Menu Close

സൂര്യനെ മെരുക്കിയാല്‍ കൃഷിയില്‍ വിജയിക്കാം. പ്രമോദ് മാധവൻ എഴുതുന്നു

ഇന്ന് (മെയ് 16) ലോകപ്രകാശദിനമാണ്. മനുഷ്യന്റെ നേട്ടങ്ങളില്‍ പ്രകാശത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രകാശദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വെളിച്ചത്തിന്റെ പലതരം ഭേദങ്ങള്‍ ഉപയോഗത്തിലുണ്ട്. അതേസമയം, എല്ലാ വെളിച്ചങ്ങളുടെയും സ്രോതസ് ഒന്നുമാത്രമാണെന്നു നമുക്കറിയാം. അത് സാക്ഷാല്‍ സൂര്യനല്ലാതെ മറ്റൊന്നല്ല. ജീവന്റെതന്നെ ആധാരമായി സൂര്യന്‍ നമുക്കുനേരേ ഉദിച്ചുനില്‍ക്കുന്നു. സൂര്യനില്ലാതെ നമുക്കു കൃഷിയില്ല. സൂര്യനില്ലാതെ ഭൂമിയില്ല.
എട്ടിലോ ഒൻപതിലോ പഠിക്കുമ്പോള്‍ വളരെ ആകസ്മികമായാണ് ഒഎന്‍വി കുറുപ്പിന്റെ സൂര്യഗീതം എന്ന കവിത ഞാന്‍ വായിക്കുന്നത്. അന്ന് ഡിഗ്രിയ്ക്ക് പഠിച്ചിരുന്ന അമ്മാവന്റെ മലയാളം പുസ്തകം മറിച്ചുനോക്കിയപ്പോള്‍ കണ്ടതാണ്. എങ്ങനെയോ അതെനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. കാര്‍ഷികകോളേജിലെത്തുമെന്നോ കൃഷി ഭാവിജീവിതത്തിന്റെ ഭാഗമായി മാറുമെന്നോ അന്ന് ചിന്തിച്ചിട്ടുകൂടിയില്ല. എങ്കിലും, കൃഷിയുടെ ഊര്‍ജ്ജസ്വരൂപമായ സൂര്യനെ സൂര്യഗീതത്തിലൂടെ അന്നുഞാനറിഞ്ഞു. കവിത തുടങ്ങുന്നത് ഇങ്ങനെയാണ്.
“സ്വസ്തി, ഹേ സൂര്യ! തേ സ്വസ്തി!
മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന
സുസ്നേഹമൂര്‍ത്തിയാം സൂര്യാ!
വറ്റാത്ത നിറവാര്‍ന്ന നിന്‍ തപ്തദീപ്തമാം
അക്ഷയപാത്രത്തില്‍നിന്നുറന്നൊഴുകുന്നൊ-
രിത്തിരിച്ചുടുപാല്‍ വെളിച്ചംകുടിച്ചിവിടെ
ഇച്ചെറിയ വട്ടത്തിലിക്കൊച്ചുഭൂമിയില്‍
ജീവന്റെയുന്മത്ത നൃത്തം!..”
വെളിച്ചത്തിന്റെ ആധാരമായ സൂര്യനെ പ്രകീര്‍ത്തിക്കുന്ന അതിമനോഹരമായ കവിത. സൂര്യന്റെ തല്ലും തലോടലുംകൊണ്ടു ജീവിക്കുന്ന മലയാളികള്‍ക്ക് ആ മഹനീയവരത്തിന്റെ വില എത്രമാത്രം അറിയുമെന്നു സംശയമാണ്. അതറിയണമെങ്കിൽ മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലേക്കു ചെല്ലണം. നല്ല സൂര്യവെളിച്ചത്തിനുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ട മനുഷ്യരുമുണ്ട് നമ്മുടെ ഭൂമിയില്‍.
