Menu Close

കുളമ്പുരോഗനിയന്ത്രണ കുത്തിവയ്പ് യജ്ഞം നാളെ തുടങ്ങുന്നു.

ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗനിയന്ത്രണ
പദ്ധതിയുടെ നാലാം ഘട്ടം സംസ്ഥാനത്ത് നാളെ (2023 ഡിസമ്പര്‍ 1) തുടക്കമാവും. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് രാവിലെ 9 ന് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപന്റെ അധ്യക്ഷതയില്‍ കൂടുന്ന ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീരവികസന
വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
പശു, എരുമ വര്‍ഗ്ഗത്തില്‍പ്പെട്ട നാലുമാസത്തിനുമുകളില്‍ പ്രായമുള്ള എല്ലാ ഉരുക്കള്‍ക്കും സൗജന്യമായാണ് സംസ്ഥാനമൊട്ടാകെ കുളമ്പുരോഗ പ്രതിരോധകുത്തിവെപ്പ്
നല്‍കുന്നത്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞത്തിലൂടെ സംസ്ഥാനത്തെ 12
ലക്ഷത്തോളം വരുന്ന കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ്
നല്‍കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഗര്‍ഭാവസ്ഥയുടെ അവസാന മൂന്നുമാസത്തിലുള്ളതോ മറ്റു രോഗങ്ങള്‍ ബാധിച്ചതോ നാലു മാസത്തില്‍ താഴെ പ്രായമുള്ളതോ ആയ കന്നുകാലികളെ ഈ കുത്തിവെപ്പില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.