Menu Close

കേരളീയത്തില്‍ എല്ലാ ദിവസവും പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍

കേരളീയത്തോടനുബന്ധിച്ച് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി എല്ലാ ദിവസവും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പെറ്റ് ന്യുട്രീഷന്‍ കോര്‍ണര്‍ പ്രവര്‍ത്തിക്കും. വൈകിട്ട് അഞ്ചുമണി മുതല്‍ ഒന്‍പതുമണിവരെ ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും പോഷകാഹാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍, വാക്‌സിനേഷന്‍ വിവരങ്ങള്‍, പരിപാലന രീതികളെ കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തലുകള്‍ എന്നിവ നേരിട്ട് ഡോക്ടര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, എല്ലാദിവസവും വൈകിട്ട് 4.30 മുതല്‍ ആറു വരെ ഓമനകളായി വളര്‍ത്തുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ആഹാരരീതികള്‍, പരിപാലനം എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ ക്ലാസുകളും നയിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വളര്‍ത്തു മൃഗങ്ങളുടേയും, പക്ഷികളുടേയും തീറ്റ വസ്തുക്കളുടെയും പ്രദര്‍ശന- വിപണനം എന്നതിലുപരി അവയെ വളര്‍ത്തുന്നവരുടെ കടമകളും, സാമൂഹിക പ്രതിബദ്ധതയും ഓര്‍മ്മപ്പെടുത്തുകയും, മൃഗക്ഷേമം ഉറപ്പാക്കി തീറ്റ പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍, ജന്തുജന്യരോഗങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മൃഗങ്ങളെ വളര്‍ത്തുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയുമാണ് ലക്ഷ്യം വയ്ക്കുന്നത്.

വളര്‍ത്തു നായകളുടെ പരിപാലന രീതികളിലും തീറ്റ സമ്പ്രദായങ്ങളിലും കാലാകാലാങ്ങളായി വന്നിട്ടുള്ള വ്യത്യാസങ്ങള്‍ വിവരിക്കുന്ന രേഖാചിത്രങ്ങള്‍ക്കും രേഖപ്പെടുത്തലുകള്‍ക്കുമൊപ്പം സെല്‍ഫി പോയിന്റുകളും പെറ്റ് ഫുഡ് സ്റ്റാളിന്റെപ്രത്യേകതയാണ്.