നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. സർക്കാരിന്റെ എന്തെങ്കിലും സഹായം എത്തിച്ചേരാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ലെന്നും നഗരസഭ മുൻകൈയെടുത്ത് പാലിന് സബ്സിഡി നൽകുന്നത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഒരു ലിറ്റർ പാലിന് മൂന്ന് രൂപ വച്ചാണ് സബ്സിഡി നൽകുന്നത്. ഒൻപത് വാർഡുകളിലായി 180 കർഷകർക്കാണ് സബ്സിഡി ലഭിക്കുക. ഇതിനായി ക്ഷീര സമൃദ്ധി പാലിന് സബ്സിഡി പദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപയാണ് നഗരസഭ നൽകുന്നത്.