Menu Close

ചൂടുകാലം: കന്നുകാലികള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണ്ടുന്ന കാലം

ചൂടുകൂടി വരികയാണ്. കന്നുകാലികള്‍ക്ക് അധികശ്രദ്ധ വേണ്ട സമയമാണിത്. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രശസ്ത ജന്തുരോഗവിദഗ്ദ്ധയായ ഡോ.മരിയ ലിസ മാത്യു.

  1. ചൂടുകൂടുമ്പോൾ കന്നുകാലികളുടെ വായിൽനിന്ന് നീരൊലിക്കുകയും നന്നായി വിയർക്കുകയും ചെയ്യും. ഇതിലൂടെ സോഡിയം, പൊട്ടാസ്യം എന്നിവപോലുള്ള ധാതുക്കൾ നഷ്ടമാകും.
  2. വായിൽനിന്ന് ഒലിക്കുന്നതുമൂലം വയറ്റിലേക്കുചെല്ലേണ്ട ധാതുക്കൾ, പ്രത്യേകിച്ച് സോഡിയം നഷ്ടമാകുന്നു. ഇതുമൂലം ദഹനക്കേട്, അസിഡിറ്റി എന്നീ അസുഖങ്ങളും അസിഡിറ്റിയിൽ നിന്ന് അകിടുവീക്കം, കാലിനു പ്രശ്നങ്ങളുണ്ടാക്കുന്ന laminitis എന്നിവയും ഉണ്ടാകാം .
  3. പാലിന്റെ അളവും കൊഴുപ്പും SNF ഉം കുറയും. ധാതുക്കളുടെ കുറവുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
  4. പശുവില്‍നിന്ന് ഒരേയളവില്‍ പാലുകിട്ടുന്ന കാല (peak yield)ത്തിന്റെ ദൈര്‍ഘ്യം കുറയും.
  5. വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. മദിദൈർഘ്യം കുറയും പുറമേ ലക്ഷണങ്ങൾ കാണിക്കാതെവരുന്ന നിശബ്ദമദി ശ്രദ്ധയിൽപ്പെടാതെ പോവുകയും ചെയ്യും.
  6. ഗർഭം ധരിച്ചാല്‍പ്പോലും അലസാനുള്ള സാധ്യത അധികമാണ്. ചാപിള്ളയോ ആരോഗ്യമില്ലാത്ത കുഞ്ഞോ ജനിക്കാം.
  7. ഗർഭത്തിന്റെ അവസാനമാസങ്ങളിൽ കടുത്തചൂടിലൂടെ കടന്നുപോയാൽ അടുത്ത പ്രസവത്തിൽ പാലുകുറയാനുള്ള സാധ്യതയുണ്ട്.

ഇവയ്ക്കെന്താണ് പരിഹാരം?

  1. കന്നുകാലികള്‍ നേരിട്ട് വെയിൽകൊള്ളാന്‍ പാടില്ല
  2. തൊഴുത്തിൽനിന്നഴിച്ച് പുറത്തുകൊണ്ടുപോയി കെട്ടണം. മരത്തണലിലോ ഷെയ്ഡ്നെറ്റിന്റെ അടിയിലോ കെട്ടുന്നതാണ് ഉചിതം.
  3. കുടിക്കാൻ തണുത്ത വെള്ളം എല്ലാ സമയത്തും അടുത്തുണ്ടാവണം.
  4. തൊഴുത്തിന് കുമ്മായം പൂശുക.
  5. തൊഴുത്തിൽ ഫാൻ, മിസ്റ്റ് യൂണിറ്റ് എന്നിവ സ്ഥാപിക്കണം.
  6. ചൂടുകാലത്ത് കന്നുകാലികളെ കുളിപ്പിക്കാന്‍ മറക്കരുത്. തൊലി നനഞ്ഞാൽ മതി. പൂപ്പാലികൊണ്ട് ഇടയ്ക്കിടയ്ക്ക് തളിച്ചുകൊടുക്കുക.
  7. കാലിത്തീറ്റയുടെ അളവു കൂട്ടണം. തണുപ്പുള്ള രാവിലെയും വൈകുന്നേരവുമാണ് തീറ്റ കൊടുക്കേണ്ടത്. കൂടുതൽ തവണ കൊടുക്കുക.
  8. കന്നുകാലികള്‍ക്ക് പുല്ല് കൊടുക്കാന്‍ ശ്രദ്ധിക്കണം. ചാക്കിൽ നട്ടുപിടിപ്പിക്കാനാവും. പാത്രം കഴുകുന്ന വെള്ളം പോലും മതിയാവും.
  9. അസോള കൊടുക്കുക.
  10. ചൂടുകാലം തുടങ്ങുന്നതിനുമുമ്പുള്ള മദി വിട്ടുകളയാതിരിക്കുക.
  11. ധാതുക്കളുടെ കുറവ് പരിഹരിക്കുവാൻ ദിവസേന 25 ഗ്രാം സോഡിയം ബൈ കാർബണേറ്റ് (സോഡാപ്പൊടി), 25 ഗ്രാം ധാതുലവണ മിശ്രിതം എന്നിവ കൊടുക്കുക.
  12. കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ രണ്ടുമൂന്ന് ടേബിൾസ്പൂൺ ഉപ്പ് ചേർക്കാം.