Menu Close

കുരുമുളക് പരിചരണം വേനല്‍ക്കാലത്ത്

ഈ വര്‍ഷം കുരുമുളകുതൈകള്‍ വേണമെങ്കില്‍ ഇപ്പോള്‍ ജോലി തുടങ്ങണം. കുരുമുളകിന്റെ കൊടിത്തലകള്‍ മുറിച്ചെടുത്ത് വേരുപിടിപ്പിക്കുവാന്‍ ഇതാണ് അനുയോജ്യമായ സമയം. കൊടിയുടെ ചുവട്ടില്‍ നിന്നുണ്ടാകുന്ന ചെന്തലകളുടെ നടുവിലെ മൂന്നിലൊന്നുഭാഗമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇലഞെട്ട് തണ്ടില്‍ നില്‍ക്കത്തക്കവിധം രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളാക്കി മുറിച്ച് തണ്ടുകള്‍ പോട്ടിങ്മിശ്രിതം നിറച്ച കവറുകളിലോ തവാരണയിലോ നടാവുന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതെ തണ്ടുകളെ തണല്‍ നല്‍കി സംരക്ഷിച്ച് ദിവസവും 2 – 3 നനയും നല്‍കുക. ഇങ്ങനെ വേരുപിടിപ്പിക്കുന്ന തൈകള്‍ ജൂണ്‍ – ജൂലൈ മാസങ്ങളില്‍

നടീലിനായി ഉപയോഗിക്കാവുന്നതാണ്. എല്ലാവര്‍ഷവും മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ കുരുമുളകുതോട്ടത്തിലെ താങ്ങുമരങ്ങള്‍ കോതിയൊതുക്കി അവയുടെ വളര്‍ച്ച ക്രമീകരിക്കേണ്ടതാണ്. താങ്ങുമരങ്ങളുടെ ഉയരം 6 മീറ്ററായി നിലനിര്‍ത്താനും ശ്രദ്ധിക്കണം. പൊതുവെ വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍ കുരുമുളകിന് നനയും പുതയിടീലും വളരെ അത്യാവശ്യമാണ്. വേനല്‍ കഴിയുന്നതുവരെ ഇളം തൈകളെ

മുഴുവനായും കവുങ്ങിന്‍പട്ട കൊണ്ടോ തെങ്ങിന്‍പട്ടകൊണ്ടോ ചെറിയ ചില്ലകള്‍ കൊണ്ടോ പൊതിഞ്ഞുസംരക്ഷിക്കണം. കുരുമുളകിന്റെ തടത്തില്‍ അറക്കപ്പൊടി, അടയ്ക്കാത്തൊണ്ട്, ഉണങ്ങിയ ഇലകള്‍ എന്നിവ കൊണ്ട് പുതയിടുന്നത് വളരെ ഫലപ്രദമാണ്.