കേരള കാർഷികസർവകലാശാല RKVY -അഗ്രിബിസിനസ് ഇൻക്യുബേറ്ററിനു കീഴിലുള്ള 35 സ്റ്റാർട്ടപ്പുകൾക്ക് 466 ലക്ഷം രൂപയുടെ ഗ്രാന്റ് അനുവദിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിൽ അഗ്രിബിസിനസ് ഇൻക്യൂബേറ്ററിലൂടെ രണ്ടുമാസത്തെ കാർഷിക സംരംഭകത്വപരിശീലനം പൂർത്തിയാക്കിയ സംരംഭകരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് കേന്ദ്രസർക്കാരിന്റെ ഈ ധനസഹായം അനുവദിച്ചിരിക്കുന്നത്. അഗ്രിബിസിനസ് ഇൻക്യൂബേറ്ററിന്റെ സംരംഭകത്വ വികസനപ്രവർത്തനങ്ങളിലെ പുതിയ നാഴികക്കല്ലാണ് സ്റ്റാർട്ടപ്പുകള്ക്കുണ്ടായ ഈ വിജയനേട്ടം.
ഇതിനോടകം സംരംഭം തുടങ്ങിയതും വാണിജ്യവൽക്കരണഘട്ടത്തിൽ ഉള്ളതുമായ 20 സ്റ്റാർട്ടപ്പുകൾക്ക് 394 ലക്ഷം രൂപയും ആശയഘട്ടത്തിലുള്ള 15 സ്റ്റാർട്ടപ്പുകൾക്ക് 72 ലക്ഷം രൂപയുമാണ് ധനസഹായം. ധനസഹായത്തുകയുടെ ആദ്യ ഗഡുവായ 200.8 ലക്ഷം രൂപയാണ് ഈ സാമ്പത്തികവർഷം വിതരണം ചെയ്യുന്നതെന്ന് കേരള കാർഷികസർവകലാശാല വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ അറിയിച്ചു. നൂതനാശയങ്ങളിലൂന്നിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് കർഷകന്റെ വരുമാനം ഇരട്ടിപ്പിക്കുകയാണ് റഫ്താർ അഗ്രിബിസിനസ് ഇൻക്യുബേറ്ററിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കേരള കാർഷികസർവകലാശാല വൈസ് ചാൻസിലർ ഡോ.ബി അശോക് ഐഎഎസ് അഭിപ്രായപ്പെട്ടു.
ഗ്രാന്റ് കരസ്ഥമാക്കിയവരില്‍ ആരോഗ്യഗുണങ്ങളെ അടിസ്ഥാനമാക്കി മുരിങ്ങയിലയില്നിന്നും മില്ലറ്റുകളില്നിന്നും മൂല്യവർദ്ധിതോൽപ്പന്നങ്ങൾ പ്രാവർത്തികമാക്കിയ സ്ത്രീസംരംഭകര്‍, ആയാസരഹിതമായ കൂൺകൃഷി സാധ്യമാക്കിയവര്‍, കൂണിൽനിന്ന് നൂതനോൽപ്പന്നങ്ങൾ നിര്‍മ്മിച്ചവര്‍ തുടങ്ങിയവരുൾപ്പെടുന്നു. കൂടാതെ വിവിധങ്ങളായ റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, റെഡി ടു സെർവ് ഉൽപ്പന്നങ്ങളും എയറോപോണിക്സ് സംവിധാനവും കുരുമുളക് പറിക്കുന്ന യന്ത്രവും കുട്ടനാടൻ കർഷകരുടെ ദുരിതത്തിനു പരിഹാരം കണ്ടെത്തുവാനുതകുന്ന പുതിയ ഇനം പമ്പുകളും ഫിറോമോൺ ട്രാപ്പുകളും മാലിന്യസംസ്കരണ മാർഗ്ഗങ്ങളും കടൽപ്പായൽ ഉൽപ്പന്നങ്ങളും സ്റ്റാർച്ച്സ്പ്രേയുമെല്ലാം ഗ്രാൻറ്തുക നേടിയ നൂതനാശയങ്ങളാണ്.
നൂതനാശയങ്ങളുള്ള സംരംഭകർക്ക് ആശയവിപുലീകരണത്തിനായി പരമാവധി 5 ലക്ഷം രൂപയും വാണിജ്യവൽക്കരണത്തിനായി പരമാവധി 25 ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുന്നത്. കാർഷികമേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങളുള്ളവരുടെ സംരംഭകത്വസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി കേരള കാർഷികസർവകലാശാല നാളിതുവരെ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഗ്രാന്റ്തുക എന്ന നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് RKVY അഗ്രിഇൻകുബേറ്റർ മേധാവി ഡോ.കെ.പി സുധീർ വ്യക്തമാക്കി.