകൾ ആരായണം. വാണിജ്യ -സഹകരണ ബാങ്കുകൾ ഊർജ്ജിതമായി രംഗത്തുവരണം.
  6. മണ്ണുപരിശോധന
    കർഷകർക്ക് മണ്ണാരോഗ്യ കാർഡുകൾ (Soil Health Cards )കൊടുക്കാൻ കൃഷിവകുപ്പിന്റെയും മണ്ണുസംരക്ഷണ -പര്യവേഷണ വകുപ്പിന്റെയും ലാബുകൾ സന്നദ്ധമാകണം. സാമ്പിൾ കർഷകൻ ലാബിലെത്തിച്ചാൽ റിസൾട്ട്‌ പതിനഞ്ച് ദിവസത്തിനുള്ളിൽ വാട്സാപ്പിൽ ലഭ്യമാക്കണം.
  7. യന്ത്രവല്‍ക്കരണം
    കര്‍ഷകര്‍ക്ക് ആവശ്യമായ യന്ത്രവൽകൃത കാർഷികസേവനങ്ങൾ (Mechanized Agro Services ) ആവശ്യാനുസരണം പണം നല്‍കി ഉപയോഗിക്കാനാവുന്ന സംവിധാനമൊരുക്കാന്‍ (On demand, on payment ) കൃഷിശ്രീ സെന്റർ, ആഗ്രോ സർവീസ് സെന്റർ, കാർഷിക കർമ്മസേനകൾ എന്നിവ മുന്നോട്ടുവരണം. അതിലൂടെ, സാങ്കേതിക വിഭാഗത്തിൽ പെട്ട ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളും കൈവരും.
    സ്വന്തമായി യന്ത്രങ്ങൾ ആവശ്യമുള്ളവർക്ക് SMAM പദ്ധതിയിൽ പെടുത്തി അവ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണം. കൃഷിവകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിന് ഇതിൽ വലിയ പങ്കുണ്ട്.
  8. ജലസേചനം
    ഇത്തരം തോട്ടങ്ങളിൽ ജലസേചനസൗകര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്വം ജലവിഭവ വകുപ്പിനായിരിക്കണം. നിലവിൽ ഡാമിൽ നിന്നുള്ള വെള്ളം തുറന്നുവിട്ടാൽ തങ്ങളുടെ പണികഴിഞ്ഞു എന്ന മനോഭാവം മാറണം.
    Minor Irrigation വിഭാഗത്തിനും അവരുടേതായ പങ്കുവഹിക്കാനുണ്ട്. ഇതിനായി Community irrigation, Lift Irrigation സ്കീമുകളുടെ പ്രവർത്തനം പുനസംഘടിപ്പിക്കണം. അവർ കൃഷിവകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗവുമായി ഒത്തുചേർന്ന് ഇതു നിർവഹിക്കണം.
    പ്രധാൻമന്ത്രി കൃഷി സിംചായീ യോജന (PMKSY ) പോലെയുള്ള പദ്ധതികൾ വഴി ഡ്രിപ്, സ്പ്രിംക്ലെർ നനരീതികൾ കർഷകർക്ക് ലഭ്യമാക്കണം. ‘താൻപാതി സർക്കാർ പാതി’ എന്ന രീതിയിൽ നിക്ഷേപിക്കാൻ കഴിയുന്നവർ മാത്രം പുതിയ കൃഷിസാധ്യതകള്‍ തേടിയാല്‍ മതിയാകും. നൂറ് ശതമാനം സബ്‌സിഡി ഇനി കർഷകർ പ്രതീക്ഷിക്കേണ്ടതില്ല.
  9. സംയോജിതകൃഷി
    കൃഷിഭൂമിയില്‍ ആവശ്യമായ അനുബന്ധ സംരംഭങ്ങൾ തുടങ്ങാൻ കര്‍ഷകര്‍ക്കു കഴിയേണ്ടതുണ്ട്. പശു, ആട്, കോഴി, താറാവ്, പോത്ത് തുടങ്ങിയയുടെ കൃഷി കൂടി ഉള്‍ച്ചേരുന്ന സംയോജിതരീതിയാണ് അഭികാമ്യം. ഇതിനു സഹായകമായ നിർദേശങ്ങളുമായി മൃഗസംരക്ഷണ -ക്ഷീരവകുപ്പുകൾ സ്വമേധയാ മുന്നോട്ടുവരണം. സാധ്യമായ സ്ഥലങ്ങളിൽ തീറ്റപ്പുൽക്കൃഷി പ്രോത്സാഹിപ്പിക്കണം. സ്വന്തം ആവശ്യത്തിന് വേണ്ടെങ്കിൽ ഡയറിഫാമുകൾക്ക് അത് ആവശ്യമുണ്ടാകും.
    കുളങ്ങളുള്ളവരും കൃത്രിമകുളങ്ങൾ ഉണ്ടാക്കാൻ താല്പര്യമുള്ളവരും ബയോഫ്ലോക് രീതി ചെയ്യാൻ കഴിയുന്നവരും ഒക്കെ മത്സ്യവകുപ്പിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കാൻ Horticorp നു കഴിയും.
  10. വിജ്ഞാനവും സേവനവും
    ഇവരുടെ തോട്ടങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ആവശ്യപ്രകാരമോ കൃഷിവകുപ്പ്/ കാർഷികസർവ്വകലാശാല /കൃഷിവിജ്ഞാന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും സന്ദർശിക്കണം. തോട്ടങ്ങൾ സന്ദർശിച്ചു ഉപദേശം നൽകാൻ മികച്ച കർഷകരെയും നിയോഗിക്കാം. അവർക്ക് honorarium നൽകാം. വാട്സ്ആപ് സംവിധാനം വഴിയും 1800 180 1551 എന്ന ടോൾ ഫ്രീ നമ്പറിലൂടെയും വിദൂരസേവനം നൽകാൻ കൃഷിവകുപ്പിന് കഴിയുന്നുണ്ട്.
