Menu Close

കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനി കൂടി

എറണാകുളം, ആലങ്ങാട് കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് ( എഫ്.പി.സി) കമ്പനി കൂടി വരുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ എഫ്.പി.സി ഒരുങ്ങുന്നത്. കൃഷിയിട അധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന എഫ്.പി.സിയുടെ ആദ്യഘട്ടമായി നെടുമ്പാശേരിക്കും ആലുവയ്ക്കും കൂടി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് ഓര്‍ഗനൈസേഷന്‍ (എഫ്.പി.ഒ) രൂപീകരിച്ചു. നെടുമ്പാശ്ശേരി, ആലങ്ങാട് ബ്ലോക്കുകളിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന് കീഴില്‍ ഫാം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്കും എയിംസ് (അഗ്രികള്‍ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൃഷി കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കും എഫ്.പി.ഒയില്‍ അംഗമാകാം.
കൃഷി ചെയ്യുന്നതിനായി കര്‍ഷകര്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, കൃഷിയില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചു മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങിയവയാണ് എഫ്.പി.ഒയുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. ഇതിലൂടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് നല്ല വിപണന മൂല്യം ലഭ്യമാകും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തെ ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനിയായ ആലങ്ങാട് ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനി പൂര്‍ണ്ണമായും വനിതകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് എഫ്.പി.സികളുടെ പ്രവര്‍ത്തന ലക്ഷ്യം.