Menu Close

കണ്ണൂര്‍ ഫെനി കശുമാങ്ങയ്ക്കും കേരളത്തിനും നല്ലതിന്

വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം പഴങ്ങളുടെ മൂല്യവര്‍ദ്ധനവിലൂടെ വീര്യംകുറഞ്ഞ കള്ളുല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തില്‍ യാഥാര്‍ത്ഥ്യമാവാന്‍ പോവുകയാണ്. കണ്ണൂരിലെ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് കശുമാങ്ങയില്‍നിന്നാണ് മദ്യം ഉല്പാദിപ്പിക്കുന്നത്. അതിനുള്ള നിയമവും ചട്ടങ്ങളും പ്രാവര്‍ത്തികമാകാന്‍ വര്‍ഷങ്ങളെടുത്തു. കണ്ണൂര്‍ ഫെനി എന്ന പേരില്‍ മാസങ്ങള്‍ക്കകം മദ്യം വിപണിയിലെത്തും.
കേരളാ സ്മോൾ സ്കെയിൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഒഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്സ് ഒഫ് കേരള) റൂൾസ് 2022ആണ് ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികളോടെ നിയമമായി മാറിയിരിക്കുന്നത്. ഇതനുസരിച്ച് കശുമാങ്ങിയില്‍നിന്നു മാത്രമല്ല ചക്ക, മാങ്ങ, വാഴപ്പഴം എന്നിവ ഉൾപ്പെടെയുള്ള മറ്റു പഴവർഗങ്ങളിൽനിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോത്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് ഇതോടെ അനുമതിയായി. മദ്യത്തിന്റെ വിലയും നികുതിയും നിശ്ചയിക്കുന്നത് നികുതി വകുപ്പായിരിക്കും. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽനിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ നിരവധി കർഷകർക്കു ഉയർന്ന വരുമാനവും കൂടുതലാളുകള്‍ക്കു തൊഴിലും ലഭിക്കും.
കശുമാവുകർഷകർ ഏറെയുള്ള കണ്ണൂർ, കാസർകോട് ജില്ലകളെ ആശ്രയിച്ചാണ് പയ്യാവൂരില്‍ ഫാക്ടറി തുടങ്ങുന്നത്. ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. നിലവിൽ പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളിൽ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാൽ കശുമാങ്ങയ്ക്കും വില കിട്ടുന്നതോടെ കശുമാവുകൃഷിയും വർദ്ധിക്കും. 2004-2005ൽ ഇരുജില്ലകളിലുമായി 41,022 ഹെക്ടർ കൃഷിയുണ്ടായിരുന്നു. ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഒരു വൃക്ഷത്തിൽ നിന്ന് പത്തു കിലോവരെ കശുവണ്ടി കിട്ടും. കർഷകർക്കും സംരംഭകർക്കും വലിയ പ്രയോജനമാകുന്നതാണ് മദ്യോത്പാദന നീക്കം. സീസൺ സമയത്ത് ടൺ കണക്കിന് കശുമാങ്ങ വീണ് നശിക്കുന്നതിന് പരിഹാരം ഉണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഒരു കിലോ കശുവണ്ടിയുടെ പഴത്തിന്റെ തൂക്കം ശരാശരി 9.700 കിലോയാണ്. ഇത്രയും പഴത്തിൽ നിന്ന് 5.5 ലീറ്റർ നീര് കിട്ടും. ഈ നീര് സംസ്കരിച്ചാൽ അര ലിറ്റർ ഫെനി കിട്ടും. ഒരു ക്വിന്റൽ കശുവണ്ടിയുടെ പഴം പിഴിഞ്ഞാൽ 550 ലീറ്റർ നീര് കിട്ടും. ഇത്രയും നീര് സംസ്കരിച്ചാൽ 50 ലീറ്റർ ഫെനി കിട്ടും. കശുഅണ്ടി വിലയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായാലും ഫെനിയുടെ വിലയിൽ മാറ്റമുണ്ടാകില്ല. അതുകൊണ്ടു തന്നെ ഫലത്തില്‍, കശുമാങ്ങ കശുവണ്ടിയേക്കാൾ മൂല്യമേറിയതായി മാറും.
വിദേശ വിനോദ സഞ്ചാരികളുടെ ജനപ്രിയ പാനീയമാണ് ഗോവൻ ഫെനി. കേരളത്തിൽ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിലൂടെ ടൂറിസം മേഖലയെയും പരിപോഷിപ്പിക്കാൻ കഴിയും. നിലവിൽ കാർഷിക സർവ്വകലാശാലയുടെ കശുവണ്ടി ഗവേഷണ കേന്ദ്രം, പ്ലന്റഷൻ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ കശുമാങ്ങയിൽ നിന്ന് കാഷ്യൂ കാൻഡി, ജാം, സ്ക്വാഷ്, സോഡാ തുടങ്ങി നിരവധി ഉത്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്.
പുതിയ നിയമമനുസരിച്ച് ഫെനിയുടെ ഉല്പാദനം യാഥാര്‍ത്ഥ്യമാകുന്നതോടെ
അനുമതിയായ മറ്റ് ഫലങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള പദ്ധതികള്‍ കൂടുതല്‍ അനായാസമായി നടപ്പാക്കാനാകും. അതായത് അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ ഇത്തരം നിരവധി ഫാക്ടറികള്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് പുതുചൈതന്യം പകരുന്നതാകും ഈ സംഭവവികാസങ്ങള്‍.
പഴങ്ങളില്‍നിന്നുള്ള മദ്യം പുറത്തിറക്കുന്ന സമയം ഇതിനുമുമ്പുള്ള നീരയില്‍നിന്നുള്ള അനുഭവങ്ങള്‍ നമുക്ക് പാഠമാകേണ്ടതാണ്. 2014ലാണ് കേരളത്തിൽ നീര പാനീയം കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതി ആംരഭിച്ചത്. ഇതുപോലെ വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ഏറെ പ്രതീക്ഷകളുമായാണ് നീരോല്പാദനം ആരംഭിച്ചത്. ആദ്യം നല്ല മുന്നേറ്റമായിരുന്നു. 29 കമ്പനികൾ നീര ഉത്പാദനം ആരംഭിച്ചു.
എന്നാൽ ഫലപ്രദമായ സാങ്കേതികവിദ്യയുടെ അഭാവം അതിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. തെങ്ങില്‍നിന്നു ചെത്തിയെടുക്കുന്ന നീര ഉടന്‍തന്നെ ശീതീകരിച്ച് സൂക്ഷിക്കാനാകാത്തതുമൂലം അതിന്റെ രുചിയും ഗുണവും നിലനിര്‍ത്താനാകാഞ്ഞതാണ് നീരയുടെ പരാജയത്തിന്റെ പ്രധാനകാരണം. നീര ചെത്താനുള്ള വിദഗ്ധപരിശീലനം കിട്ടിയവര്‍ കുറഞ്ഞതും മറ്റൊരു കാരണമായി. ഇന്ന് സംസ്ഥാനത്തെ മിക്ക നീര കമ്പനികളും അടച്ചുപൂട്ടിയ സ്ഥിതിയാണ്. നീരയ്ക്ക് വിപണി കണ്ടെത്താൻ കഴിയാതിരുന്നതും സാമ്പത്തികബാധ്യത വർദ്ധിച്ചതും മൂലം മിക്ക കമ്പനികളും പ്രവർത്തനം അവസാനിപ്പിച്ചു. ഇവ പരിശോധിച്ച് നീര ഫരലപ്രദമായി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതേസമയം, കാര്‍ഷികോല്പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ അവസരമൊരുങ്ങിയത് നീരയ്ക്കും ഗുണകരമാകും. നീരയില്‍നിന്ന് വീര്യം കുറഞ്ഞ മധുരക്കള്ള് ഉത്പാദിപ്പിക്കാന്‍ പ്രായേണ എളുപ്പമാണ്. അതിനാല്‍ പൂട്ടിക്കിടക്കുന്ന നീരക്കമ്പനികള്‍ക്കും കണ്ണൂര്‍ ഫെനിയുടെ കടനനുവരവ് ഗുണകരമാകുവാനാണ് സാധ്യത. ടൂറിസം രംഗത്ത് ഉൾപ്പെടെ ഇതിന്റെ മെച്ചമുണ്ടാകും.
എന്തായാലും കണ്ണൂര്‍ ഫെനി പുതിയൊരു യുഗത്തിന്റെ തുടക്കമാണ്. കേരളത്തിന്റെ വിവിധ കാര്‍ഷികോല്പന്നങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം നമുക്കുണ്ടാക്കാന്‍ കഴിയുകയും ഫലപ്രദമായി അവ മാര്‍ക്കറ്റ് ചെയ്യുകയും ചെയ്താല്‍ കാര്‍ഷികരംഗത്ത് വമ്പിച്ച മാറ്റങ്ങള്‍ക്ക് അതു കാരണമാകുമെന്നത് തീർച്ച.