Menu Close

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ മലബാറിലെ പാലെന്ന് ദേശീയമൃഗസംരക്ഷണവകുപ്പ്

ഇന്ത്യയിലെ ഏറ്റവും നല്ല പാല്‍ ഏതെന്ന കാര്യത്തില്‍ ഇനി തര്‍ക്കമില്ല. രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ ഉൽപ്പാദിപ്പിക്കുന്നത് മലബാറിലെ ക്ഷീരകർഷകരാണെന്നാണ് ദേശീയ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ശുദ്ധമായ പാൽ കറന്നെടുക്കുന്നത്‌ മലബാറിലാണെന്നാണ് പുതിയ പഠനം പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരം. മലബാറിലെ ക്ഷീരകർഷകരിൽനിന്ന് മിൽമ സംഭരിക്കുന്ന പാലിന്റെ ശരാശരി ഗുണനിലവാരം പരിശോധിച്ചാണ്‌ ഈ വിലയിരുത്തൽ.

കറന്നെടുത്ത പാൽ ശീതീകരിക്കാതെ വച്ചാൽ കേടാവാതെ നിൽക്കുന്ന സമയം (അണുഗുണനിലവാരം) കണക്കാക്കുന്ന മെത്തലൈൻ ബ്ലുറിഡക്‌ഷൻ ടൈം മലബാറിൽ 204 മിനിറ്റാണെന്നാണ് പഠനം പറയുന്നത്. ബാക്ടീരിയകളുടെ സാന്നിധ്യം കുറവുള്ളതിനാലാണ്‌ ഇത്രയും കൂടിയ സമയം പാൽ ചീത്തയാവാതെ നിൽക്കുന്നത്‌. തൊഴുത്തിന്റെ വൃത്തി, തീറ്റയുടെ ഗുണനിലവാരം, പശുപരിപാലന രീതി, കാലാവസ്ഥ തുടങ്ങിയവയിലെ നിലവാരമാണ്‌ ബാക്ടീരിയ സാന്നിധ്യം കുറയുന്നതിനും പാലിന്റെ ഗുണം മികച്ചതാകുന്നതിനുമുള്ള കാരണം. ഇതനുസരിച്ച്‌ രണ്ടാം സ്ഥാനത്തുള്ള കർണാടകത്തിൽ 190 മിനിറ്റും മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ 180 മിനിറ്റുമാണ്‌. മിൽമ ചെയർമാൻ കെ എസ് മണിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

അടുത്ത സാമ്പത്തിക വർഷം എംബിആർടി 236 മിനിറ്റായി ഉയർത്തുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്‍ഞു. പാലിന്റെ ഗുണമേന്മ വർധിപ്പിക്കാൻ മിൽമ പലതരം പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്‌. മലബാർ മേഖലയിൽ 14 മൊബൈൽ ലബോറട്ടറികൾ പ്രവർത്തിക്കുന്നു. പാലിന്റെ അണുഗുണനിലവാരം, സൊമാറ്റിക്സ് സെൽ കണ്ടന്റ്, പൂപ്പൽ വിഷം, പാലിന്റെ ആന്റി ബയോട്ടിക് സാന്നിധ്യം, രാസവസ്‌തു സാന്നിധ്യം എന്നിങ്ങനെ നിരവധി പരിശോധന നടത്തിയാണ്‌ പാൽ സംഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 1041.47 കോടി രൂപയാണ് ക്ഷീരകർഷകർക്ക് പാൽ വിലയായി നൽകിയത്. കൃഷി വ്യാപകമാക്കി തീറ്റപ്പുല്ല്, സൈലേജ് എന്നിവ സബ്‌സിഡി നിരക്കിൽ മലബാറിലെ കർഷകർക്ക് മിൽമ നൽകി. 1198 ക്ഷീര സംഘങ്ങളിൽ 240ഓളം സംഘങ്ങൾക്ക് പാൽ തണുപ്പിച്ച് സൂക്ഷിക്കുന്നതിന് കൂളർ സംവിധാനമുണ്ട്. ഇതിൽ 62 ക്ഷീരസംഘങ്ങൾ അന്താരാഷ്ട്ര ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗപ്പെടുത്തി പാലിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. മാനേജിങ് ഡയറക്ടർ ഡോ. പി മുരളി, ജനറൽ മാനേജർ കെ സി ജയിംസ്, മാർക്കറ്റിങ് മാനേജർ എം സജീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.