Menu Close

കൃഷിക്ക് 1698.30 കോടി രൂപ. മൃഗസംരക്ഷണത്തിന് 277.14 കോടി രൂപ. ക്ഷീരവികസനത്തിന് 109.25 കോടി രൂപ.

രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ വരുംനാളുകളില്‍ കൃത്യമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കേരളസമ്പദ് വ്യവസ്ഥയുടെ കരുത്തായ കാര്‍ഷികമേഖലയ്ക്ക് 2024-25 വാർഷികപദ്ധതിയിൽ ആകെ 1698.30 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകരുടെ വരുമാനം ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയതിനുശേഷം കാർഷികമേഖലയിൽ 2,36,344 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ധനമന്ത്രി വിശദീകരിച്ചു.

കാര്‍ഷികമേഖലയില്‍ ബജറ്റ് വിഭാവനം ചെയ്യുന്ന പ്രധാന ആശയങ്ങള്‍ ഇവയാണ്:

കൃഷി

*കേരളാ കാലാവസ്ഥാപ്രതിരോധ കാർഷികമൂല്യശൃംഖല ആധുനികവൽക്കരണ പദ്ധതി
(Kerala Climate Resilient Agri Value Chain Modernisation Project (KERA))
2024-25 -ൽ ലോകബാങ്ക് വായ്പയോടെ ആരംഭിക്കുന്നതാണ് ഈ പുതിയ പദ്ധതി. ചെറുകിടകർഷകർ, കാർഷികാധിഷ്ഠിത സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങൾ, ഫാർമർപ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന തരത്തിൽ കേരളത്തിലെ ഭക്ഷ്യകാർഷിക മേഖലയുടെ വാണിജ്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയും അതുവഴി പ്രാദേശിക സാമ്പത്തികവികസനം ശക്തിപ്പെടുത്തുകയും ചെയ്യുകയുമാണ് ഇതിന്റെ ലക്ഷ്യം. അടുത്ത അഞ്ചുവർഷം കൊണ്ട് കാര്‍ഷികമേഖലയില്‍ മൊത്തം 2365 കോടി രൂപ ഈ പദ്ധതി വഴി മാത്രം ചെലവിടും. കാർഷികമേഖലയിലെ കാലാവസ്ഥാപ്രതിരോധവും ലഘൂകരണവും, ചെറുകിട വാണിജ്യ വൽക്കരണം, കണ്ടിൻജൻസി എമർജൻസി റസ്പോൺസ്, പൊട്ടൻഷ്യൽ ക്ലൈമറ്റ് ഫിനാൻസിങ്ങ് എന്നീ ഘടകങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. മൂല്യവർദ്ധനയുമായി ബന്ധപ്പെട്ട പ്രോജക്ട് ഘടകങ്ങൾ വ്യവസായവകുപ്പിൻ്റെ സജീവപങ്കാളിത്തത്തോടെ നടപ്പിലാക്കും.

വിളപരിപാലന മേഖലയ്ക്കായി ആകെ 535.90 കോടി രൂപ

സംസ്ഥാനത്തെ ഏഴ് നെല്ലുൽപ്പാദക കാർഷികാവാസ യൂണിറ്റുകൾ മുന്‍നിര്‍ത്തി നെല്ലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് 93.60 കോടി രൂപ.

സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറിക്കൃഷിവികസനത്തിനായി 78.45 കോടി രൂപ.

നാളികേരകൃഷിയുടെ വികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കി 65 കോടി രൂപ. നാളീകേരത്തിന് നിലവിലുണ്ടായിരുന്ന താങ്ങുവില കിലോഗ്രാമിന് 32 രൂപയിൽ നിന്ന് 34 രൂപയായി കഴിഞ്ഞ ബജറ്റിൽ ഉയർത്തിയിരുന്നു.

സുഗന്ധവ്യജ്ഞന പ്രോത്സാഹിപ്പിക്കുന്നതിന് 4.60 കോടി രൂപ.

