കൊക്കോകൃഷി ഗവേഷണത്തിന് കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്ക് 5.43 കോടി രൂപ കൂടി ലഭിക്കും. ഇത് നല്‍കുന്നത് കാഡ്ബറീസ് എന്ന വ്യാപാരനാമത്തിലറിയപ്പെടുന്ന മൊണ്ടിലീസ് കമ്പനിയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കേരള കാർഷികസർവകലാശാലയും മൊണ്ടിലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡും കഴിഞ്ഞ ദിവസം ഒപ്പിട്ടു. മോണ്ടിലീസ് കമ്പനിയുടെ ധനസഹായത്തോടെ കഴിഞ്ഞ 37 വർഷമായി കാര്‍ഷികസര്‍വ്വകലാശാല ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. അതിന്റെ സുപ്രധാനമായ ഒരു വികാസമാണ് പുതിയ ഉടമ്പടിയിലൂടെ ഉണ്ടാകുന്നത്. പുതിയ പദ്ധതിയുടെ കാലയളവ് അടുത്ത മൂന്നു വര്‍ഷമാണ്. ഇന്ത്യയിലെ കൊക്കോ ഗവേഷണത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രോജക്ടിന്റെ ഗവേഷണ ലക്ഷ്യം.
കഴിഞ്ഞ 37 വര്‍ഷത്തെ ഗവേഷണകാലയളവില്‍ അഭിമാനകരമായ നേട്ടങ്ങളാണ് സര്‍വ്വകലാശാല തീര്‍ത്തത്. ഇന്ത്യയിലെ കൊക്കോകൃഷി ഗവേഷണത്തിന്റെ കേന്ദ്രമാകാന്‍ ഇതിലൂടെ കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്കു കഴിഞ്ഞു. ഇന്ത്യയിലെ കൊക്കോകൃഷി വ്യാപനത്തിലും ഈ കണ്ടെത്തലുകള്‍ കാരണമായി. രാജ്യത്തെ 90% ലധികം കൊക്കോത്തോട്ടങ്ങളിലും നട്ടുപിടിപ്പിച്ചിരിക്കുന്നത് ഈ ഗവേഷണപദ്ധതിയുടെ ഫലമായി വികസിപ്പിച്ചെടുത്ത നടീൽവസ്തുക്കളാണ്. ലോകത്തെ ശരാശരി കൊക്കോ ഉൽപാദനം ഒരു ചെടിയില്‍നിന്ന് ഒരു വർഷം .5 കിലോഗ്രാം ഉണക്കക്കുരു എന്നതായിരിക്കെ ഇന്ത്യയുടെ ശരാശരി ഉൽപാദനം 2.5 കിലോഗ്രാം ഉണക്കക്കുരുവാണ്. നടീൽവസ്തുക്കളുടെ ജനിതകഗുണമേന്മയാണ് ഇതു വിളിച്ചോതുന്നത്. കൂടാതെ കൊക്കോക്കാവശ്യമായ എല്ലാ കൃഷിരീതികളും ഉരുതിരിയിച്ചെടുക്കാൻ കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്കു സാധിച്ചിട്ടുണ്ട്.
കൊക്കോ രാജ്യത്തെ പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാൽ പുതിയ കീടരോഗങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയെ നിയന്ത്രിക്കാനുള്ള മാർഗം ഉരുതിരിയിച്ചെടുക്കുകയാകും പുതിയ ഗവേഷണപദ്ധതിയുടെ പ്രധാനലക്ഷ്യം. ഒപ്പം, പ്രതികൂലകാലാവസ്ഥയെ അതിജീവിക്കുന്ന ഇനങ്ങളും വികസിപ്പിച്ചെടുക്കും. ഇന്ത്യയിലെ ഭാവി കൊക്കോകൃഷിക്ക് മുതൽക്കൂട്ടാകുന്നതാകും ഇതിന്റെ ഫലങ്ങള്‍ എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.
സര്‍വ്വകലാശാലയും മോണ്ടിലീസും തമ്മിലുള്ള ഉടമ്പടി കേരള കാർഷിക സർവകലാശാല രജിസ്ട്രാർ പി.ഒ നമീറും മൊണ്ടിലീസ് ഇന്ത്യ ഡയറക്ടർ ശ്രീ രൂപക്ക് ഭട്ടും തമ്മിൽ കേരള കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ.ബി അശോക് ഐ എ എസ് ന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. ചടങ്ങിൽ മിഖേൽ പിക്കറിങ് (മൊണ്ടിലീസ് ഗ്ലോബൽ ടീം), മൈക്ക് ഗ്യാരി (ഡയറക്ടർ മൊണ്ടിലീസ് ഗ്ലോബൽ ഗ്ലോബൽ ആർ&ആൻഡ് ഡി ടീം), ജസ്വാൾ വരിന്ദർ (ആർ&ഡി ലീഡർ മൊണ്ടിലീസ് ഇന്ത്യ), കശ്യപ് പൂർവ് (ശാസ്ത്രഞ, മൊണ്ടിലീസ് ഇന്ത്യ), ശ്രീ. വിജയകുമാർ (മാനേജർ, കൊക്കോലൈഫ്) ഡോ.മധു സുബ്രഹ്മണ്യൻ (ഗവേഷണവിഭാഗം മേധാവി, കെഎയു), മദൻകുമാർ (കംപ്ട്രോളർ,കെഎയു) എന്നിവർ സന്നിഹിതരായിരുന്നു. ഡോ.ബി.സുമ (പ്രൊഫസർ&ഹെഡ്), ഡോ.മിനിമോൾ (പ്രൊഫസർ) എന്നിവരാണ് ഈ പ്രൊജക്ടിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ.