Menu Close

🌾 ദ് ടേസ്റ്റ് ഓഫ് തലയാഴം; മൂല്യ വർദ്ധിത ഭക്ഷ്യോത്പന്നങ്ങൾക്കു വിപണിയുമായി ജില്ലാപഞ്ചായത്ത്

തലയാഴത്ത് ടേസ്റ്റ് ഓഫ് തലയാഴം എന്ന പേരിൽ ആരംഭിച്ച കാർഷികമൂല്യവർദ്ധിത ഭക്ഷ്യോത്പന്നങ്ങളുടെ വിപണനകേന്ദ്രം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു ഭക്ഷ്യോത്പന്നങ്ങൾ തലയാഴം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെൽസിസോണിക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബിയുടെ നിർദ്ദേശപ്രകാരം 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാമിഷൻ, കുമരകം കാർഷിക വിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് തലയാഴം തോട്ടകത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തുവക കെട്ടിടത്തിൽ ഈ കേന്ദ്രം ആരംഭിച്ചത്. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.
തലയാഴം കൂടാതെ സമീപപഞ്ചായത്തുകളിലെ കർഷകർക്കുകൂടി ഗുണകരമാകുന്ന വിധമാണ് ജില്ലാ പഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കാർഷികോത്പന്നങ്ങൾ സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി കാർഷികോത്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ടുവാങ്ങി സംസ്കരിക്കും. കൂടാതെ കർഷകർക്കും സ്ഥാപനങ്ങൾക്കും കാർഷികവിളകൾ ഫെസിലിറ്റി സെന്ററിൽ എത്തിച്ച് നിശ്ചിതഫീസ് നൽകി ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റാനും അവസരമൊരുക്കും. വിവിധതരം അച്ചാറുകൾ, ചിപ്സ്, ചമ്മന്തിപ്പൊടി, സ്ക്വാഷ്, ജാം, ധാന്യ പൊടികൾ, ചക്ക ഉൽപ്പന്നങ്ങൾ, മൂല്യവർദ്ധിത മത്സ്യോൽപ്പന്നങ്ങൾ, മരച്ചീനി ഉൽപ്പന്നങ്ങൾ, വിവിധതരം കറിപ്പൊടികൾ തുടങ്ങി നൂറോളം ഉത്പന്നങ്ങളാണ് ഫെസിലിറ്റി സെന്ററിലൂടെ ഉത്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നത്.