    ഇവർക്കാവശ്യമായ വിള ഇൻഷുറൻസ് സൗകര്യം കൃഷിഭവൻ വഴി ഏർപ്പെടുത്തണം.
    ഓരോ ഗ്രാമപഞ്ചായത്തും ഏതെങ്കിലും IT ബാക്ക് ഗ്രൗണ്ടുള്ള (B Tech /Diploma etc) ഒരു ചെറുപ്പക്കാരനെ/കാരിയെ സേവനനിരക്ക് നിശ്ചയിച്ച്, കൃഷിഭവനുകളിലിരുത്തിയാൽ ചുരുങ്ങിയ നിരക്കിൽ IT & IT enabled services കർഷകന് നൽകാൻ കഴിയും. ഇതിനായുള്ള പല സംവിധാനങ്ങളും ചൂഷണാത്മകമായി കർഷകരെ പിഴിയുന്ന അവസ്ഥക്ക് ശമനം ഉണ്ടാകും. മെച്ചപ്പെട്ട സേവനം താങ്ങാവുന്ന നിരക്കിൽ കർഷകനു ലഭ്യമാകും.
    കർഷകർക്കാവശ്യമായ വിത്തുകളും തൈകളും മറ്റ് ഉത്പാദനോപാധികളും വിൽക്കാൻ Input Centre, Agro Pharmacy എന്നിവ സഹകരണ -സ്വകാര്യ മേഖലകളിൽ ഉയർന്നുവരണം. അത്രയും പേർക്ക് തൊഴിൽ ലഭിക്കും. തൊഴിൽരഹിതരായ കാർഷിക ബിരുദധാരികൾ ഇതിനായി മുന്നോട്ടു വരണം.
  11. വിപണനം
    App കളുടെ സഹായത്തോടെ കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ചു വിപണനം ചെയ്യാൻ ചെറുപ്പക്കാർ മുന്‍കൈയെടുക്കണം. ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കാൻ കഴിയണം. BTech യോഗ്യതയുള്ള തൊഴിൽരഹിതർ ഇതിനു തയ്യാറാകണം.
    വലിയ അളവിലുള്ള ഉത്പന്നങ്ങൾ സംഭരിക്കാൻ VFPCK, Horticorp, KABCO, കൃഷിവകുപ്പിന്റെ Rural & Urban Wholesale Market കൾ എന്നിവ സജ്ജമാകണം.
    ചെറിയ അളവിലുള്ളവ വിൽക്കാൻ തക്കവണ്ണം ഇക്കോഷോപ്പുകൾ ശാക്തീകരിക്കണം. പ്രവാസജീവിതം കഴിഞ്ഞ് നാട്ടിൽ തൊഴിലില്ലാതെ നിൽക്കുന്നവരെ ഇത്തരം സംരംഭങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കോഷോപ്പുകൾ വഴി പഴം -പച്ചക്കറി -പാൽ -മുട്ട -ഇറച്ചി -മൂല്യ വർധിതോത്പന്നങ്ങൾ എന്നിവ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കണം. അതിലൂടെ ഉത്പാദകനും ഉപഭോക്താവിനും Win -Win സാഹചര്യം സംജാതമാക്കാൻ കഴിയും.
    ഉത്പന്നങ്ങളുടെ ഒരു ഭാഗം, പിന്നീടുള്ള ഉപയോഗത്തിനുവേണ്ടി സൂക്ഷിക്കാൻ Value added products ഉണ്ടാക്കാൻ ഉള്ള പരിശീലനങ്ങൾ കാർഷിക സർവ്വകലാശാല നൽകണം.
    Common Facility Centreകൾ ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾ ആരംഭിക്കണം. Small Farmer Agri Business Consortium, Agricultural Infrastructure Fund, Value Added Agriculture Mission, MSME Schemes, PMEGP എന്നിവ വഴി കാർഷിക മേഖലയിൽ സംരംഭങ്ങൾ വരാൻ അരങ്ങൊരുക്കണം. ബന്ധപ്പെട്ട വകുപ്പുകൾ DPR Clinics നടത്തി ആവശ്യക്കാർക്ക് Bankable Projects തയ്യാറാക്കി നൽകണം.
    മുഴുവൻ സമയ കർഷകരെ കർഷക ക്ഷേമനിധിയിൽ അംഗമാക്കണം. അവർക്ക് ചികിത്സ സഹായം അടക്കം പതിനൊന്നോളം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.
    അങ്ങനെ എന്തെല്ലാം ആശകളും സാദ്ധ്യതകളും. ഈ പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള സംവിധാനങ്ങൾ ഇവിടുണ്ട്. പക്ഷെ ആശിക്കുന്ന തരത്തിലുള്ള ഏകോപന -സംയോജനങ്ങൾ നടക്കുന്നില്ല എന്നതാണ് പ്രശ്നം.
    എന്ന് ഇതൊക്കെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നുവോ അന്ന് യഥാർത്ഥ കർഷകൻ (ദിവസവും എട്ട് മണിക്കൂർ കൃഷി അനുബന്ധ പ്രവൃത്തിയിൽ ഏർപ്പെടുന്നവർ) സാമ്പത്തികമായി ശാശ്വതോന്നമനം നേടും. അതുവഴി പുലരുന്നത് ഹരിത കേരളമല്ല, നിത്യ ഹരിത കേരളമായിരിക്കും.