Menu Close

കണ്ണൂരില്‍ ക്ഷീരസംഘം, ഹരിതസംഘം അവാർഡുകള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീരവ്യവസായ സഹകരണസംഘം, തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘം, പിണറായി ക്ഷീരോൽപാദക സഹകരണസംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. 2024 ഫെബ്രുവരി 6 നു കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ചെറുതാഴത്തുനടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. ഫെബ്രുവരി 5 നു പിലാത്തറയിലെ ചെറുതാഴം സർവ്വീസ് സഹകരണബാങ്ക് അഗ്രി മാർട്ടിൽ നടക്കുന്ന ക്ഷീരസഹകാരിസംഗമത്തിൽ എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ച ഹരിത സംഘങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ജില്ലയിലെ മുഴുവൻ ക്ഷീര സഹകരണസംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുവാന്‍ ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിൻ സർവ്വെ പൂർത്തിയായിട്ടുണ്ട്. 2023 നവംബർ 26 നാണ് സർവ്വെ തുടങ്ങിയത്. ക്ഷീരവികസനവകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടത്തിയത്. ക്ഷീര സഹകരണസംഘങ്ങൾ ശുചിത്വവും ഹരിതവുമായ സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശങ്ങൾ നേരത്തേ ക്ഷീര സംഘങ്ങൾക്ക് നല്കിയിരുന്നു.

പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണം, ക്ഷീരസ്ഥാപന ശുചിത്വം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ നല്കിയിരുന്നത്. നേരിട്ടുള്ള പരിശോധനയിൽ ലഭിച്ച സ്കോറിന്റെ അടിസ്ഥാനത്തിൽ സംഘങ്ങൾക്ക് എ പ്ലസ് ,എ, ബി,എന്നീ ഗ്രേഡുകളാണ് നൽകിയിട്ടുള്ളത്.