Menu Close

കൃഷി ശാസ്ത്രീയമാകാന്‍ ഈ 25 കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി

പ്രമോദ് മാധവന്‍

കൃഷി ചെയ്യാനിറങ്ങി നഷ്ടമായി എന്നു വിലപിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.

അതില്‍ രണ്ടു വിഭാഗമുണ്ട്.

  1. കൃഷി ചെയ്തവര്‍
  2. കൃഷി ചെയ്യാത്തവര്‍
    ഇതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ക്കുവേണ്ടി മാത്രമാണ് ഈ കുറിപ്പ്.
    എന്തുകൊണ്ടായിരിക്കും നിങ്ങളുടെ കൃഷി ലാഭകരമാകാതെ പോയത് എന്നു തിരിച്ചറിയുവാന്‍ ഈ വായന സഹായിക്കും. എന്നാല്‍, രണ്ടാമത്തെ വിഭാഗത്തെ രക്ഷിക്കാന്‍ ഈ കുറിപ്പിനെന്നല്ല, ദൈവം തമ്പുരാനുപോലും കഴിയില്ല. കൃഷി ചെയ്യാതെ നഷ്ടമെന്ന് പോസ്റ്റിടുന്ന ഒരുപാടുപേരെ വാട്സാപില്‍ കാണാം. കർഷകരുടെ ആത്മവീര്യം നശിച്ചുകാണുന്നതില്‍ മനഃസുഖമുള്ള ആളുകളാണിതിന്റെ കർത്താക്കള്‍. അതു പരിഹരിക്കാന്‍ കൃഷിശാസ്ത്രം പോരാ, മനശ്ശാസ്ത്രം തന്നെ വേണം.
    അതുകൊണ്ട്, ഈ കുറിപ്പ് കൃഷിചെയ്തു പരാജയമായവര്‍ക്കു വേണ്ടിയാണ്. ആദ്യമേ അറിയണം,കൃഷി പരാജയമാകില്ല. ആയിട്ടുണ്ടെങ്കില്‍ അതിന് കാരണവുമുണ്ടാകും. കൃഷിയിലേക്ക് ആദ്യമായി കടന്നുവരുന്നവര്‍ ഒരുപാട് സ്വപ്നങ്ങളുമായാകും വരിക. ഫെയ്സ്ബുക്കിലും കിസാൻ കൃഷിദീപത്തിലും ഒക്കെ കാണുന്ന പോലെ നെല്ലും വാഴയും പച്ചക്കറികളും തേങ്ങയും പപ്പായയും ഒക്കെ തന്റെ തോട്ടത്തിലും വിളഞ്ഞുകിടക്കുന്നത് അവർ കിനാവ് കാണും. എന്നാൽ ഒരു സീസൺ കഴിയുമ്പോഴേക്കും പലർക്കും നിരാശയാകും ഫലം. ‘കൊതിച്ചത് യാനെയ് (ആന), കെടച്ചത് പൂനെയ് (പൂച്ച)’ എന്നു പറഞ്ഞ അവസ്ഥ. ഇതിന് പല കാരണങ്ങളുണ്ട്. അവ മനസ്സിലാക്കി ആ കാരണങ്ങളെ ഒഴിവാക്കിയാല്‍ നിങ്ങളും കൃഷിയില്‍ വിജയിക്കും.

എന്തുകൊണ്ടാണ് കൃഷി പരാജയമായത്? എന്തൊക്കെയാണ് ആ കാരണങ്ങള്‍? നമുക്കു പരിശോധിക്കാം.

  1. വെയിലും നിഴലും നോക്കണം
    നല്ല വെയിൽ കിട്ടുന്ന സ്ഥലം ആയിരിക്കില്ല കൃഷിയ്ക്കായി തെരെഞ്ഞെടുത്തത്. ചിലപ്പോൾ ആവശ്യമുള്ള തണലും കൊടുത്തിട്ടുണ്ടാകില്ല. ഇവയ്ക്കു രണ്ടിനും കൃഷിയിലുള്ള പ്രാധാന്യം മനസ്സിലാക്കുന്നയാള്‍ക്കേ നല്ല കര്‍ഷകനാകാനാവൂ.
  2. ഇട്ട വളം കിട്ടുന്നുണ്ടോന്നു നോക്കണം
    പുരയിടത്തിലെ മരങ്ങളുടെ ആധിക്യം എന്തു വളം കൊടുത്തിട്ടും കാര്യമില്ലാത്ത അവസ്ഥയുണ്ടാക്കും. മരങ്ങളുടെ വേരുകൾ വളമെല്ലാം തിന്നു തീർത്തിട്ടുണ്ടാകും. കൊടുത്തോയെന്നു ചോദിച്ചാൽ കൊടുത്തു, പക്ഷെ, കിട്ടേണ്ടവന് കിട്ടിയോ എന്നു ചോദിച്ചാൽ ഇല്ല.
  3. പണിക്കിറങ്ങുംമുമ്പ് പുളിപ്പറിയണം
    മണ്ണിലുള്ള പുളിപ്പിന്റെ (acidity) അസ്കിത, മുൻകൂട്ടി കണ്ടറിഞ്ഞ് പരിഹരിച്ചിട്ടുണ്ടാകില്ല.
  4. കരിയാണ് താരം
    മണ്ണിൽ വേണ്ടത്ര ജൈവ കാർബൺ (Soil organic carbon ) കൊടുത്തിട്ടുണ്ടാകില്ല. മണ്ണിൽ കരി (Carbon) യാണ് ഹീറോ.
  5. നീര്‍വാർച്ച മുഖ്യം.
    കൃഷിയ്ക്കായി തെരെഞ്ഞെടുത്ത സ്ഥലത്ത് നീർവാർച്ച (drainage ) ശരിയായില്ല.
  6. ആവശ്യമറിഞ്ഞ് വളപ്രയോഗം
    അടിസ്ഥാന വളം, ചെടിയുടെ ആവശ്യം (crop requirement) അറിഞ്ഞ് ചേർത്തു കൊടുത്തിട്ടുണ്ടാകില്ല.
  7. വിത്തിലും തൈയിലും ജാഗ്രത നല്ല ഗുണമേന്മയുള്ള വിത്തുകളോ തൈകളോ ആകില്ല നടാൻ തെരഞ്ഞെടുത്തത്.
  8. കീടനിയന്ത്രണം അറിയണം
    നടാൻ തിരഞ്ഞെടുത്ത വിളകൾക്ക് വരാവുന്ന രോഗ -കീടങ്ങളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ, അവയെ നേരിടാൻ യാതൊരു തന്ത്രവും മെനയാതെ കൃഷിയ്ക്കിറങ്ങരുത്.
  9. വേരുകളുടെ ആരോഗ്യം നോക്കണം
    ചെടിയുടെ വേരുകൾക്കു കരുത്ത് പകരാൻ (Root health management ) ജീവാണു വളങ്ങൾ, ജീവാണു കീട-കുമിൾ നിയന്ത്രിണികൾ എന്നിവ ഉപയോഗിച്ചിട്ടുണ്ടാകില്ല. നമുക്ക് വേണ്ട ജീവാണുക്കൾ (PGPR ) കൊണ്ട് മണ്ണിൽ ഒരു അക്ഷൗഹിണി തീർക്കാൻ മറന്നു പോയിട്ടുണ്ടാകും.
  10. കള കാണണം
    കളകളെ വേണ്ട വിധം നിയന്ത്രിച്ചിട്ടുണ്ടാകില്ല.
  11. അവശ്യമൂലകങ്ങളെ പരിഗണിക്കണം
    ചെടിയുടെ ആവശ്യകത മനസ്സിലാക്കി 16 അവശ്യമൂലകങ്ങൾ (Essential Plant Nutrients ) ‘എണ്ണത്തിലും വണ്ണത്തിലും ‘ക്രമമായി കൊടുത്തിട്ടുണ്ടാകില്ല.
  12. ക്രമമായ ജലസേചനം
    മണ്ണിനും ചെടിയ്ക്കും ദോഷമാകാത്ത രീതിയിൽ ക്രമമായ ജലസേചനം (Ration Irrigation) നടത്തിട്ടുണ്ടാകില്ല.
  13. അകലം പാലിക്കണം
    ചെടികൾ തമ്മിൽ ശരിയായ അകലം പാലിച്ചിട്ടുണ്ടാകില്ല.
  14. മണ്ണിന് ശ്വസിക്കണം
    ചെടിത്തടത്തിലെ മണ്ണ് ഇളക്കമുള്ളതായും വായു സഞ്ചാരമുള്ളതായും സൂക്ഷിച്ചിട്ടുണ്ടാകില്ല.
  15. ചെടികള്‍ക്ക് നിന്നുതിരിയാന്‍ ഇടം വേണം
    ചെടികൾക്ക് വള്ളി വീശി സ്വാതന്ത്ര്യത്തോടെ പടർന്നുവളരാൻ വേണ്ടത്ര സൗകര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ടാകില്ല.
  16. അപര്യാപ്തത പരിഹരിക്കണം
    കൃത്യമായ വളപ്രയോഗം നടത്തുമ്പോൾ തന്നെ, ഏതെങ്കിലും മൂലകങ്ങളുടെ ‘അപര്യാപ്തതാ ലക്ഷണങ്ങൾ’ (Deficiency symptoms) മനസ്സിലാക്കി വേണ്ട പരിഹാരനടപടികൾ എടുത്തിട്ടുണ്ടാകില്ല.
  17. മറക്കാതെ കോതിയൊതുക്കണം
    ആവശ്യമില്ലാത്ത വള്ളികൾ, കൊമ്പുകൾ, കേട് ബാധിച്ച ശിഖരങ്ങൾ എന്നിവ യഥാസമയം നീക്കം ചെയ്തിട്ടുണ്ടാകില്ല.
  18. തളരുംമുമ്പ് താങ്ങണം
    താങ്ങ് കൊടുക്കേണ്ട ചെടികൾക്ക്,യഥാസമയം അത്‌ കൊടുത്തിട്ടുണ്ടാകില്ല.
  19. വൈറസ് ബാധ
    വൈറസ് ബാധിച്ച ചെടികളെ, രോഗബാധയുടെ തുടക്കത്തിൽ തന്നെ പറിച്ച് മാറ്റിയിട്ടുണ്ടാകില്ല.
  20. വൃത്തിയും വെടിപ്പും ചെടികള്‍ക്കും വേണം
    പ്രായമായി നിൽക്കുന്ന ഇലകൾ പറിച്ച് മാറ്റി, ചെടി എപ്പോഴും വൃത്തിയായി നിർത്തിയിട്ടുണ്ടാകില്ല.
  21. ഇലകളുടെ ആരോഗ്യം
    കുമിൾ രോഗങ്ങൾ ബാധിച്ച, ഇലകൾ കാണുമ്പോൾ തന്നെ പറിച്ച് തീയിൽ ഇട്ടിട്ടുണ്ടാകില്ല. ഇലകളുടെ ആരോഗ്യ സംരക്ഷണത്തിനായി (Leaf Health Management) ഇലകളിൽ ജീവാണു കുമിൾ നാശിനികളും ജൈവ-രാസ വളർച്ചാ ത്വരകങ്ങളും (organic /Chemical Growth stimulants) തളിച്ചിട്ടുണ്ടാകില്ല.
  22. വിളവെടുപ്പും സമയത്തുവേണം
    ശരിയായ മൂപ്പിൽ വിളവെടുത്ത്, ചെടിയ്ക്ക് ഭാരം ഒഴിവാക്കി, വീണ്ടും പുഷ്പിക്കാൻ ഉള്ള സാഹചര്യം കൊടുത്തിട്ടുണ്ടാകില്ല.
  23. നീരൂറ്റുന്ന കീടങ്ങളെ തിരിച്ചറിയണം
    ചെടികളുടെ ഇലകളുടെ അടിവശം, തുടക്കം മുതൽ തന്നെ ഇടയ്ക്കിടെ പരിശോധിച്ച്, നീരൂറ്റികുടിയ്ക്കുന്ന കീടങ്ങളുടെ വരവ് മനസ്സിലാക്കിയിട്ടുണ്ടാകില്ല.
  24. വിളകള്‍ ആവര്‍ത്തിക്കുന്നതിലും ശ്രദ്ധ
    നമ്മുടെ പുരയിടത്തിൽ തന്നെ രോഗ -കീടങ്ങൾ ബാധിച്ച വിളകൾ നിൽക്കുമ്പോൾ തന്നെ, വീണ്ടും അതേ വിളയുടെ തൈകൾ വച്ചു പിടിപ്പിച്ചിട്ടുണ്ടാകും.
  25. വേണം ഇന്‍ഷുറന്‍സ്
    വാണിജ്യാടിസ്ഥാനത്തിൽ ചെയ്ത വിളകൾ ഇൻഷ്വർ ചെയ്തിട്ടും ഉണ്ടാകില്ല. ഇനിപ്പറയൂ, ഈ ഇരുപത്തഞ്ച് കാരണങ്ങളില്‍ നിങ്ങള്‍ എന്തൊക്കെ ശ്രദ്ധിച്ചിരുന്നുവെന്ന്.
    കൃഷി ശാസ്ത്രീയമാകണം എന്നുപറഞ്ഞാൽ രാസവള- രാസകീട-കുമിൾ-കള നിയന്ത്രിണികൾ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമാണെന്നാണ് ചിലർ കരുതുന്നത്. മേൽ വിവരിച്ച ഓരോ കാരണങ്ങളും പരിശോധിച്ചാൽ ആ ധാരണ അസ്ഥാനത്താണെന്നു കാണാം.
    കൃഷി കലയാണ്, ശാസ്ത്രമാണ്, നൈപുണ്യമാണ്, ബിസിനസാണ്.. എല്ലാമാണ്. (Farming is an art, science, skill, business and what not..)
    കൃഷിയിൽ A stitch in time saves nine എന്നത് വളരെ പ്രധാനമാണ്. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാ കൊണ്ടെടുക്കേണ്ട സാഹചര്യം ഉണ്ടാകാതെ നോക്കുക.
    നന്നായി പഠിച്ച് കൃഷി ചെയ്യുക. വിപണിയും കാലാവസ്ഥയും മനസ്സിലാക്കി വിളയിറക്കുക.
    കാളവണ്ടിയിൽ കയറി ചന്ദ്രനിൽ പോകാൻ കഴിയില്ല എന്നു മനസ്സിലാക്കണം. കൃഷി വിജയിക്കും.
    എല്ലാവര്‍ക്കും കൃഷിയില്‍ വിജയം ആശംസിക്കുന്നു.