Menu Close

കേരളത്തിലെവിടെയും വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെത്തും

ഇനി തെങ്ങുകയറാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതി മതിയാക്കാം. കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തെങ്ങുകയറ്റത്തിനും മറ്റു കേരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരെ ലഭിക്കാന്‍ ഹലോ നാരിയല്‍ കോള്‍സെന്ററിന്റെ 9447175999 എന്ന നമ്പരിലേയ്ക്കു വിളിച്ചാല്‍ മതി. വാട്സാപ്പ് സന്ദേശം വഴിയും ബന്ധപ്പെടാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ ത്തനസമയം.
നാളികേരകർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം (FoCT) കോൾസെന്ററായ ഹലോ നാരിയൽ നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെവിടെയുമുള്ള കേരകർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോൾസെന്ററിലൂടെ ബോർഡ് ലക്ഷ്യമാക്കുന്നത്. ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് കേരളത്തിലെ കോൾ സെന്ററിന്റെ പ്രവർത്തനം. കഴിഞ്ഞ നവമ്പറിലാണ് പ്രവര്ഡത്തനം ആരംഭിച്ചത്. തുടക്കത്തില്‍ 1924 ചങ്ങാതിമാരാണ് കേരളത്തിലെ കോൾ സെന്ററിലേയ്ക്ക് രജിസ്റ്റർ ചെയിതിരുന്നത്. ഇപ്പോള്‍ അതിലേറെ ചങ്ങാതിമാരുണ്ട്. അതാത് ജില്ലകളിൽ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് തലത്തിലാണ് ചങ്ങാതിമാരുടെ സേവനം ലഭ്യമാക്കുക.
കേരളത്തിനുപുറമെ പരമ്പരാഗത കേരോത്പാദക സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടകം എന്നിവിടങ്ങളിലും സമാന്തരമായി കോൾ സെന്റർ ആരംഭിക്കും.
ന്യായമായ വേതനത്തിന് വിളവെടുപ്പ്, തെങ്ങിന്റെമണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീടനിയന്ത്രണം, നഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ വിളിച്ചെത്തുന്ന ചങ്ങാതിമാരിലൂടെ കേരകർഷകർക്ക് നടത്താനാകും.
ഇതിനുപുറമെ കര്‍മ്മനിരതരായി സേവനം ചെയ്യാന്‍ തയ്യാറുള്ള തെങ്ങുകയറ്റക്കാര്‍ക്കും തെങ്ങിന്റെ ചങ്ങാതിമാര്‍ക്കും തങ്ങളുടെ പേര് കോള്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനുമാകും.