കൃഷിസങ്കല്പങ്ങളെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍കൃഷിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആഹ്വാനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയിൽ ഉൽപ്പാദന വർധന ഉണ്ടാകണമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കൃഷിക്കൂട്ടങ്ങളുടെ സംസ്ഥാനതലഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, റോബോട്ടിക്സ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കാർഷികരംഗത്ത് വ്യാപകമാകണം. പുത്തൻ തലമുറ അതിനാവശ്യമായ രീതിയിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിലുണ്ടാകുന്ന ഉല്പന്നവര്ദ്ധന ഗുണകരമാകണമെങ്കില്‍ മൂല്യവർധിത ഉൽപ്പന്നങ്ങൾ കൂടുതലായുണ്ടാകണം. ഇവയുടെ വിപണനവും പ്രധാനമാണ്. ഓൺലൈൻ, ബ്രാൻഡിങ് സാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തി വിപണിയില്‍ ശക്തമായ ഇടപെടൽ ഉണ്ടാകണം. പുതിയ കാലത്തിന്റെ സാധ്യതകൾക്കനുസരിച്ചുള്ള മൂല്യവർധിത ഉൽപ്പന്നങ്ങള്‍ക്കുവേണം പ്രാധാന്യം നല്കുവാന്. ഇതിനനുസരിച്ച് ശുഭകരമായ മാറ്റമാണ് ഇന്ന് കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടക്കുന്നതെന്ന് മുഖമന്ത്രി പറഞ്ഞു. ഒരു കൃഷിഭവൻ പരിധിയിൽനിന്ന് ഒരു മൂല്യവർധിത ഉൽപ്പന്നം പുറത്തിറക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാൽ പത്തിലേറെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കൃഷിഭവനുകളുണ്ട്. കേരളഗ്രോ എന്ന ബ്രാൻഡ് നാമത്തിൽ ഇവ ഓൺലൈൻവഴിയും മറ്റും ജനങ്ങൾക്കിടയിലേക്ക് എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.