വെയിലില്ലെങ്കിൽ കൃഷിയില്ലെന്നു പറഞ്ഞു. കൃഷിയില്ലെങ്കിൽ പിന്നെ ഭക്ഷണമെവിടുന്ന്? ഭക്ഷണമില്ലെങ്കില്‍ ജീവനെങ്ങനെ നിലനില്‍ക്കും? ആ ജീവനാധാരമായ സൂര്യന്‍ കൃഷിയെ ഏതൊക്കെ തരത്തിലാണ് സ്വാധീനിക്കുക എന്ന് ഈ പ്രകാശദിനത്തിലെങ്കിലും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.
വെയിലറിഞ്ഞു കൃഷി ചെയ്യണം എന്നു കേട്ടിട്ടില്ലേ. വെയിലില്ലെങ്കിൽ വിളവില്ല എന്നതും മറ്റൊരു പഴഞ്ചൊല്ലാണ്. നല്ല വെയിൽ കിട്ടുന്ന ചെടികൾ വളയില്ല. അതായത് വിളവിനും വളവില്ലായ്മയ്ക്കും വെയിൽ അനിവാര്യം എന്നര്‍ത്ഥം. ചെടികൾ ഇന്നലെക്കൊണ്ട വെയിലാണ് ഇന്നവർ തരുന്ന വിളവ്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ, ഹരിതകത്തിന്റെ മധ്യസ്ഥതയിൽ, വെള്ളവും വളവും കാർബൺ ഡയോക്സയ്ഡും ചേരുമ്പോൾ ചെടികളിൽ C6 H12 O6 എന്ന അന്നജമുണ്ടാകുന്നു. ചെടികളിൽ, പയർച്ചെടികൾക്ക് അതിനെ പ്രോട്ടീനാക്കാനുള്ള സവിശേഷ കഴിവുമുണ്ട്. ഈ അന്നജം വേരുകളിലോ ഇലകളിലോ പൂവുകളിലോ കായ്കളിലോ തണ്ടുകളിലോ തരാതരം പോലെ ചെടികൾ സംഭരിച്ചുവയ്ക്കുന്നു. ഇതാണ് ഈ ലോകത്ത് ജീവൻ നിലനിൽക്കാൻ കാരണം.
ഓരോ ചെടികൾക്കും വേണ്ട സൂര്യപ്രകാശത്തിന്റെ തോത് വ്യത്യസ്തമാണ്. ചിലവ തുറസ്സായ സാഹചര്യവും സമൃദ്ധമായ സൂര്യപ്രകാശവും ആഗ്രഹിക്കുന്നു (Heliophytes ). ചിലവ ഭാഗികമായ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നവയാണ്. വേറെചിലതിന് അരിച്ചിറങ്ങുന്ന സൂര്യപ്രകാശം (Filtered sunlight) മതി. ഇതറിഞ്ഞ് വിളകൾ തെരഞ്ഞെടുക്കുന്ന കർഷകന്, മറ്റു കാര്യങ്ങൾകൂടി ഒത്തുവന്നാൽ വിജയം സുനിശ്ചിതം. സൂര്യപ്രകാശത്തിൽ തരംഗദൈർഘ്യം കുറഞ്ഞ നീലയും ദൈർഘ്യംകൂടിയ ചുവപ്പുമാണ് ചെടികൾ കൂടുതലായി ആഗിരണം ചെയ്യുന്നത്. രാവിലെത്തെ വെയിലിൽ നീലരശ്മികളും ഉച്ചകഴിഞ്ഞുള്ള നേരം ചുവപ്പുരശ്മികളും കൂടുതലായിരിക്കും. രാവിലത്തെ വെയിൽ പച്ചക്കറികൾക്ക് കൂടുതൽ ഉത്തമമാണ്.
തുടക്കക്കാർ, വെയിലിന്റെ ദിശ നോക്കി, വെയിലറിഞ്ഞു കൃഷി ചെയ്യണം. കിഴക്കുനിന്നുള്ള വെയിൽ ചൂടു കുറഞ്ഞതാണ്. പടിഞ്ഞാറു നിന്നുള്ളത് ചൂടേറിയതും. അതുകൊണ്ട്, വൃക്ഷവിളകൾ വയ്ക്കാൻ വടക്കുദിക്കാണ് ഏറെ അനുയോജ്യം.
തെക്കുപടിഞ്ഞാറൻ വെയിൽ കടുപ്പമേറിയതാണ്. അതിനാൽ തെങ്ങിൻതൈകൾക്ക് ആ ദിശയില്‍നിന്ന് വെയിലേൽക്കാതിരിക്കാൻ തണൽ നൽകണം. തെക്കോട്ടുചരിഞ്ഞ ഭൂമിയിൽ കുരുമുളകും ഫലവൃക്ഷങ്ങളും വയ്ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. കുരുമുളകുകൊടികൾ നടേണ്ടത് താങ്ങുമരത്തിന്റെ വടക്കുകിഴക്കു ഭാഗത്താണ്.
മരങ്ങളിൽ പടിഞ്ഞാറൻവെയിൽ നേരിട്ടുതട്ടുന്ന ചില്ലകൾ ആദ്യം പൂവിടും. ഉദാഹരണം ഗ്രാമ്പൂ. തരംഗദൈർഘ്യം കൂടിയ ചുവപ്പിന്റെ കളിയാണിത്. ഇഞ്ചി, മഞ്ഞൾ എന്നിവ പടിഞ്ഞാറുദിശയിൽ നട്ടാൽ വിളവുകൂടുമെന്ന് പറയുന്നു. പരീക്ഷിച്ചു നോക്കാം. പടിഞ്ഞാറേഭിത്തിയിൽ ചാണകമൊട്ടിച്ച്, അതിൽ വിത്തുപതിപ്പിച്ച്, വെയിൽ കൊള്ളിച്ച് നടുമത്രേ, മുളക്കരുത്തു കിട്ടാൻ. പടിഞ്ഞാറോട്ടുചെരിവുള്ള കുന്നുകൾ തേയില, കാപ്പി മുതലായ കൃഷികള്‍ക്ക് കൂടുതൽ അനുയോജ്യമെന്നും പറയാറുണ്ട്.
നമ്മൾ കൃഷിചെയ്യുന്ന എല്ലാ വിളകളും ദിവസം 6 മണിക്കൂറിൽക്കൂടുതൽ വെയിൽ ഇഷ്ടപ്പെടുന്നവയാണ്. എന്നാൽ ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കിഴങ്ങ്, കൂവ, കാന്താരിമുളക് എന്നിവ അല്പമൊക്കെ തണൽ സഹിക്കും. വെയിലില്ലാത്തിടത്ത് നേന്ത്രവാഴക്കൃഷിയ്ക്ക് ഇറങ്ങരുത്. എന്നാൽ ഞാലിപ്പൂവൻ, പാളയൻകോടൻ, മൊന്തൻ, റോബസ്റ്റ, പടറ്റി എന്നിവ കുറെയൊക്കെ തണലിഷ്ടപ്പെടുന്നവയാണ്. നമ്മുടെ പച്ചക്കറികളിൽ മുളകൊഴികെ എല്ലാത്തിനും ആറുമണിക്കൂറിൽ കൂടുതൽ വെയിൽ കിട്ടുന്ന സ്ഥലങ്ങൾ തന്നെ വേണം.