ഫലവർഗ്ഗകൃഷിയുടെ വിസ്തൃതി വിപുലീകരിക്കുന്നതിനായി ആകെ 18.92 കോടി രൂപ. ഇതിന്റെ 25% ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കും.

വിളകളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കാലാവസ്ഥാ മാറ്റങ്ങളെയും കീടബാധയെയും പ്രതിരോധിക്കാനുമായി പുതിയ ഗവേഷണസ്ഥാപനം.
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ക്രോപ് ബ്രീഡിംഗ് എന്ന ഈ സ്ഥാപനം വരിക. സംസ്ഥാനത്ത് വിളകളെ മികച്ച പ്രതിരോധഗുണവും ഉൽപ്പാദനശേഷിയുള്ളതുമാക്കി മാറ്റുവാന്‍ ഇതിനു കഴിയും. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ.

വിള ആരോഗ്യ പരിപാലനപരിപാടികൾക്കായി 13 കോടി രൂപ.

ഫാംയന്ത്രവൽക്കരണത്തിനുള്ള സഹായപദ്ധതിയ്ക്കായി 16.95 കോടി രൂപ.

കുട്ടനാട്ടിലെ പരമ്പരാഗത “പെട്ടിയും പറയും” സമ്പ്രദായത്തിനു പകരം വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പും മോട്ടോർ തറയും സ്ഥാപിക്കുന്നതിനും പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുമായി 36 കോടി രൂപ.

കൃഷി ഉന്നതി യോജനക്ക് കീഴിലുള്ള വിവിധ സ്കീമുകളുടെ സംസ്ഥാന വിഹിതമായി 77 കോടി രൂപ.

വിളവെടുപ്പിനുശേഷമുള്ള പരിപാലനത്തിനും മൂല്യവർദ്ധനവിനുമായി ആകെ 8 കോടി രൂപ.

കാർഷികോല്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് 43.90 കോടി രൂപ.

കാർഷിക സർവ്വകലാശാലയിലെ ഗവേഷണപ്രവർത്തനങ്ങൾക്കു മാത്രമായി 42 കോടി രൂപ. മൊത്തം 75 കോടി രൂപ.

മണ്ണ് – ജല സംരക്ഷണമേഖലയിലെ പദ്ധതിപ്രവർത്തനങ്ങൾക്കായി 83.99 കോടി രൂപ.

മൃഗസംരക്ഷണം
മൃഗസംരക്ഷണമേഖലയ്ക്ക് ആകെ 277.14 കോടി രൂപ.
മൃഗസംരക്ഷണമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 82.50 കോടി രൂപ.
കേരളാ വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവ്വകലാശാലയ്ക്ക് 57 കോടി രൂപ.

മൃഗചികിത്സാസേവനങ്ങൾ ശക്തിപ്പെടുത്താൻ 32.18 കോടി രൂപ.പ.

കേരള ഫീഡ്‌സിനുള്ള ധനസഹായമായി 16.20 കോടി രൂപ.

“മൃഗസംരക്ഷണസേവനങ്ങൾ വീട്ടുപടിയ്ക്കൽ” എന്ന പദ്ധതിക്ക് 17 കോടി രൂപ.

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിന് 17.14 കോടി രൂപ. ഇത് മുൻവർഷത്തെക്കാൾ 3.64 കോടി രൂപ അധികമാണ്.

ക്ഷീരവികസനം
ക്ഷീരവികസനമേഖലയ്ക്കായി മൊത്തം 109.25 കോടി രൂപ.
റൂറൽ ഡയറി എക്സ്‌റ്റൻഷൻ ആൻ്റ് ഫാം അഡ്വൈസറി സർവ്വീസ് എന്ന പദ്ധതിക്ക് 11.40 കോടി രൂപ.
ക്ഷീരസഹകരണ സംഘങ്ങൾക്ക് സഹായമായി 22.55 കോടി രൂപ.