രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാല് പരിശോധിച്ച് മായം കണ്ടെത്തിയാൽ കർശനമായി തടയുമെന്നും കാസര്‍കോട് ഉദുമ നാലാംവാതുക്കലില്‍ ക്ഷീര വികസന വകുപ്പിന്റെ ‘ ഹൈജീനിക്ക് മില്‍ക്ക് കളക്ഷന്‍ റൂം ‘ പദ്ധതിയില്‍ ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
49 വര്‍ഷം മുമ്പ് തുടങ്ങിയ ഉദുമ ക്ഷീരോദ്പാദക സഹകരണ സംഘം ദിവസേന നൂറു ലിറ്റര്‍ പാല് ശേഖരിക്കുന്നയിടത്ത് നിന്ന് 1200 ലിറ്ററോളം പാല് സംഭരിക്കുന്ന സംഘമായി മാറി. സംസ്ഥാന സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കായി നിരവധി പദ്ധതികളും സബ്സിഡികളും നല്‍കുന്നുണ്ട്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മറ്റെല്ലാ മേഖലകളും പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടപ്പോള്‍ ക്ഷീരമേഖല തടസ്സമില്ലാതെ മുന്നോട്ടുപോയി. സംസ്ഥാനത്തിന് ആവശ്യമായ 90 ശതമാനത്തോളം പാല് നാട്ടില്‍ തന്നെ സംഭരിക്കുന്നുണ്ട്. പാലിന് പുറമെ പാലുത്പന്നങ്ങളും ഇപ്പോള്‍ സഹകരണ സംഘങ്ങള്‍ സംഭരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും ഗുണനിലവാരവും മേന്മയുമുള്ള പാല് സംസ്ഥാനത്തെ മലബാര്‍ മേഖലയിലെ മില്‍മ പാലെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു.
2022-23 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാല് അളന്ന യുവകര്ഷകന് അനില്‍ കുമാര്‍ വി. നാലാംവാതുക്കലിനെയും യുവകര്‍ഷക എം.ആരിഫാബിയെയും മന്ത്രി ആദരിച്ചു. മില്‍മ ചെയര്മാന് കെ.എസ്.മണി പാല് ശീതികരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന് സംഘത്തിലെ ആദ്യകാല കര്‍ഷകരെ ആദരിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.