തെങ്ങിൻതോട്ടത്തിൽ ആദ്യ 7 വർഷവും, പിന്നീട് 25 കൊല്ലത്തിനുശേഷവും ഇടവിളകൾ നന്നായി വിളയുന്നതിനു കാരണവും ലഭ്യമാകുന്ന വെയിലിന്റെ അളവു തന്നെ. ഓലക്കാലുകളുടെ ആകൃതി തന്നെ വെയിൽ അരിച്ചിറങ്ങാൻ പാകത്തിനാണ്. വെയിൽ കടയിൽനിന്ന് വാങ്ങാൻ കിട്ടില്ലല്ലോ . അത് സ്വഭാവികമായി ചെടികൾക്ക് ലഭ്യമാക്കുകയാണു വേണ്ടത്. വീട്ടുപുരയിടം ലക്കും ലഗാനുമില്ലാതെ മരങ്ങൾ വച്ച് കാവും മിയാസാക്കി വനവും ട്രീ മ്യൂസിയവും ഒക്കെയാക്കി മാറ്റിയിരിക്കുകയാണ് മലയാളി. വെയിൽ കമ്മി. വിളവ് ശുഷ്കം. ഇതാണ് പൊതുവിൽ വീട്ടുവളപ്പുകളുടെ അവസ്ഥ. മണ്ണിലാകെ കാടാക്കിയ നമ്മള്‍ ഒടുവില്‍ ടെറസ്സിൽ കയറി. ഗൃഹനിർമാണവൈദഗ്ധ്യം മൂലം അവിടെയും കൊട്ടിയടച്ചു. എന്നിട്ട് ഫേസ്ബുക്കില്‍ കൃഷി തീര്‍ന്നേ എന്നു വിലാപഗീതമെഴുതും. തമിഴന്റെ പച്ചക്കറിയും തെലുങ്കന്റെ അരിയും തിന്ന് വകുപ്പുകളെയും ഭരണസംവിധാനനങ്ങളെയും പഴിച്ച് ദിവസേന പോസ്റ്റിടുകയല്ലാതെ ഇത്തരക്കാര്‍ക്ക് തിരിച്ചറിയുകയേ വഴിയുള്ളൂ.
വീട്ടിലുള്ളവരുടെ ഹൃദയവും കരളും കിഡ്നിയും കാത്തുസൂക്ഷിക്കണം എന്നുണ്ടെങ്കില്‍ വെയിലടിക്കുന്ന 2-2.5 സെന്റു സ്ഥലമെങ്കിലും പച്ചക്കറിവിളകൾക്കായി സജ്ജമാക്കിയേതീരൂ. അവിടെ പോഷകപ്പൂന്തോട്ടം ഒരുക്കണം. Foodscaping പ്രവൃത്തികമാക്കണം.
പേരക്കുട്ടിക്ക് കട്ടിലും കട്ടളയും ഉണ്ടാക്കാൻ വേണ്ടി ഉള്ള പുരയിടം മുഴുവൻ തേക്കും മഹാഗണിയും വച്ചുപിടിപ്പിക്കുന്നത് വിവേകമല്ലെന്ന് മനസിലാക്കണം. പുതിയ തലമുറയ്ക്ക് ബ്രാന്‍ഡഡ് കമ്പനികളുണ്ടാക്കുന്ന ഡിസൈനര്‍ ഫര്‍ണിച്ചാറാണ് ഇഷ്ടമെന്നറിയുക.
സൂര്യഗീതത്തിന്റെ അവസാനവരികൾ ഇങ്ങനെയാണ്.
“ഇരുളിലും നിന്റെ പൊരുളല്ലീ തിരഞ്ഞു, തില
മണികളിലെഴുതും സ്നേഹകണികകള്‍ കറന്നെടു-
ത്തൊരുമണ്‍ചിരാതിന്റെ തിരയിലിറ്റിച്ചതിന്‍
തിരുമിഴി തിളക്കവേ, ഇരുള്‍ വിറകൊള്‍കവേ
നീയതിലുയര്‍ക്കുന്നു സൂര്യ!..
പാറിപ്പറന്നുവന്നായിരം ഖദ്യോത
ജാലങ്ങളാരണ്യ ശാഖികളില്‍ സൗവര്‍ണ
കേസരമെഴുന്ന പൂങ്കുലകളായുലയവേ
നീയതിലുയര്‍ക്കുന്നു സൂര്യ!”
വിളക്കില്‍ കത്തുന്ന തിരിയിലും ചെടിയില്‍ വിരിയുന്ന പൂവിലും ജീവന്റെ ഉന്മത്തനൃത്തമായി സൂര്യനാണുള്ളത്. ആ സൂര്യനെ നമ്മുടെ മുന്‍വിധികളുടെയും പൊങ്ങച്ചങ്ങളുടെയും പാഴ്മുറം കൊണ്ട് മറയ്ക്കാതിരിക്കുക. സൂര്യവെളിച്ചമാണ് നമ്മുടെ അമൃത്. അത് എവിടെ വേണമെന്നും എവിടെ വേണ്ടെന്നും അറിയുന്നവര്‍ കൃഷിയില്‍ ജയിക്കും.