Menu Close

കാരാപ്പുഴ റിസര്‍വോയറില്‍ ഇനി കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങള്‍

വയനാട് ജില്ലാപഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തില്‍ കാരാപ്പുഴ നെല്ലാറച്ചാല്‍ റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ 15 ലക്ഷം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടം 6 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ വീതം ബാണാസുര സാഗര്‍ ഡാം റിസര്‍വോയറിലും കാരാപ്പുഴ റിസര്‍വോയറിലും നിക്ഷേപിച്ചിരുന്നു. തുടര്‍നിക്ഷേപങ്ങളുടെ ഭാഗമായി രണ്ടാം ഘട്ടം കാരാപ്പുഴ – നെല്ലാറച്ചാല്‍ റിസര്‍വോയറില്‍ 2 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സീതാ വിജയന്‍, മുഹമ്മദ് ബഷീര്‍, മെമ്പര്‍മാരായ ബിന്ദു പ്രകാശ്, ബീനാ ജോസ് കരുമാംകുന്നേല്‍, സിന്ധു ശ്രീധരന്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പാര്‍മാരായ പി.സി ആമിന, എ.ആര്‍.മോഹനന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സി. ആഷിഖ് ബാബു, കാരാപ്പുഴ മത്സ്യഭവന്‍ ഫിഷറീസ് എക്റ്റന്‍ന്‍ഷന്‍ ഓഫീസര്‍ കെ.ഡോണ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.