ഇത്തവണ ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായി നടന്ന പൂക്കൃഷിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ല. കുടുംബശ്രീയുടെ കണക്കെടുപ്പില്‍ ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് മുമ്പില്‍. 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ 186.35 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിചെയ്തു വിളവെടുത്തത്. 102492.5 കിലോ പൂവ് ഉത്പാദിപ്പിച്ചു. മികച്ച വരുമാനവും കരസ്ഥമാക്കി.
കഴിഞ്ഞ വര്‍ഷം മുമ്പുവരെ തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ പൂക്കളെ ആശ്രയിച്ചിരുന്ന ഓണവിപണിയില്‍ ഇത്തവണ കുടുംബശ്രീപ്പൂക്കള് നിറഞ്ഞു. കൃഷിയിടങ്ങളില്‍ നേരിട്ടെത്തി പൂവാങ്ങുന്ന പ്രവണത പുതിയ അനുഭവമായി.
നാലരയേക്കറിൽ പൂക്കൃഷിചെയ്ത വെള്ളാങ്കല്ലൂർ ബ്ലോക്കിലെ പടിയൂർ സി. ഡി. എസ്സിലെ പുലരി ജെ. എൽ. ജി ആണ് ഇത്തവണ ജില്ലയിൽ ഒന്നാമതായത്. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ അടുത്ത വർഷം കൂടുതൽ ഗ്രൂപ്പുകളില്‍ പൂക്കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.