ലോകത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കുമുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുന്നത് വേറെ കുറേ ആളുകളാണ്. അവരെ വിളിക്കുന്ന പേരാണ് കര്‍ഷകര്‍. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ കൊടുക്കുന്ന ശ്രദ്ധയില്‍ ഒരു ഭാഗം തങ്ങള്‍ക്കുവേണ്ടി അന്നമൊരുക്കുന്നവരുടെ കാര്യത്തിലും ഉണ്ടായാലേ ആ സമൂഹത്തില്‍ നീതി ഉണ്ടെന്ന് പറയാനാകൂ. ആധുനികസമൂഹത്തില്‍ ഇതുചെയ്യേണ്ടത് ഭരിക്കുന്നവരുടെ കടമയാണ്.
ലോകത്തെ വിവിധ വിഭാഗം രാജ്യങ്ങളിലെ കര്‍ഷകരുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങളും അവ ആ രാജ്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും ഇവിടെ പരിശോധിക്കുന്നു.
- വികസിത രാജ്യങ്ങള്‍:
സാമ്പത്തികമായും സാമൂഹ്യമായും നല്ല നില കൈവരിച്ച രാജ്യങ്ങളെയാണ് വികസിതരാജ്യങ്ങള്‍ എന്നുവിളിക്കുന്നത്.
വികസിതരാജ്യങ്ങളിലെ കര്‍ഷകര്‍ പ്രധാനമായും അഭിമുഖീകരിക്കുന്ന ശാരീരികമായ പ്രശ്നം കനത്ത യന്ത്രങ്ങള്‍ തുടര്‍ച്ചയായി ഏറെനേരം ഉപയോഗിക്കുന്നതുകൊണ്ട് മസിലുകള്‍ക്കും എല്ലുകള്‍ക്കുമുണ്ടാകുന്ന ക്ഷതങ്ങളാണ്. വലിയ മുതല്‍മുടക്കിലുള്ള കൃഷിക്ക് എന്തു സംഭവിക്കുമെന്ന ചിന്ത അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പിരിമുറുക്കവും സമ്മര്‍ദ്ദവും ഇതുമൂലമുണ്ടാകുന്നു.
വികസിത രാജ്യങ്ങളിലെ സർക്കാർ സമീപനം:
വികസിത രാജ്യങ്ങളില്‍ പൊതുവേ സാധാരണയായി ശക്തമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങളാണുള്ളത്. ഒപ്പം, കര്‍ഷകര്‍ക്കായി പ്രത്യേകമായ മാനസികാരോഗ്യ സേവനങ്ങളുമുണ്ടാകും. ബ്രിട്ടണിലെ ഫാംവെല് ഇനിഷ്യേറ്റീവ് കര്‍ഷകരുടെ മാനസികപ്രശ്നങ്ങളെ മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്നത് ഉദാഹരണമാണ്. ഫ്രലപ്രദമായ വിള ഇൻഷുറൻസ്, ആധുനിക കാർഷിക ഉപകരണങ്ങൾക്ക് സബ്സിഡികൾ എന്നിവയും വികസിതരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഒരുക്കുന്നു. കൃഷിഭൂമികളില്‍ ശക്തമായി സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതുമൂലം അപകടങ്ങൾ കുറയ്ക്കാനാകുന്നുണ്ട്. അമേരിക്കയിലെ ഫാം സര്‍വ്വീസ് ഏജന്‍സി കര്‍ഷകര്‍ക്കായി വലിയ സബ്സിഡിയില്‍ ആധുനിക കാര്‍ഷികയന്ത്രങ്ങള്‍ നല്‍കുന്നത് ശാരീരികക്ഷതം ഏറെക്കുറയുന്നതിന് കാരണമായിട്ടുണ്ട്.
- വികസ്വര രാജ്യങ്ങൾ:
സാമൂഹ്യമായും സാമ്പത്തികമായും പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെയാണ് വികസ്വരരാജ്യങ്ങള്‍ എന്നുവിളിക്കുന്നത്. ഇന്ത്യ ഈ വിഭാഗത്തിലാണ് വരുന്നത്.
വികസ്വരരാജ്യങ്ങളിലെ കർഷകർക്ക് പലപ്പോഴും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭിക്കുന്നില്ല. ഇത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് അവരെ നയിക്കുന്നു. കുറഞ്ഞ വരുമാനം കർഷകരെയും അവരുടെ കുടുംബങ്ങളെയും പോഷകാഹാരക്കുറവിലേക്കു തള്ളിയിടുന്നു.
വികസ്വര രാജ്യങ്ങളിലെ സർക്കാർ സമീപനം:
മൊബൈൽ ക്ലിനിക്കുകളിലൂടെയും ടെലിമെഡിസിലൂടെയും ഗ്രാമപ്രദേശങ്ങളിലേക്ക് ആരോഗ്യപരിരക്ഷ എത്തിക്കുവാന്‍ വികസ്വരരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു. ഇന്ത്യ ഇത്തരം മൊബൈല്ക്ലിനിക്കുകള് നടപ്പാക്കിയിട്ടുണ്ട്. കർഷകരുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിന് ഭക്ഷ്യസബ്സിഡി നൽകുന്ന രീതിയും ഇന്ത്യ വളരെക്കാലമായി പിന്തുരുന്നു. ശമ്പ എന്ന പദ്ധതിയിലൂടെ പോഷകാഹാരത്തെയും ആരോഗ്യത്തെയും സംബന്ധിച്ച പാഠങ്ങള്‍ ടെലിവിഷനിലൂടെ പകര്‍ന്നുകൊടുക്കുന്ന വിദ്യാഭ്യാസപരിപാടി കെനിയയില്‍ നടപ്പാക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ നടപ്പാക്കിയ ശാസ്ത്രീയ പരിശീലന പരിപാടികള്‍ ആ രാജ്യത്തിന്റെ ഉല്പാദനക്ഷമതയെയും വരുമാനത്തെയും നല്ല രീതിയില്‍ സഹായിച്ചു.
- അവികസിത രാജ്യങ്ങൾ:
സാമൂഹ്യമായും സാമ്പത്തികമായും അരക്ഷിതാവസ്ഥ തുടരുന്ന രാജ്യങ്ങളെയാണ് അവികസിതരാജ്യങ്ങള്‍ എന്നുവിളിക്കുന്നത്.
തീവ്രമായ ദാരിദ്ര്യമാണ് അവികസിത രാജ്യങ്ങളിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രാഥമികോരോഗ്യ സംരക്ഷണം പോലും അവിടെ പ്രലപ്രദമല്ല. ശുദ്ധജലത്തിന്റെയും ടോയ്ലറ്റുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.
അവികസിത രാജ്യങ്ങളിലെ സർക്കാർ സമീപനം:
അവികസിത രാജ്യങ്ങളില്‍ ശുദ്ധജല സ്രോതസ്സുകളും ശുചീകരണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകളും എൻജിഒകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രാമീണമേഖലയില്‍ ശുദ്ധജലം നല്‍കാനും ശുചിത്വം മെച്ചപ്പെടുത്താന്‍ എത്യോപ്യ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഉദാഹരണം. മാലിയില്‍ ഓക്സ്ഫാം പോലുള്ള സര്‍ക്കാരിതര സംഘടനകള്‍ വിത്തുകളും ഉപകരണങ്ങളും വിതരണം ചെയ്യുകയും കര്‍ഷകര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അഫ്ഗാന്‍സര്‍ക്കാര്‍ കര്‍ഷകര്‍ക്കും മെച്ചപ്പെട്ട പാര്‍പ്പിട സൊകര്യങ്ങള്‍ ഒരുമകാകന് ശ്രമിക്കുന്നതും ജീവിതനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
ഇന്ത്യയിലെ പ്രത്യേക വെല്ലുവിളികൾ:
സാമൂഹ്യമായ പിന്നാക്കാവസ്ഥയും ജാതീയമായ ഉച്ചനീചത്വവും ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതത്തെ ഏറെ പ്രതികൂലമായി ഘടകങ്ങളാണ്. ഇത് ആരോഗ്യപരമായ പരിമിതികള്‍ക്കും കാരണമാകുന്നു.
കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ആരോഗ്യകരമായ നിരീക്ഷണം ഇല്ലാത്തതിനാല്‍ അതുപയോഗിക്കുന്ന കര്‍ഷകരില്‍ നിരവധി ശാരീരികരോഗങ്ങള്‍ക്കു കാരണമാകുന്നു. ത്വക്ക് രോഗവും ശ്വാസകോശരോഗവും സാര്‍വത്രികമായി കാണുന്നു. ഇതുകൂടാതെയാണ് ഇവയുടെ ദുരപയോഗം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്കു നയിക്കുന്നത്.
കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തതുമൂലം അപകടങ്ങള്‍ കാര്‍ഷികമേഖലയില്‍ പതിവാണ്. മസിലുകള്‍ക്കും എല്ലുകള്‍ക്കുമുണ്ടാകുന്ന പരിക്കുകള്‍ ഏറെയുണ്ടാകുന്നു . നമ്മുടെ സുരക്ഷാ നടപടികൾ ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ട്.
ശുദ്ധജലത്തിന്റെ അപര്യാപ്തത വടക്കേയിന്ത്യന്‍ ഗ്രാമജനതയെ ഏറെ ബാധിക്കുന്നുണ്ട്. അപര്യാപ്തമായ ടോയ്ലറ്റ് സൗകര്യം, മോശം ശുചിത്വം എന്നിവ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്നു.
ശുചിത്വ അവബോധത്തിന്റെ കുറവ് മറ്റൊരു പ്രശ്നമാണ്. കൈകഴുകുന്ന ശീലം കുറവായതിനാല്‍ രോഗസാധ്യത കൂടുന്നതായി പല ഏജന്‍സികളുടെ പഠനം പറയുന്നു. അതുണ്ടായാലും കൈകഴുകാനുള്ള സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ്. കൃത്യമായ പരിരക്ഷകളില്ലാതെ കടുംചൂടിലും കടുത്ത തണുപ്പിലും പണിയെടുക്കേണ്ടി വരുന്നതുമൂലമുള്ള അസുഖങ്ങളും വ്യാപകമാണ്.
കർഷകത്തൊഴിലാളികളായ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാണ്. ആര്‍ത്തവകാലം, ഗര്‍ഭകാലം, ആര്ത്തവവിരമാകലം ഇവയിലൊന്നും അവര്‍ക്ക് അര്‍ഹമായ പരിഗണനകള്‍ ഇനിയും കിട്ടിയിട്ടില്ല.
ഇന്ത്യയിലെ സർക്കാർ ശ്രമങ്ങൾ:
- പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY): പ്രകൃതിക്ഷോഭം, കീടങ്ങൾ, രോഗങ്ങൾ എന്നിവ കാരണം വിളനാശമുണ്ടായാൽ കർഷകർക്ക് സാമ്പത്തികസഹായം നൽകുന്ന ഒരു വിള ഇൻഷുറൻസ് പദ്ധതിയാണിത്. ഒരുപരിധി വരെ കര്‍ഷകരുടെ മാനസികാരോഗ്യത്തിന് സംഭാവന ചെയ്യാന്‍ ഈ പദ്ധതിക്കു കഴിയുന്നു.
- രാഷ്ട്രീയ കൃഷിവികാസ് യോജന (ആർ.കെ.വി.വൈ): ഗ്രാമീണ മേഖലകളിൽ ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കാർഷിക, അനുബന്ധ മേഖലാ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പദ്ധതിയാണ് ആർകെവിവൈ.
- നാഷണൽ അഗ്രികൾച്ചർ മാർക്കറ്റ് (eNAM): കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കൂടുതൽ കാര്യക്ഷമമായി വിൽക്കാൻ പ്രാപ്തമാക്കുന്ന ഒരു ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമാണ് eNAM. ആരോഗ്യവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ഇത് ആത്യന്തികമായി അവരുടെ സാമ്പത്തിക ക്ഷേമവും ആരോഗ്യ പരിരക്ഷയും മെച്ചപ്പെടുത്തും.
- നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM): കർഷകർക്ക് മാത്രമുള്ളതല്ലെങ്കിലും, കർഷകർ ഉൾപ്പെടെയുള്ള ഗ്രാമീണ ജനതയ്ക്ക് ആക്സസ് ചെയ്യാവുന്നതും താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകാനാണ് NRHM ലക്ഷ്യമിടുന്നത്.
- സബ്സിഡിയുള്ള ആരോഗ്യ ഇൻഷുറൻസ്: ചില സംസ്ഥാന ഗവൺമെന്റുകൾ കർഷകർക്കായി പ്രത്യേകമായി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്, അവർക്ക് ചികിത്സാ ചെലവുകൾക്കെതിരെ സാമ്പത്തിക പരിരക്ഷ നൽകുന്നു.
- ജൻ ആരോഗ്യ യോജന (ആയുഷ്മാൻ ഭാരത്): ഈ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗ്രാമീണ മേഖലയിലേതുൾപ്പെടെ ദുർബലരായ കുടുംബങ്ങൾക്ക് സാമ്പത്തിക സംരക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. കർഷകർക്ക് മാത്രമുള്ളതല്ലെങ്കിലും, അവർക്കും ഇത് പ്രയോജനപ്പെടും.