Menu Close

എമര്‍ജന്‍സി കിറ്റില്‍ എന്തൊക്കെ വേണം?

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സികിറ്റ്‌ തയ്യാറാക്കി വെക്കേണ്ടതാണ്‌. താഴെപ്പറയുന്ന വസ്തുക്കളാണ്‌ കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്‌.
എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍

  1. ഒരു കുപ്പി കുടിവെള്ളം
  2. ചീത്തയാവാതെ ഉപയോഗിക്കാന്‍ കഴിയുന്ന ലഘു ഭക്ഷണപദാര്‍ത്ഥങ്ങള്‍ ( ഉദാ: കപ്പലണ്ടി, ഉണക്ക മുന്തിരി, നിലക്കടല, ഈന്തപ്പഴം, ബിസ്ക്കറ്റ്‌, റസ്‌ക്‌ തുടങ്ങിയവ)
  3. ഫസ്റ്റ്‌ എയ്ഡ്‌ കിറ്റ്‌. മുറിവിന്‌ പുരട്ടാനുള്ള മരുന്ന്‌ പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകള്‍ ഉണ്ടെന്ന്‌ ഉറപ്പാക്കണം. ഇത്‌ കൂടാതെ സ്ഥിരമായി മരുന്ന്‌ കഴിക്കുന്ന രോഗികള്‍ വീട്ടിലുണ്ടെങ്കില്‍ അവരുടെ മരുന്ന്‌ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രമേഹം, രക്തസമ്മര്‍ദം, ഹ്യദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ എമര്‍ജന്‍സി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിന്‍ ഗുളികകളും എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കണം.
  4. ആധാരം, ലൈസന്‍സ്‌, സര്‍ട്ടിഫിക്കേറ്റുകള്‍, റേഷന്‍ കാര്‍ഡ്‌, ബാങ്ക്‌ രേഖകള്‍, ആധാര്‍ കാര്‍ഡ്‌ തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ ഒരു പ്ലാസ്റ്റിക്ക്‌ കവറില്‍ പൊതിഞ്ഞു എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തണം.
  5. ദുരന്തസമയത്ത്‌ നല്‍കപ്പെടുന്ന മുന്നറിയിപ്പുകള്‍ യഥാസമയം കേള്‍ക്കാന്‍ ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു റേഡിയോ കരുതണം.
  6. ശുചിത്വത്തിനാവശ്യമായ സാനിറ്ററി പാഡ്‌, ടൂത്ത്‌ പേസ്റ്റ്‌, ടൂത്ത്‌ ബ്രെഷ്‌ തുടങ്ങിയവ.
  7. ഒരു ജോഡി വസ്ത്രം.
  8. വീട്ടില്‍ ഭിന്നശേഷിക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.
  9. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുന്ന ഘട്ടത്തില്‍ ഉപയോഗിക്കാന്‍ മെഴുകുതിരിയും തീപ്പെട്ടിയും. പ്രവര്‍ത്തനസജ്ജമായ ടോര്‍ച്ചും ബാറ്ററിയും.
  10. രക്ഷാപ്രവര്‍ത്തകരെ ആകര്‍ഷിക്കുന്നതിനായി വിസില്‍.
  11. ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ കത്തിയോ ബ്ലെയ്ഡോ
  12. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, പവര്‍ ബാങ്ക്
  13. കോവിഡ്‌ 19 പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി സാനിറ്റൈസറും സോപ്പും മാസ്‌കും എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ടതാണ്‌.
    എമര്‍ജന്‍സി കിറ്റ്‌ തയ്യാറാക്കി അത്‌ വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്തുവയ്ക്കുക. വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുക. ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്തുനില്‍ക്കാതെ എമര്‍ജന്‍സിക്കിറ്റുമായി സുരക്ഷിതമായ ഇടത്തേക്ക്‌ മാറാനുതകുന്ന തരത്തില്‍ വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
    (കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി)