Menu Close

‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് തുടക്കം

അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. ഒരു അങ്കണവാടിയില്‍ 20 ഹൈഡെൻസിറ്റി പോളി എത്‌ലിൻ (എച്ച്.ഡി.പി.ഇ) ചട്ടികള്‍ തിരിനന സംവിധാനത്തില്‍ പോട്ടിങ് മിശ്രിതം നിറച്ച് പച്ചക്കറി തൈകള്‍ നട്ട് തയ്യാറാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള 55 അങ്കണവാടികള്‍ക്ക് ഈ വര്‍ഷത്തിലും ബാക്കിയുള്ള അങ്കണവാടികള്‍ക്ക് അടുത്ത വര്‍ഷത്തിലും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. ആവശ്യമായ പരിശീലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 456467 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്.