Menu Close

മൂന്നരലക്ഷം സഹായം. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കെ ഒ തോമസ്

എറണാകുളം ജില്ലയില്‍ കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് 220 കെവി ലൈനിനുകീഴിൽ നിന്ന വാഴകൾ കെഎസ്‌ഇബിക്കാര്‍ വെട്ടിയ സംഭവത്തിൽ കർഷകന്‍ കെ ഒ തോമസിനു സഹായധനം ലഭിച്ചു. മൂന്നരലക്ഷം രൂപയുടെ ചെക്ക് കർഷകദിനമായ ചിങ്ങം ഒന്നിന് രാവിലെ തോമസിന്റെ വീട്ടിലെത്തി ആന്റണി ജോൺ എംഎൽഎ കൈമാറി. തോമസ്‌ കൃഷി ചെയ്തിരുന്ന 406 വാഴകളാണ് കഴിഞ്ഞ ആഗസ്ത്‌ നാലിന് കെഎസ്ഇബിക്കാര്‍ വെട്ടിനശിപ്പിച്ചത്‌. വിഷയം വിവാദമായതോടെ സർക്കാർ ഇടപെടുകയും മന്ത്രിസഭ സഹായധനം പ്രഖ്യാപിക്കുകയായിരുന്നു.

കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച വാഴയുടെ നഷ്ടപരിഹാരം ഉടൻ അനുവദിച്ചുനൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, കൃഷിമന്ത്രി പി പ്രസാദ്, വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി, ആന്റണി ജോൺ എംഎൽഎ തുടങ്ങി മാധ്യമപ്രവർത്തകർ, നാട്ടുകാർ അടക്കം ഒപ്പംനിന്ന എല്ലാവര്‍ക്കും കർഷകകുടുംബം ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചു. സഹായധനത്തിൽ തൃപ്തനാണെന്ന് തോമസ് പറഞ്ഞു.

കെഎസ്ഇബി ട്രാൻസ്മിഷൻ ഡയറക്ടർ സജി പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻനായർ, വൈസ് പ്രസിഡന്റ് ബിന്ദു ശശി, എഫ്‌ഐടി ചെയർമാൻ ആർ അനിൽകുമാർ, എംപിഐ ചെയർമാൻ ഇ കെ ശിവൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. തോമസിന്റെ ഭാര്യ മേരി, മക്കളായ അനീഷ്, ബിനീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.