ചൂടുകൂടി വരികയാണ്. കന്നുകാലികള്‍ക്ക് അധികശ്രദ്ധ വേണ്ട സമയമാണിത്. താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രശസ്ത ജന്തുരോഗവിദഗ്ദ്ധയായ ഡോ.മരിയ ലിസ മാത്യു.
- ചൂടുകൂടുമ്പോൾ കന്നുകാലികളുടെ വായിൽനിന്ന് നീരൊലിക്കുകയും നന്നായി വിയർക്കുകയും ചെയ്യും. ഇതിലൂടെ സോഡിയം, പൊട്ടാസ്യം എന്നിവപോലുള്ള ധാതുക്കൾ നഷ്ടമാകും.
- വായിൽനിന്ന് ഒലിക്കുന്നതുമൂലം വയറ്റിലേക്കുചെല്ലേണ്ട ധാതുക്കൾ, പ്രത്യേകിച്ച് സോഡിയം നഷ്ടമാകുന്നു. ഇതുമൂലം ദഹനക്കേട്, അസിഡിറ്റി എന്നീ അസുഖങ്ങളും അസിഡിറ്റിയിൽ നിന്ന് അകിടുവീക്കം, കാലിനു പ്രശ്നങ്ങളുണ്ടാക്കുന്ന laminitis എന്നിവയും ഉണ്ടാകാം .
- പാലിന്റെ അളവും കൊഴുപ്പും SNF ഉം കുറയും. ധാതുക്കളുടെ കുറവുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
- പശുവില്‍നിന്ന് ഒരേയളവില്‍ പാലുകിട്ടുന്ന കാല (peak yield)ത്തിന്റെ ദൈര്‍ഘ്യം കുറയും.
- വന്ധ്യതയ്ക്ക് സാധ്യതയുണ്ട്. മദിദൈർഘ്യം കുറയും പുറമേ ലക്ഷണങ്ങൾ കാണിക്കാതെവരുന്ന നിശബ്ദമദി ശ്രദ്ധയിൽപ്പെടാതെ പോവുകയും ചെയ്യും.
- ഗർഭം ധരിച്ചാല്‍പ്പോലും അലസാനുള്ള സാധ്യത അധികമാണ്. ചാപിള്ളയോ ആരോഗ്യമില്ലാത്ത കുഞ്ഞോ ജനിക്കാം.
- ഗർഭത്തിന്റെ അവസാനമാസങ്ങളിൽ കടുത്തചൂടിലൂടെ കടന്നുപോയാൽ അടുത്ത പ്രസവത്തിൽ പാലുകുറയാനുള്ള സാധ്യതയുണ്ട്.
ഇവയ്ക്കെന്താണ് പരിഹാരം?
- കന്നുകാലികള്‍ നേരിട്ട് വെയിൽകൊള്ളാന് പാടില്ല
- തൊഴുത്തിൽനിന്നഴിച്ച് പുറത്തുകൊണ്ടുപോയി കെട്ടണം. മരത്തണലിലോ ഷെയ്ഡ്നെറ്റിന്റെ അടിയിലോ കെട്ടുന്നതാണ് ഉചിതം.
- കുടിക്കാൻ തണുത്ത വെള്ളം എല്ലാ സമയത്തും അടുത്തുണ്ടാവണം.
- തൊഴുത്തിന് കുമ്മായം പൂശുക.
- തൊഴുത്തിൽ ഫാൻ, മിസ്റ്റ് യൂണിറ്റ് എന്നിവ സ്ഥാപിക്കണം.
- ചൂടുകാലത്ത് കന്നുകാലികളെ കുളിപ്പിക്കാന്‍ മറക്കരുത്. തൊലി നനഞ്ഞാൽ മതി. പൂപ്പാലികൊണ്ട് ഇടയ്ക്കിടയ്ക്ക് തളിച്ചുകൊടുക്കുക.
- കാലിത്തീറ്റയുടെ അളവു കൂട്ടണം. തണുപ്പുള്ള രാവിലെയും വൈകുന്നേരവുമാണ് തീറ്റ കൊടുക്കേണ്ടത്. കൂടുതൽ തവണ കൊടുക്കുക.
- കന്നുകാലികള്‍ക്ക് പുല്ല് കൊടുക്കാന്‍ ശ്രദ്ധിക്കണം. ചാക്കിൽ നട്ടുപിടിപ്പിക്കാനാവും. പാത്രം കഴുകുന്ന വെള്ളം പോലും മതിയാവും.
- അസോള കൊടുക്കുക.
- ചൂടുകാലം തുടങ്ങുന്നതിനുമുമ്പുള്ള മദി വിട്ടുകളയാതിരിക്കുക.
- ധാതുക്കളുടെ കുറവ് പരിഹരിക്കുവാൻ ദിവസേന 25 ഗ്രാം സോഡിയം ബൈ കാർബണേറ്റ് (സോഡാപ്പൊടി), 25 ഗ്രാം ധാതുലവണ മിശ്രിതം എന്നിവ കൊടുക്കുക.
- കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ രണ്ടുമൂന്ന് ടേബിൾസ്പൂൺ ഉപ്പ് ചേർക്കാം.