Menu Close

കര്‍ഷകരെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുക്കില്ല -പി പ്രസാദ്

ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥന്‍, ഇനി നമുക്കുവേണ്ടത് നിത്യഹരിതവിപ്ലവമാണെന്നു പറഞ്ഞിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളം കാര്‍ഷികമേഖലയില്‍ നിത്യഹരിതവിപ്ലവമാണ് നടപ്പാക്കുവാന്‍ പോകുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളപ്പിറവി മുതല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന നൂതനപരിപാടിയായ കേരളീയത്തിന്റെ ഭാഗമായി നവമ്പര്‍ 2 ന് നിയമസഭയിലെ ശ്രീ ശങ്കരനാരയണൻ തമ്പി ഹാളില്‍ നടന്ന കാര്‍ഷിക സെമിനാറില്‍ ആധ്യക്ഷം വഹിച്ചു ഉപസംഹാര പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

  പരിസ്ഥിതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും എല്ലാം പരിഗണിച്ചുകൊണ്ടുള്ള സുസ്ഥിര കാർഷികവികസനമാണ് നിത്യഹരിതവിപ്ലവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമെമ്പാടും പലതരം അനുകരണീയ മാതൃകകളും ബദലുകളുമുണ്ട്. നമ്മുടെ നാട്ടില്‍ത്തന്നെ എത്രയോ കർഷക വിജയഗാഥകളുമുണ്ട്. അവയിൽ നിന്നെല്ലാം നല്ലവ സ്വീകരിക്കും. കേരളീയം കാർഷിക സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങൾ സമാഹരിച്ച് നവംബറിൽ തന്നെ കർമപദ്ധതി തയാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ നവകാർഷിക കേരളം സാധ്യമാക്കുന്നതിന് സമഗ്ര പദ്ധതികൾ തയാറാക്കി നടപ്പാക്കും. എല്ലാ ജില്ലകളിലെയും കർഷകരുമായി ആശയവിനിമയം നടത്തിയാവും പദ്ധതികൾ ആവിഷ്കരിക്കുക. 
  ആധുനിക കാർഷിക സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. എന്നാൽ കാർഷികമേഖലയിലെ കോർപറേറ്റുകൾക്ക് കർഷകരെ എറിഞ്ഞുകൊടുക്കില്ല. ചെറുകിടകർഷകർക്ക് പരമാവധി പ്രോത്സാഹനം നൽകും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തും. കേരള കാർഷിക സർവകലാശാല കർഷകർക്കായി നടത്തുന്ന സേവനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പാനലിസ്റ്റുകളായ ഡോ. നീരജയും ഡോ. കടമ്പോട്ട് സിദ്ധീഖും പ്രശംസിച്ചത് സന്തോഷം നൽകിയതായും കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കാർഷിക സർവകലാശാലയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കർഷകരുമായി സർവകലാശാലയെ ബന്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. കേരഗ്രാമം പദ്ധതി വിപുലപ്പെടുത്തും. കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി ഉത്പാദനക്കുറവല്ലെന്നും ഉത്പാദനത്തിന് അനുസരിച്ചുള്ള വിപണി ഉണ്ടാകുന്നില്ല എന്നതാണെന്നും മന്ത്രി പറഞ്ഞു.

കാർഷികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറുമായ ബി അശോക് കൃഷിവകുപ്പിന്റെ പദ്ധതി അവതരിപ്പിച്ചു. 

ദേശീയ കാർഷിക ശാസ്ത്ര അക്കാദമി സെക്രട്ടറി കെ.സി ബെൻസൽ സുസ്ഥിര കാർഷിക വികസനത്തിനും ഉത്പാദനക്ഷമതക്കും നൂതന ശാസ്ത്രസാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

  ലോക ബാങ്ക് സീനിയർ എക്കണോമിസ്റ്റ് ക്രിസ് ജാക്സൺ സുസ്ഥിരമായ ഉത്പാദനത്തിന് കാർഷികവരുമാനം വർധിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുകയും കാർബൺ നിർഗമനം കുറയ്ക്കുകയുമാണ് പ്രധാനമായി പരിഗണിക്കേണ്ട വിഷയങ്ങള്‍ എന്ന് വിശദീകരിച്ചു.
  സംസ്ഥാന അഗ്രികൾച്ചറൽ പ്രൈസസ് ബോർഡ് ചെയർമാൻ പി രാജശേഖരൻ  നിലവിൽ കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന 9 സാങ്കേതിക ഇടപെടലുകൾ കൂടുതൽ ശക്തമാക്കി നടപ്പിലാക്കിയാൽ കേരളത്തിലെ കാർഷിക രംഗം വികസിക്കുമെന്നും കർഷകരുടെ വരുമാനം വർധിക്കുമെന്നും വിശദീകരിച്ചു.
  വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ ഡയറക്ടർ ഡോ. കടമ്പോട്ട് സിദ്ദീഖ് നിലവിലെ കാർഷിക സാഹചര്യവും മാറിക്കൊണ്ടിരിക്കുന്ന ആഗോള കാർഷിക മേഖലയും പരിചയപ്പെടുത്തി. കേരളത്തിലെ പ്രശ്നങ്ങളും അവ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

  ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് ചെയർമാനും വിയറ്റ്നാമിലെ മുൻ കാർഷിക വികസന, ഗ്രാമ വികസന മന്ത്രിയുമായ കാവു ഡ്യൂ ഫാട്ട് 

കേരളത്തെപ്പോലെ വിയറ്റ്നാമും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ഏറെ അഭിമുഖീകരിക്കുന്നതായി പറഞ്ഞു. വിയ്റ്റ്നാമിലെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക അഭിവൃദ്ധിക്കുമായി വിയറ്റ്നാം സർക്കാർ നടത്തിയ ഇടപെടലുകളും വിപണിയധിഷ്ഠിത നയരൂപീകരണവും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൈസ് റിസർച്ച് മുൻസിപ്പൽ സയന്റിസ്റ്റുമായ സിഎൻ നീരജ നെൽകൃഷിയിൽ കീടപ്രതിരോധ ശേഷിയും ഉപ്പുവെള്ളത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഇനങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന് പറഞ്ഞു. കേരളത്തിലെ പൊക്കാളി നെല്ലിൽ ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന ജീൻ കണ്ടെത്തിയതായും ഇത് ലോകത്തിന് തന്നെ നേട്ടമാണെന്നും അവർ പറഞ്ഞു. ഔഷധ, പോഷക മൂല്യമുള്ള നെല്ലിനങ്ങളും സങ്കര വർഗങ്ങളും വികസിപ്പിക്കണമെന്നും ഡോ. നീരജ പറഞ്ഞു.

കേരളത്തിൽനിന്ന് ഇസ്രായേൽ സന്ദർശിച്ച കർഷക സംഘത്തിലെ അംഗവും കാസറഗോഡ് സ്വദേശിയുമായ ശ്രീവിദ്യ എം, സംസ്ഥാന കർഷക അവാർഡ് ജേതാവും ആലപ്പുഴക്കാരനുമായ സുജിത്ത് എസ് പി, പാലക്കാട്നിന്നുള്ള കാർഷിക സംരംഭകനായ ജ്ഞാനശരവണൻ എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു.